വാഷിങ്ടൺ: വാഷിങ്ടണിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന്റെ മുന്നിൽനിന്ന് നൃത്തംചെയ്ത ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. സാമൂഹികമാധ്യമങ്ങളിൽ മധു രാജു എന്നറിയപ്പെടുന്ന യുവാവിനെതിരെയാണ് യുഎസ് അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുദ്ധസ്മാരകത്തിന് മുന്നിൽ നൃത്തംചെയ്യുന്ന വീഡിയോ പങ്കുവെച്ചതോടെ യുവാവിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് അധികൃതർ അന്വേഷണം ആരംഭിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

To advertise here,

നാഷണൽ മാളിലെ യുദ്ധസ്മാരകത്തിന് മുന്നിൽവെച്ച് നൃത്തംചെയ്യുന്ന വീഡിയോ ടിക്‌ടോക്കിലാണ് മധു രാജു ആദ്യം പോസ്റ്റ്‌ചെയ്തിരുന്നത്. ഇയാൾക്കൊപ്പം ഒരു യുവതിയും നൃത്തംചെയ്യുന്നുണ്ട്. എന്നാൽ, ഈ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിൽ സൈന്യത്തിൽ സേവനമനുഷ്ടിച്ച 16 ദശലക്ഷം അമേരിക്കക്കാരുടെയും യുദ്ധത്തിൽ മരിച്ച നാലുലക്ഷം പേരുടെയും ഓർമയ്ക്കായി സ്ഥാപിച്ചതാണ് വാഷിങ്ടണിലെ സ്മാരകം. അമേരിക്കക്കാരും രാജ്യത്തെ വിമുക്തഭടന്മാരും ഉൾപ്പെടെ ഏറെ ഗൗരവത്തോടെയും ബഹുമാനത്തോടെയും കാണുന്നയിടമാണിത്. ഇവിടെനിന്ന് നൃത്തംചെയ്ത വീഡിയോ പുറത്തുവന്നതാണ് സാമൂഹികമാധ്യമങ്ങളിലെ അമേരിക്കക്കാരുടെ വിമർശനത്തിനിടയാക്കിയത്. ബഹുമാനപൂർവം കാണേണ്ട സ്ഥലത്തുനിന്ന് ഇത്തരം ടിക്‌ടോക് വീഡിയോകൾ പകർത്തുന്നത് അനാദരവാണെന്നും കുറ്റപ്പെടുത്തലുണ്ട്.

വീഡിയോയിലുള്ള മധു രാജു 2025 മുതൽ യുഎസിൽ ക്ലൗഡ് നെറ്റ്‌വർക്ക് സെക്യൂരിറ്റി എൻജിനീയറായി ജോലിചെയ്യുകയാണെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ചിലർ പറയുന്നത്. ഇയാൾ യുഎസിൽ ഡാൻസ് സ്റ്റുഡിയോ നടത്തുന്നതായും പറയപ്പെടുന്നു. മധു രാജു തെലങ്കാന സ്വദേശിയാണെന്നും വീഡിയോയിൽ ഇയാൾക്കൊപ്പം നൃത്തംചെയ്യുന്നത് ഇയാളുടെ ഭാര്യയാണെന്നും ചിലർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. അതേസമയം, വ്യാപക വിമർശനമുയർന്നതോടെ മധു രാജു വീഡിയോകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും നീക്കംചെയ്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ യുഎസ് ഇമിഗ്രേഷൻ അധികൃതർ മധു രാജുവിന്റെ വിസയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. ഇയാൾ നോൺ ഇമിഗ്രന്റ് വിസയിലാണ് യുഎസിലെത്തിയെന്നാണ് പറയുന്നത്. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ വിസ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരാം. അതേസമയം, നൃത്തംചെയ്യുന്നത് കുറ്റകൃത്യമല്ലെങ്കിലും അനുമതിയില്ലാതെ ഫെഡറൽ സ്മാരകങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.