ഗായികയ്ക്കൊപ്പം സംഗീത വീഡിയോയുടെ നിര്‍മാതാക്കളായ നാല് പേര്‍ക്കും ഇതേ ശിക്ഷ ലഭിച്ചു

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ സംഗീത വീഡിയോ പുറത്തിറക്കിയതിന് ഇറാനിൽ ഗായികയ്ക്ക് ചാട്ടവാറടി ശിക്ഷ. ഇറാനിയൻ ഗായികയായ പരസ്തൂ അഹമ്മദിക്കാണ് 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയത് എന്നാണ് റിപ്പോർട്ട്. ഗായികയ്ക്കൊപ്പം അവരുടെ സംഗീത വീഡിയോയുടെ നിർമാതാക്കളായ നാല് പേർക്കും ഇതേ ശിക്ഷ ലഭിച്ചു. അശ്ലീലവും സദാചാരവിരുദ്ധവുമെന്നാണ് അധികൃതർ വിശേഷിപ്പിച്ച വീഡിയോ നിർമിക്കുകയും യൂട്യൂബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് നടപടി. ഇറാനിയൻ വാർത്താ വെബ്സൈറ്റായ എമ്തെദാദാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
2024 ഡിസംബറിൽ പരസ്തൂ അഹമ്മദി യൂട്യൂബിലൂടെ പങ്കുവെച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെ അഹമ്മദിക്കും സംഘത്തിലെ നാല് പേർക്കും കലാ-സംഗീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പ്രതികളുടെയും അഭിഭാഷകനായി മുസ്തഫ നിലി തന്നെയാണോ ഹാജരായതെന്ന് വ്യക്തമാക്കിയിട്ടില്ല. ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
നിർബന്ധിത ഹിജാബ് നിയമം ലംഘിച്ച് തലമറയ്ക്കാതെയായിരുന്നു വീഡിയോയിലെ അഹമ്മദിയുടെ സംഗീതാവതരണം. പുരുഷന്മാർക്കൊപ്പമായിരുന്നു വീഡിയോയിൽ ഇവർ പ്രത്യക്ഷപ്പെട്ടത്. ഇറാനിലെ ഖും നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെയർ-ഇ ഗച്ചിൻ കരവൻസെറായിയിലായിരുന്നു ചിത്രീകരണം. യാത്രക്കാർക്ക് വിശ്രമിക്കാനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പരമ്പരാഗത വിശ്രമകേന്ദ്രമാണിത്.
വലിയ പേർഷ്യൻ പരവതാനി വിരിച്ച, മങ്ങിയ വെളിച്ചമുള്ള വേദിയിലായിരുന്നു പരിപാടി. നീളമുള്ള കറുത്ത വസ്ത്രം ധരിച്ചെത്തിയ അഹമ്മദി പക്ഷേ തലമറച്ചിരുന്നില്ല. ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു ഈ അവതരണം. പരിപാടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്ത് വനിതാ കലാകാരികൾ നേരിടുന്ന നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ഉയരുകയും ചെയ്തിരുന്നു.
ഇറാനിലെ നിയമങ്ങളും മതപരമായ ചട്ടങ്ങളും ലംഘിക്കുന്നതാണ് വീഡിയോ എന്ന് ചൂണ്ടിക്കാട്ടി നീതിന്യായ വിഭാഗം നടപടിയെടുത്തിരുന്നു. നിയമപരവും മതപരവുമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇതൊരു നിയമവിരുദ്ധ സംഗീത പരിപാടിയാണെന്ന് ഇറാൻ നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മിസാൻ വാർത്താ ഏജൻസിയും വിശേഷിപ്പിച്ചിരുന്നു. പൊതുസദാചാരത്തെ അവഹേളിക്കുക, അശ്ലീലവും അധാർമികവുമെന്ന് അധികൃതർ വിശേഷിപ്പിച്ച ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദിക്കും സംഘത്തിനുമെതിരെ ചുമത്തിയത്. ജൂണിലായിരുന്നു കോടതി 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചതായി നേരത്തെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അഹമ്മദിയുൾപ്പെടെ ഒൻപത് പേർക്കാണ് കേസിൽ നേരത്തേ ശിക്ഷ വിധിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഗീതജ്ഞരും പരിപാടിയുടെ നിർമാണസംഘത്തിലെ അംഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് പേരെ കൂടാതെ ബാക്കിയുള്ള നാല് പേർക്കും ചാട്ടവാറടി ശിക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തന്നെ ഇതിനെതിരെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ ഇറാൻ അധികൃതരോട് ശിക്ഷ നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ചാട്ടവാറടി ക്രൂരവും മനുഷ്യത്വരഹിതവും അന്തസ്സിന് നിരക്കാത്തതുമായ ശിക്ഷയാണെന്നായിരുന്നു സംഘടനയുടെ നിലപാട്.
ശിക്ഷയ്ക്ക് കാരണമായ വീഡിയോ:
ഇറാനിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടി മറയ്ക്കണമെന്ന നിർബന്ധിത നിയമം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. 2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നാണ് ഈ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായത്. വസ്ത്രധാരണച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദിഷ് വംശജയായ ഇറാനിയൻ യുവതിയായിരുന്നു മഹ്സ അമിനി. കസ്റ്റഡിയിലിരിക്കെ ഇവർ മരിച്ചതോടെയാണ് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചത്. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്നും ഹിജാബ് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
ഇതിനുശേഷം ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടുതൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമറയ്ക്കാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിജാബ് നിയമം നടപ്പാക്കുന്നതിലും അധികൃതരുടെ ഇടപെടൽ ചിലയിടങ്ങളിൽ കുറഞ്ഞിട്ടുണ്ട്. അതേസമയം, പൊതുവേദികളിൽ പാടുന്നതിനും സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനും ഇറാനിൽ സ്ത്രീകൾക്ക് നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ ഒറ്റയ്ക്ക് പാടുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. അഹമ്മദിയുടെ സംഗീത പരിപാടി നിർബന്ധിത ഹിജാബ് നിയമത്തെയും വനിതാ കലാകാരികൾ നേരിടുന്ന ഇത്തരം നിയന്ത്രണങ്ങളെയും ഒരേസമയം ചോദ്യം ചെയ്യുന്നതായിരുന്നു.
ചാട്ടവാറടി ശിക്ഷയെ പീഡനമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ തങ്ങൾക്കെതിരായ ആരോപണങ്ങൾ തള്ളിക്കളയുകയാണ് പതിവ്. സ്വന്തം രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഇറാന്റെ മറുപടി.
Content Highlights: Iranian singer Parastoo Ahmadi and four production crew members received 74 lashes along with a two-year artistic and travel ban after releasing a YouTube concert video without a hijab, defying Iran's mandatory dress code.
Published: 24 Nov 2026, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented