വാഷിംഗ്ടൺ: ലോകത്തിലെ പ്രധാന സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് പ്രഖ്യാപനം നടത്തിയത്.

To advertise here,

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ സംബന്ധിച്ച ചർച്ചകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഉപരോധം കാരണം കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കാമെന്ന് ട്രംപ് അറിയിച്ചു.

ഉപരോധം പിൻവലിക്കുന്നതിനായി ഇറാന് ട്രംപ് കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാൻ ഒരിക്കലും ആണവായുധമോ ബോംബോ കൈവശം വയ്ക്കില്ലെന്ന് ഉറപ്പുനൽകണം എന്നതാണ് പ്രധാന നിബന്ധന. ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതിയും ഇല്ലാതെ അന്താരാഷ്ട്ര ചരക്കുനീക്കത്തിനായി ഉടനടി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്ന നടപടികൾ ഇറാൻ പൂർത്തിയാക്കണമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനിലെ ആണവ അവശിഷ്ടങ്ങൾ അമേരിക്കയുടെയും ചൈനയുടെയും സാങ്കേതിക സഹായത്തോടെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ പുറത്തെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. ഇതിനായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സിറ്റുവേഷൻ റൂമിൽ ഉപദേശകരുമായി കൂടിക്കാഴ്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. 

കരാറിന്റെ അന്തിമ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ കരാർ പ്രകാരം 60 ദിവസത്തെ വെടിനിർത്തലാണ് ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നത്.