
ബെയ്ജിങ്: പാകിസ്താൻ പൗരൻ ഉൾപ്പെടുന്ന മൂന്നംഗ സംഘവുമായി ചൈനയുടെ ഷെൻഷൗ-24 (Shenzhou-24) പേടകം നവംബർ 25-ന് ബഹിരാകാശത്തേക്ക് കുതിക്കും. ചൈനയുടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയെന്ന നേട്ടമാണ് പാകിസ്താൻ സ്വദേശി സീഷാൻ അലി (Zeeshan Ali) സ്വന്തമാക്കുക. പ്രാദേശികസമയം രാവിലെ 8.18-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
കമാൻഡർ ടാങ് ഹോങ്ബോ, ഫ്ലൈറ്റ് എൻജിനീയർ വു യി, പാകിസ്താൻ പേലോഡ് സ്പെഷ്യലിസ്റ്റ് സീഷാൻ അലി എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് അലി ദൗത്യത്തിൽ പങ്കാളിയാകുന്നത്.
2021 മുതൽ ഷെൻഷൗ ദൗത്യങ്ങൾ വഴി മൂന്ന് വീതം ചൈനീസ് ബഹിരാകാശ സഞ്ചാരികളെയാണ് ചൈന ടിയാൻഗോങ് (Tiangong) ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സാധാരണ ആറുമാസമാണ് ഇവരുടെ ദൗത്യകാലാവധി. എന്നാൽ, സീഷാൻ അലിയുടെ സന്ദർശനം പരിമിതകാലത്തേക്കാണ്. ഷെൻഷൗ-23 സംഘത്തിലെ മടങ്ങുന്ന രണ്ട് സഞ്ചാരികൾക്കൊപ്പമായിരിക്കും അദ്ദേഹം ഭൂമിയിലേക്ക് തിരിച്ചെത്തുക.
അതേസമയം, ഷെൻഷൗ-23 സംഘത്തിലെ സു യാങ്ഷു (Zhu Yangzhu) ബഹിരാകാശത്ത് ഒരു വർഷം നീളുന്ന ദൗത്യം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് ലോങ് മാർച്ച്-2എഫ് (Long March-2F) റോക്കറ്റിലാണ് ഷെൻഷൗ-24 വിക്ഷേപിക്കുക. ചൈനയുടെ മനുഷ്യരെ ഉൾപ്പെടുത്തിയിട്ടുള്ള ബഹിരാകാശ പദ്ധതിയിലെ 41-ാമത്തെ ദൗത്യമാണിത്. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ശാസ്ത്രീയ പരീക്ഷണങ്ങളും നിലയവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളും സംഘം നടത്തും.
Content Highlights: China will launch the Shenzhou-24 spacecraft on November 25 aboard a Long March-2F rocket, carrying Pakistani payload specialist Zeeshan Ali alongside commander Tang Hongbo and flight engineer Wu Yi. Zeeshan Ali will become the first foreign astronaut to visit China's Tiangong space station as part of bilateral cooperation under the Belt and Road Initiative.
Published: 24 Nov 2026, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented