
വാഷിങ്ടൺ: ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായി. ബെയ്‌റൂത്തിൽ ഇസ്രയേൽ സൈനിക നീക്കം നടത്തുന്നത് വെടിനിർത്തൽ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ യുഎസുമായുള്ള ചർച്ചകളിൽനിന്ന് പിൻവാങ്ങുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണിത്.
തിങ്കളാഴ്ച നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ട്രംപ് രൂക്ഷമായ ഭാഷയിൽ സംസാരിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ബുദ്ധിശൂന്യനെന്നും നന്ദികെട്ടവനെന്നും നെതന്യാഹുവിനെ ട്രംപ് കുറ്റപ്പെടുത്തിയതായാണ് റിപ്പോർട്ട്. ബെയ്‌റൂത്തിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്തു. നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൈനിക നടപടി തടഞ്ഞതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
'ഞാൻ ഇന്ന് നെതന്യാഹുവുമായി സംസാരിച്ചു, ലെബനനിലെ ബെയ്റൂത്തിൽ വലിയ ആക്രമണം നടത്തരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അദ്ദേഹം തന്റെ സൈന്യത്തെ പിന്തിരിപ്പിച്ചു. നന്ദി ബീബി! ഞാൻ ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും സംസാരിച്ചു, അവർ ഇസ്രായേലിനും അവരുടെ സൈന്യത്തിനും നേർക്ക് വെടിയുതിർക്കുന്നത് നിർത്താമെന്ന് സമ്മതിച്ചു. അതുപോലെ, ഇസ്രായേലും വെടിയുതിർക്കുന്നത് നിർത്താമെന്ന് സമ്മതിച്ചു. ഇത് എത്രനാൾ തുടരുമെന്ന് നോക്കാം - എന്നന്നേക്കുമായി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ലെബനൻ തലസ്ഥാനത്ത് ബോംബിടാനുള്ള നീക്കം ഇസ്രായേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'നിങ്ങൾ ഭ്രാന്തനാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ജയിലിൽ ആയേനെ. ഞാൻ നിങ്ങളെ രക്ഷിച്ചു. ഇപ്പോൾ എല്ലാവർക്കും നിങ്ങളെ വെറുപ്പാണ്. ഇതിന്റെ പേരിൽ എല്ലാവരും ഇസ്രായേലിനെയും വെറുക്കും' ട്രംപ് പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്തു.
യുഎസിന്റെ അറിവോടെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തുന്നതെങ്കിലും അത് പരിധി വിട്ടതായും സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ട്രംപിനെ ചൊടിപ്പിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
നേരത്തെയും ട്രംപും നെതന്യാഹുവും തമ്മിൽ രൂക്ഷമായ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും ഇറാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവർ അടുത്ത ബന്ധം നിലനിർത്തിയിരുന്നു. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം നെതന്യാഹുമായുള്ള ഏറ്റവും മോശം സംഭാഷണങ്ങളിൽ ഒന്നായിരുന്നു ഇതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ച് യു.എസുമായുള്ള സമാധാനചർച്ചകൾ ഇറാൻ നിർത്തിവെച്ചതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 'സയണിസ്റ്റ് ഭരണകൂടം(ഇസ്രയേൽ) ലെബനനിൽ തുടരുന്ന കുറ്റകൃത്യങ്ങളും, ഇറാൻ-യു.എസ്. വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ലെബനനിലെ വെടിനിർത്തൽ ലംഘിക്കപ്പെട്ടിരിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് ഇറാന്റെ നടപടിയെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ചർച്ച നിർത്തിവെച്ചതായി ഇറാൻ ഔദ്യോഗികമായി പറഞ്ഞിരുന്നില്ല. അതേസമയം വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ഇടപെടലിന് പിന്നാലെ ഇറാൻ-യുഎസ് ചർച്ച പുനരാരംഭിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ചർച്ച തുടരുന്നതായി ട്രംപും അറിയിച്ചു.
Content Highlights: President Trump intervened to halt Israeli military strikes in Beirut., Trump criticized Netanyahu's actions, citing potential global isolation for Israel
Published: 02 Jun 2026, 08:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented