വാഷിങ്ടൺ: യുദ്ധക്കലി അടങ്ങുന്നില്ലെന്നമട്ടിൽ സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച് പോര് പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ തന്റെ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റുചെയ്തത്.

To advertise here,

അവിടംകൊണ്ടു തീരുന്നില്ല, ഇറാന്റെ തന്ത്രപ്രധാനദ്വീപായ ഖാർഗിന്റെ തകർച്ച, റിയാലിന്റെ മൂല്യത്തകർച്ച തുടങ്ങി ഇറാനുമായുള്ള ബന്ധമുള്ള ഏഴോളം സാമൂഹികമാധ്യമ പോസ്റ്റുകളാണ് ഒരു മണിക്കൂറിനിടെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. യു.എസിന്റെ സൈനിക-സാമ്പത്തിക സമ്മർദത്തിൽ ഇറാൻ ഞെരിഞ്ഞമരുന്നു എന്ന സന്ദേശം നൽകുന്ന പോസ്റ്റുകളാണ് ഒന്നിനുപുറകെ മറ്റൊന്നായി പുറത്തുവിട്ടത്. എ.ഐ. നിർമിത ചിത്രങ്ങൾമുതൽ കണക്കുകളും അവകാശവാദങ്ങളുംവരെ കൂട്ടത്തിലുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സമാധാനകാലത്തെ നിലയിലേക്കെത്തി എന്നുകാണിക്കുന്ന ഗ്രാഫിക്സാണ് പോസ്റ്റുകളിലൊന്ന്. കടലിടുക്കിലൂടെ ഇപ്പോൾ 1.8 കോടി വീപ്പ എണ്ണ കടന്നുപോകുന്നുണ്ടെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു. യുദ്ധത്തിനുമുൻപിത് രണ്ടു കോടി വീപ്പയായിരുന്നു. കൂടാതെ ഇറാന്റെ എണ്ണക്കയറ്റുമതി തകരുന്നു, ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞു, ഇറാനിൽ പണപ്പെരുപ്പം തുടങ്ങിയവ കാണിക്കുന്ന ഗ്രാഫിക്‌സുകളും ഖാർഗ് ദ്വീപ് തകരുന്ന എ.ഐ. ചിത്രം എന്നിവയും പങ്കുവെച്ചു.

ഇറാനുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കുപുറമേ വിചിത്രമായ മറ്റുപല എ.ഐ. നിർമിത പോസ്റ്റുകളും കഴിഞ്ഞദിവസം ട്രംപിന്റെ ട്രൂത്ത് സോഷ്യലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ചന്ദ്രൻ നമ്മുടേതാണ്’ എന്ന അടിക്കുറിപ്പോടെയുള്ള ചന്ദ്രന്റെ ചിത്രം, ‘അവർക്ക് ദുഃസ്വപ്നങ്ങൾ നൽകൂ’ എന്ന അടിക്കുറിപ്പോടുകൂടി കൂറ്റൻ റോബോട്ട് സൈന്യത്തിനുനടുവിൽ സിംഹാസനത്തിലിരിക്കുന്ന ട്രംപിന്റെ ചിത്രം എന്നിങ്ങനെ പോകുന്നു അവ.