വാഷിങ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ കടുത്ത നടപടികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ട ഉടൻതന്നെ, ലോകത്തിലെ പ്രധാന ക്രൂഡ് ഓയിൽ കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളും തടയാൻ ട്രംപ് യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പാത ഉപരോധിക്കാനുള്ള തീരുമാനം ആഗോള വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചേക്കും.
ട്രംപിന്റെ ഈ കടുത്ത തീരുമാനം ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചേക്കുമെന്നാണ് ആശങ്ക. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഗൾഫ് രാജ്യങ്ങളെയാണ്. ഹോർമുസിലെ ഉപരോധംമൂലം എണ്ണ വരവ് നിലച്ചാൽ അത് ഇന്ത്യയിൽ വിലക്കയറ്റത്തിനും സാന്പത്തിക പ്രതിസന്ധികൾക്കും വഴിതെളിച്ചേക്കാം. ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും മറ്റുരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതാണ്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ് വരുന്നത്.
ഹോർമുസിൽ ഉപരോധം നിലവിൽവന്നാൽ അത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കുകയും അതുവഴി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരാനും കാരണമാകും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. രൂപയുടെ മൂല്യത്തെ ഇത് ബാധിച്ചേക്കാം. കൂടാതെ വ്യാപാര കമ്മി വർധിക്കാനും ഇത് കാരണമായേക്കാം.
പ്രതിസന്ധി നേരിടാൻ ഇന്ത്യ തന്ത്രപരമായ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളിൽ നിന്നുകൂടി എണ്ണ വാങ്ങുന്നതിനും ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അവരുടെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഈ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ജലപാതയിലൂടെ പ്രതിദിനം ഏകദേശം 20 ലക്ഷം ബാരൽ എണ്ണയാണ് കടന്നുപോകുന്നത്. ഈ കയറ്റുമതി നിർത്തിവച്ച് ഇറാനെ സാമ്പത്തികമായി തകർക്കുക എന്നതാണ് യുഎസിന്റെ പ്രാഥമിക ലക്ഷ്യം. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഇവിടത്തെ നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാനും ആഗോള സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമായേക്കും. ഫെബ്രുവരി 28 മുതൽ ഇറാൻ ഈ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാൻ കാരണമായിരുന്നു.
പേർഷ്യൻ ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തിലെ മൊത്തം എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഈ പാതയിലൂടെയാണ് അന്താരാഷ്ട്ര വിപണികളിലെത്തുന്നത്. ഇവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള എണ്ണവിലയെ നേരിട്ട് ബാധിക്കും. അതുകൊണ്ടാണ് ഈ മേഖലയിലെ സംഘർഷങ്ങൾ മുഴുവൻ ലോകത്തിനും ആശങ്കയുണ്ടാക്കുന്നത്.
Content Highlights: US naval blockade of the Hormuz Strait in 2026 to curb Iranian oil exports., Potential for global crude oil prices to exceed $100 per barrel., Significant threat to India's energy security as 80% of oil is imported., Risk of severe inflation, fuel price hikes, and currency devaluation in India., India's strategic pivot to diversify oil sourcing beyond Oman and Dubai grades.
Published: 13 Apr 2026, 03:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented