ജെഫ്രി എപ്സ്റ്റീന്‍ എന്ന കണക്കുമാഷ് അമേരിക്കന്‍ പ്രസിഡന്റുമാരും വ്യവസായ സാമ്രാജ്യത്തലവന്‍മാരും ഹോളിവുഡ് വമ്പന്‍മാരുമൊക്കെ ബഹുമാനിക്കുന്ന വലിയൊരു ധനകാര്യസ്ഥാപനത്തിന്റെ ഉടമയായി മാറിയതിന്റെ ചരിത്രം നമ്മെ ഒരേസമയം അത്ഭുതപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. വളരെ സൂത്രശാലിയായ, ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് സാമ്പത്തികശേഷിയും നിയമത്തിന്റെ പഴുതുകളും സംവിധാനത്തിലെ പരാജയങ്ങളും പ്രയോജനപ്പെടുത്തി എന്തു കുറ്റകൃത്യവും നിര്‍ഭയമായി ചെയ്യാനാവും എന്ന് തെളിയിക്കുന്നതാണ് ജെഫ്രി എപ്സ്റ്റീന്റെ ജീവിതകഥ. 

To advertise here,

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ കുറ്റകൃത്യങ്ങളൊക്കെ ജെഫ്രി ചെയ്തുകൂട്ടിയത് ഒറ്റയ്ക്കായിരുന്നില്ല. നിരപരാധികളായ പെണ്‍കുട്ടികളുടെ കണ്ണീരിലും രക്തത്തിലും പാപികളുടെ പറുദീസ കെട്ടിപ്പടുക്കാന്‍ അയാള്‍ക്ക് എന്തിനുംപോന്ന ഒരു കൂട്ടാളിയുണ്ടായിരുന്നു- ഗിലൈന്‍ മാക്സ്വെല്‍. ഇരുവരുടെയും സ്വഭാവവൈകൃതങ്ങളും കഴിവുകളും പരസ്പരപൂരകങ്ങളായിരുന്നു. അവരുടെ പൈശാചിക സാമ്രാജ്യം ദശകങ്ങള്‍ നിലനിന്നതിനു പിന്നില്‍ ഗിലൈന്റെ ക്രിമിനല്‍ ബുദ്ധിയും കഴിവും കുറ്റവാസനകളും വലിയ പങ്കുവഹിച്ചു.

ജെഫ്രിയുടെ ആദ്യകാലജീവിതത്തില്‍ സവിശേഷമായ ഒന്നും ഉണ്ടായിരുന്നില്ല. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതിരുന്ന അയാള്‍ കുറച്ചുകാലം ന്യൂയോര്‍ക്കിലെ ഒരു വരേണ്യവിദ്യാലയത്തില്‍ അധ്യാപകനായി. അവിടെ വെച്ചാണ് അയാള്‍ ധനകാര്യ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അയാൾ സമ്പത്ത് കുന്നുകൂട്ടിയ വഴികള്‍ അവ്യക്തമാണ്. നിക്ഷേപകരെ കബളിപ്പിക്കുന്ന മണി ചെയിന്‍ പോലുള്ള സങ്കീര്‍ണമായ പരിപാടികള്‍ എപ്സ്റ്റീന്‍ സ്വീകരിച്ചതായി കഥകളുണ്ട്. അധികാരത്തെ വളരെ ഇഷ്ടപ്പെട്ടിരുന്ന എപ്സ്റ്റീന് മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കാനും വാസനയുണ്ടായിരുന്നു.

അയാളുടെ ഇടപാടുകളൊക്കെ നടന്നത് രഹസ്യം പൊതിഞ്ഞ ഒരു ലോകത്തായിരുന്നു. എപ്സ്റ്റീന്റെ അത്യാഡംബര ജീവിതശൈലി അതിസമ്പന്നരെ അയാളിലേക്കാകര്‍ഷിച്ചു, അവര്‍ തങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള ചുമതല ആ കൗശലക്കാരനെ ഏല്‍പ്പിച്ചു. അത് വളരെ വലിയ സാമ്പത്തിക വിഭവങ്ങള്‍ അമ്മാനമാടാന്‍ അയാള്‍ക്ക് അവസരം നല്‍കി. അത്യുന്നതര്‍ വിഹരിക്കുന്ന ക്ലബ്ബുകളിലും പരിപാടികളിലുമൊക്കെ അയാളുടെ സാന്നിധ്യം അനിവാര്യമായി. അധികാരിവര്‍ഗവുമായി ബന്ധമുണ്ടാക്കാന്‍ അസാമാന്യമായ വിരുതുണ്ടായിരുന്നു അയാള്‍ക്ക്.

പക്ഷേ, ഗിലൈന്റെ സഹായമില്ലായിരുന്നെങ്കില്‍ എപ്സ്റ്റീന്റെ സാത്താന്‍ സാമ്രാജ്യം ഒരു പരിധിക്കപ്പുറം വളരില്ലായിരുന്നു. ഇംഗ്ലണ്ടിലെ മാധ്യമപ്രഭുവായിരുന്നു പിതാവ് റോബര്‍ട്ട് മാക്സ്വെല്‍ (ചെക്കോസ്ലാവാക്യയില്‍ ജനിച്ച ജൂതന്‍ ബ്രിട്ടനിലെ യുദ്ധവീരനായി, 1991-ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പിന്നീട് അയാള്‍ പെന്‍ഷന്‍ ഫണ്ടുകളില്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തി). പിതാവിന്റെ മരണശേഷം ന്യൂയോര്‍ക്കിലേക്കു താമസം മാറ്റിയ ഗിലൈന്‍ അതിവേഗം അവിടുത്തെ ഹൈസൊസൈറ്റിയിലെ പ്രമുഖയായി. അധികാരിവര്‍ഗത്തിന്റെയും അതിസമ്പന്നരുടെയും രീതികളും പ്രതീക്ഷകളും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമായിരുന്നു.

കമിതാക്കളായി തുടക്കം, പക്ഷേ

1990'കളുടെ തുടക്കത്തില്‍ പ്രണയത്തിലൂടെയാണ് എപ്സ്റ്റീനും ഗിലൈനും തമ്മിലുള്ള ബന്ധമാരംഭിക്കുന്നത്. പിന്നെ, അത് കുറ്റകൃത്യങ്ങളില്‍ ഒരേ മനസ്സോടെയുള്ള പങ്കാളിത്തമായി വളര്‍ന്നു. ഇരകളും പ്രോസിക്യൂട്ടര്‍മാരും എപ്സ്റ്റീന്റെ 'മാഡ'വും വിശ്വസ്തയും അവരായിരുന്നുവെന്ന് പറയുന്നു. ഉന്നതവൃത്തങ്ങളില്‍ എപ്സ്റ്റീന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക മാത്രമല്ല, മൊത്തം പരിപാടികളുടെ നടത്തിപ്പും അവരാണ് നിര്‍വഹിച്ചത്. എപ്സ്റ്റീന്‍ ആവശ്യമായ പണവും വസ്തുക്കളും നല്‍കുമ്പോള്‍ ഇരകളെ കണ്ടെത്തി റിക്രൂട്ടു ചെയ്യുന്നതും അവരെ പീഡനങ്ങള്‍ക്ക് പരുവപ്പെടുത്തിയെടുക്കുന്നതും ഗിലൈനായിരുന്നു.

