വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുകയാണെങ്കിൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് കരസേനയെ ഇറക്കേണ്ടി വരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഈ ദ്വീപ് ഇറാനെ സംബന്ധിച്ചിടത്തോളം തന്ത്രുപ്രധാനമാണ് എന്നാണ് യുഎസ് വിലയിരുത്തുന്നത്. 

To advertise here,

ഇറാന്റെ മൊത്തം അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 മുതൽ 95 ശതമാനം വരെ കൈകാര്യം ചെയ്യുന്നത് ഈ ചെറിയ ദ്വീപാണ്. ഒരേസമയം പത്ത് സൂപ്പർ ടാങ്കറുകളിൽ എണ്ണ നിറയ്ക്കാനുള്ള ശേഷിയുള്ള ഈ കേന്ദ്രത്തിന് പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ എണ്ണ കയറ്റി അയക്കാൻ സാധിക്കും. ഇറാൻ തീരത്തുനിന്ന് ഏകദേശം 25-30 കിലോമീറ്റർ അകലെ ബുഷെർ തുറമുഖത്തിന് സമീപമാണ് ഈ തന്ത്രപ്രധാനമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ഊർജ്ജ മേഖലയുടെ നിലനിൽപ്പ് തന്നെ ഈ ദ്വീപിനെ ആശ്രയിച്ചാണെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ശക്തമായ ആക്രമണം നടത്തിയിരുന്നുവെങ്കിലും എണ്ണ ശുദ്ധീകരണ ശാലകളെ തത്കാലം ഒഴിവാക്കിയിരുന്നു. എന്നാൽ, ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം തടസ്സപ്പെട്ടാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാനിയൻ ഭരണകൂടത്തിന് ഏൽക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രഹരമായിരിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ കരുതുന്നു. എന്നാൽ ഇത്തരമൊരു നീക്കം വലിയ അപകടസാധ്യതകൾ നിറഞ്ഞതാണ്. കാരണം ഇത് സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശൃംഖലകൾക്കും പൈപ്പ് ലൈനുകൾക്കും നേരെ ഇറാന്റെ പ്രത്യാക്രമണത്തിന് കാരണമായേക്കാം. ഹൊർമുസ് കടലിടുക്ക് തുറക്കുന്നതിനായുള്ള ശ്രമങ്ങൾ ഇനിയും വൈകുകയാണെങ്കിൽ അമേരിക്ക ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയേക്കും.

ഖാർഗ് ദ്വീപിന്റെ നിയന്ത്രണം കൈക്കലാക്കുന്നവർ യുദ്ധത്തിന്റെ ഗതി നിശ്ചയിക്കുമെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അഭിപ്രായപ്പെട്ടു. ദ്വീപ് നഷ്ടപ്പെട്ടാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ട യൂറേനിയം ശേഖരം സുരക്ഷിതമായി പിടിച്ചെടുക്കുന്നതിനായി പ്രത്യേക സൈനിക വിഭാഗത്തെ അയക്കുന്ന കാര്യവും അമേരിക്കൻ സൈന്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.