ന്യൂഡൽഹി: എൻവിഡിയയുടെസി.ഇ.ഒ സ്ഥാനത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വിചിത്രമായ എ.ഐ ചിത്രം പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ തനിക്ക് നേരെയുണ്ടായ വധശ്രമത്തിന് ശേഷമുള്ള പ്രശസ്തമായ ഫോട്ടോ എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ട്രംപ് പങ്കുവെച്ചത്.

To advertise here,

യഥാർത്ഥ ചിത്രത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിൽ മുഖത്ത് രക്തമൊഴുകുന്ന നിലയിൽ മുഷ്ടി ചുരുട്ടി ഉയർത്തുന്ന ട്രംപാണുള്ളത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ട്രംപ് പങ്കുവെച്ച എഡിറ്റ് ചെയ്ത ചിത്രത്തിൽ, അദ്ദേഹത്തിന്റെ മുഖത്തിന് പകരം ജെൻസൻ ഹുവാങ്ങിന്റെ മുഖമാണ് നൽകിയിരിക്കുന്നത്. പശ്ചാത്തലത്തിലുള്ള അമേരിക്കൻ പതാകയ്ക്ക് പകരം എൻവിഡിയയുടെ ലോഗോയുള്ള ബാനറാണുള്ളത്. മുഷ്ടി ചുരുട്ടി ഉയർത്തുന്നതിനൊപ്പം ഹുവാങ്ങിന്റെ കൈയിൽ ഒരു ചുവന്ന ബ്രായും ചിത്രത്തിലുണ്ട്.

എൻവിഡിയയുടെ പ്രസിഡന്റ്, സി.ഇ.ഒ, ഡയറക്ടർ എന്നീ പദവികളിലേക്ക് ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുക്കാൻ കമ്പനി ബോർഡ് ഏകകണ്ഠമായി തീരുമാനിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ് എത്തിയത്. നവംബർ 12-ന് ഹുവാങ് സ്ഥാനമൊഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ഈ തീരുമാനം. ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയില്ലെന്ന് ബോർഡ് ചെയർമാൻ അറിയിച്ച് ആറ് ദിവസത്തിന് ശേഷമാണ് നാടകീയമായ ഈ മാറ്റമുണ്ടായത്.

ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ് ഉൾപ്പെടെയുള്ളവരുമായും കമ്പനിയിലെ മറ്റ് രണ്ട് കീഴുദ്യോഗസ്ഥരുമായും ഹുവാങ്ങിന് വിവാഹേതര ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. ലോകത്തെ മുൻനിര സെമികണ്ടക്ടർ നിർമ്മാണ കമ്പനിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരായ ഈ ആരോപണങ്ങൾ ദേശീയ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നു.

ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എൻവിഡിയ ബോർഡിന്റെ തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഹുവാങ്ങ് 'രാജ്യത്തിന്റെ സ്വത്താണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ശരിയായ തീരുമാനമാണ് ബോർഡ് എടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എൻവിഡിയയുടെ മാത്രമല്ല, അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെയും വിജയത്തിനും അഭിവൃദ്ധിക്കും എൻവിഡിയയിൽ ജെൻസന്റെ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു പോസ്റ്റിൽ എൻവിഡിയയെ അഭിനന്ദിച്ച ട്രംപ് ഹുവാങ്ങിനെ തിരിച്ചെടുക്കാൻ താൻ എൻവിഡിയ ബോർഡ് അംഗങ്ങളിൽ വ്യക്തിപരമായി സമ്മർദ്ദം ചെലുത്തിയിരുന്നതായി സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പിന്നീട് അവകാശപ്പെട്ടിട്ടുണ്ട്.