To advertise here,

 

ന്യൂയോർക്ക്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് പോകാതിരുന്നത് തന്റെ ഇടപെടൽ മൂലമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും. കുറഞ്ഞത് ഒരു കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് പാകിസ്താൻ പ്രധാമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട് നന്ദി പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.

ന്യൂയോർക്കിലെ സതേൺ ബൊളിവേഡ് തെരുവിനെ ഡൊണാൾഡ് ജെ. ട്രംപ് ബൊളിവേഡ് എന്ന് പുനർനാമകരണം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ ഭരണകൂടത്തിന്റെ വിജയകരമായ വിദേശ ഇടപെടലുകളെക്കുറിച്ച് അഭിമാനമുണ്ടെന്ന് പറഞ്ഞ ട്രംപ്, ആണവായുധ ശേഷിയുള്ള ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാനം സ്ഥാപിച്ചതായി ആവർത്തിക്കുകയും ചെയ്തു.

'ഒരു വർഷത്തിനുള്ളിൽ, എട്ട് സമാധാന ഉടമ്പടികൾ നടത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിന് മുൻപ് പരിഹരിച്ചു. പാക് പ്രധാനമന്ത്രി തന്നോട് പറഞ്ഞു, ഞാൻ കുറഞ്ഞത് 10 ദശലക്ഷം ആളുകളെ രക്ഷിച്ചുവെന്ന്, അത് അതിശയകരമാണ്.’- ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടു കഴിഞ്ഞു. യുദ്ധത്തിലേക്ക് കടക്കില്ലെന്ന് നരേന്ദ്ര മോദി തന്നോട് പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ‘തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്. എല്ലാക്കാലവും അങ്ങനെയാണ്. വർഷങ്ങളായി അത് ചെയ്തിട്ടുണ്ട്. ഇതിന് മുൻപു പോലും. വ്യത്യസ്തങ്ങളായ യുദ്ധങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്... ഇന്ത്യ, പാകിസ്താൻ... അവർ ആണവായുധങ്ങളുമായി അതിലേക്ക് കടക്കുകയായിരുന്നു.’ ബുധനാഴ്ച യുഎസ്-സൗദി അറേബ്യ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.

യുദ്ധത്തിലേക്ക് പോകുന്നപക്ഷം ഇരുരാജ്യങ്ങൾക്കും മീതേ 350 ശതമാനം വീതം തീരുവ ചുമത്തുമെന്നും യുഎസുമായി വ്യാപാരം അനുവദിക്കില്ലെന്നും ഇന്ത്യയോടും പാകിസ്താനോടും പറഞ്ഞിരുന്നെന്ന് ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ വാദം ഇന്ത്യ തള്ളിയപ്പോൾ പാകിസ്താൻ സ്വാഗതം ചെയ്തു. കൂടാതെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പാകിസ്താൻ ട്രംപിനെ നാമനിർദ്ദേശം ചെയ്തു. എന്നാൽ, പുരസ്‌കാരം ലഭിച്ചത് വെനസ്വേലൻ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയ്ക്കായിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിന് പിന്നാലെ മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ സമ്മാനം ഡൊണാൾഡ് ട്രംപിന് കൈമാറി. ഇത് വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. മറ്റൊരാൾക്ക് ലഭിച്ച നൊബേൽ സ്വീകരിക്കുന്നത് അൽപ്പത്തരമെന്നാണ് അവർ പറയുന്നത്.