സാമ്പത്തിക, വൈകാരിക പ്രശ്നങ്ങള്‍ നേരിടുന്ന, തൊഴിലും മറ്റവസരങ്ങളും തേടുന്ന പെണ്‍കുട്ടികളെ കണ്ടെത്തി നല്ല വാക്കും പ്രലോഭനങ്ങളും ഉപയോഗിച്ച്, അവരുടെ സ്വപ്നങ്ങളെയും അരക്ഷിതാവസ്ഥയെയും ചൂഷണം ചെയ്യാന്‍ അവള്‍ മിടുക്കിയായിരുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള അവസരം ഗിലൈന്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ വയ്ക്കുന്നു. മോഡലിങ്ങും കരിയര്‍ സ്‌കോളര്‍ഷിപ്പുകളും ഒക്കെ അവര്‍ക്ക് വാഗ്ദാനം ചെയ്യും. പെട്ടു കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പീഡനത്തിന് മനഃശാസ്ത്രപരമായി തയ്യാറാക്കുന്ന പ്രക്രിയ ആരംഭിക്കും. പല തരത്തിലുള്ള സമ്മാനങ്ങളും പണവും കൊടുത്തും ഏകാന്തത വര്‍ദ്ധിപ്പിച്ചും ഒക്കെയുള്ള മനഃശാസ്ത്രപ്രക്രിയ. ഇരകളുടെ വിശ്വാസമാര്‍ജിച്ചു കഴിഞ്ഞാല്‍ ഗിലൈന്‍ അവരെ എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങളുടെ ഭ്രമണപഥത്തിലെത്തിക്കും. പിന്നെ അവര്‍ക്കു മോചനമില്ല. വെറും തിരുമ്മലില്‍ തുടങ്ങുന്ന ജോലി പീഡനപരമ്പരയിലേക്കെത്തും. ആദ്യം എപ്സ്റ്റീന്‍. പിന്നെ അയാള്‍ പറയുന്നവര്‍. ചിലപ്പോഴൊക്കെ ഗിലൈനും രതികുറ്റകൃത്യങ്ങളില്‍ പങ്കാളിയാവും.

ഇരകള്‍ക്കപ്പുറം ഈ ക്രിമിനല്‍ ജോടി തങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി അധികാരവും സ്വാധീനവുമുള്ളവരുടെ വിപുലമായ ഒരു വല നെയ്തു. എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകള്‍ അതിന് സഹായകമായി. വന്‍കിട രാഷ്ട്രീയക്കാരും ബിസിനസുകാരും സിനിമാക്കാരുമൊക്കെ സ്വമേധയാ അവരുടെ വലയിലേക്ക് വന്നു കയറി. അതില്‍ നല്ലൊരു ശതമാനത്തിന്- പാപത്തില്‍ പങ്കു ചേര്‍ന്നവര്‍ക്ക്- തിരിച്ചിറങ്ങാന്‍ പറ്റുമായിരുന്നില്ല. 2005-ല്‍ പാം കൗണ്ടി പോലീസ് പിടിച്ചെടുത്ത ബ്ലാക്ക്ബുക്കിനെ പറ്റി മുന്‍ഭാഗത്തില്‍ വായിച്ചത് ഓര്‍മിക്കുമല്ലോ. ഈ സ്വാധീനമുപയോഗിച്ച് നിയമനടപടികള്‍ തനിക്കനുകൂലമാക്കാന്‍ എപ്സ്റ്റീനു കഴിഞ്ഞു. 2008-ലെ പ്ലീ ഡീല്‍ ഉദാഹരണം.

ശിക്ഷിക്കപ്പെട്ടിട്ടും കൂസലില്ലാതെ എപ്സ്റ്റീന്‍

ജെഫ്രിയുടെ സാമ്രാജ്യത്തില്‍ ആദ്യവിടവ് പ്രത്യക്ഷപ്പെട്ടത് 2005-ലാണ്. ഒരു പതിനാലുകാരിയുടെ അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചു. അവര്‍ കണ്ടെത്തിയത് ഭയപ്പെടുത്തുന്ന വിവരങ്ങളായിരുന്നു. തുടര്‍ന്ന് അയാള്‍ 2006-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ണായകമായ ഒരു വിധിക്ക് തയ്യാറെടുക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കിയുള്ള കരാറിന് വഴിയൊരുങ്ങി. എപ്സ്റ്റീനെ വളരെ സഹായിക്കുന്ന വ്യവസ്ഥകളായിരുന്നു അതില്‍. വെറും പതിമൂന്ന് മാസം ആയിരുന്നു തടവ്. മിക്കവാറും എല്ലാ ദിവസവും അയാളെ ഓഫീസില്‍ പോകാന്‍ അനുവദിക്കുന്ന സൗജന്യങ്ങളുണ്ടായിരുന്നു. അന്ന് പ്രോസിക്യൂഷന്‍ നയിച്ച അലക്സ് അക്കോസ്റ്റ ആരോപണവിധേനായി.

ഇരകളുടെ അവകാശം സംബന്ധിച്ച നിയമത്തിനു വിരുദ്ധമായി ഇരകളെ കേസ് വിവരങ്ങളൊന്നും അറിയിച്ചില്ല. അമേരിക്കയിലെ നിയമസംവിധാനത്തിന്റെ പാളിച്ചകളുടെ വലിയ ഉദാഹരണമായി ഈ ഇടപാട് എടുത്തുകാട്ടുന്നു. ട്രംപിന്റെ ലേബര്‍ സെക്രട്ടറിയായ അക്കോസ്റ്റ പിന്നീട് രാജിവെക്കേണ്ടിവന്നതിനു കാരണം ഈ കരാറില്‍ അദ്ദേഹം വഹിച്ച പങ്കിനെ സംബന്ധിച്ച പൊതുജന വികാരമാണ്. എന്തായാലും മറ്റൊരു ദശകം കൂടി ജെഫ്രിക്ക് സുഗമമായി ബാലപീഡനം തുടരാനായി. ശിക്ഷിക്കപ്പെട്ടിട്ടും അത്യുന്നത സുഹൃത്തുക്കളാരും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയില്ല, ഗേറ്റ്സിന്റെ കാര്യത്തില്‍ കണ്ടതുപോലെ. പകരം, അദ്ദേഹത്തിന്റെ സ്വാധീനവലയം കുറേക്കൂടി വ്യാപിക്കുന്നതാണ് ലോകം കണ്ടത്. അദ്ദേഹം തന്റെ മാന്‍ഹട്ടന്‍ കൊട്ടാരത്തില്‍വച്ച് സമൂഹത്തിലെ അത്യുന്നതരെ സല്‍ക്കരിച്ചു, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

Also Read എപ്സ്റ്റീന്‍ ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം

ഒടുവില്‍ പിടിവീണു, എങ്കിലും

എപ്സ്റ്റീനും ഗിലൈനും തങ്ങളുടെ സ്വൈര്യവിഹാരം ഭയലേശമില്ലാതെ തുടര്‍ന്നെങ്കിലും നിശബ്ദരാക്കപ്പെടാന്‍ വിസമ്മതിച്ച ഇരകളുടെ ധീരതയും ശക്തിയാര്‍ജിച്ച ജനരോഷവും ഒടുവില്‍ ഫലം കണ്ടു. നിരവധി പത്രപ്രവര്‍ത്തകര്‍ എപ്സ്റ്റീന് അനുകൂലമായ പ്ലീ ഡീലിന്റെ പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ചിറങ്ങി. അവര്‍ കരാറിലെ പിഴവുകളും നിയമസംവിധാനത്തിലെ പിഴവുകളും ലോകത്തിനു മുന്നിലെത്തിച്ചു. അത് കേസ് പുനരന്വേഷിക്കാന്‍ പ്രോസിക്യൂട്ടര്‍മാരില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കി. അതിജീവിതകളുടെ അവിശ്വസനീയമായ ധീരതയും കൂടിച്ചേര്‍ന്നപ്പോള്‍ ജെഫ്രിക്കു ചുറ്റുമുണ്ടായിരുന്ന സംരക്ഷണച്ചുമരുകള്‍ മെല്ലെ ഇടിയാന്‍ തുടങ്ങി. പണവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും വിമര്‍ശകരെ നിശബ്ദരാക്കാനും എപ്സ്റ്റീന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2019 ജൂലായ് 6-ന് അയാള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. കടുത്ത വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.

ജാമ്യം നിഷേധിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലെ ജയിലില്‍ റിമാന്‍ഡ് ചെയ്തതോടെ അയാളുടെ ക്രിമിനല്‍ ശൃംഖലയുടെ മൊത്തം വിവരങ്ങള്‍ വെളിപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വിചാരണയ്ക്ക് കളമൊരുങ്ങി. പക്ഷേ, അതൊരിക്കലും സംഭവിച്ചില്ല. അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസത്തിനുശേഷം എപ്സ്റ്റീന്‍ സ്വന്തം സെല്ലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൂങ്ങിമരിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ സംശയകരമായിരുന്നു. മുമ്പ് ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്ന ആളാണെങ്കിലും അത്തരക്കാര്‍ക്കുള്ള നിരീക്ഷണത്തില്‍ നിന്നും എപ്സ്റ്റീനെ മാറ്റിയിരുന്നു, ഒപ്പമുണ്ടായിരുന്ന തടവുകാരനെ മാറ്റിയിരുന്നു, അദ്ദേഹത്തിന്റെ സെല്ലിന് പുറത്തുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല, രാത്രിയില്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ മേല്‍ രേഖകള്‍ തിരുത്തിയ കുറ്റം ചുമത്തി, കഴുത്തിലെ പരിക്കുകള്‍ സംശയാസ്പദം എന്നിങ്ങനെ. കഴിഞ്ഞയാഴ്ച അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, എപ്സ്റ്റീന്റെ സെല്ലിന്റെ പുറത്തുനിന്നുള്ള വിഡിയോ പുറത്തുവിട്ടിരുന്നു. പക്ഷേ, അതില്‍ നിര്‍ണായകമായ ഭാഗം എഡിറ്റു ചെയ്തു നീക്കിയിരുന്നതായി വിമര്‍ശകര്‍ പറയുന്നു.

എപ്സ്റ്റീന്റെ മരണം കാരണം ഇരകള്‍ക്ക് നീതി കിട്ടില്ലെന്നും പ്രതികള്‍ക്കാര്‍ക്കും ശിക്ഷ കിട്ടില്ലെന്നും ഇരകള്‍ ഭയന്നു. പക്ഷേ, 2020-ല്‍ ഗിലൈന്‍ പിടിക്കപ്പെട്ടതോടെ നീതി കിട്ടുമെന്ന പ്രതീക്ഷ വീണ്ടുമുണര്‍ന്നു. ലൈംഗികാവശ്യത്തിന് സ്തീകളെ കടത്തുന്നതും ഗൂഢാലോചനയുമാണ് അവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. 2021 നവംബറില്‍ തുടങ്ങിയ വിചാരണ ലോകശ്രദ്ധയാകര്‍ഷിച്ചു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ ഗിലൈന്റെ പങ്കിനെ ഇരകള്‍ തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തിയപ്പോള്‍ താന്‍ ബലിയാടു മാത്രമാണെന്നായിരുന്നു അവരുടെ വാദം. ആഴ്ചകള്‍ നീണ്ട വാദത്തില്‍ ഇരകളുടെ നെഞ്ച് തകര്‍ക്കുന്ന വാദങ്ങള്‍ കേട്ട കോടതിയെ അത് സ്വാധീനിച്ചില്ല. 2022-ല്‍ കോടതി അവരെ 20 വര്‍ഷത്തെ തടവിനു വിധിച്ചു.

മാറിയ സാഹചര്യത്തില്‍ കോടതിക്കു മുന്നില്‍ എല്ലാം വെളിപ്പെടുത്താന്‍ ഗിലൈന്‍ തയ്യാറാവുമോ? എങ്കില്‍ എപ്സ്റ്റീന്റെ ഇടപാടുകാരുടെ പട്ടിക പുറത്തുവരും!