വാഷിങ്ടൺ: റഷ്യയ്ക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകി. റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾ, പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' ടാങ്കറുകൾ എന്നിവയെയാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്. കൂടാതെ റഷ്യൻ സൈന്യത്തെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്.

To advertise here,

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ മാസങ്ങൾക്കൊടുവിലാണ് 262-159 വോട്ടിന് ഈ ബിൽ പാസാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി അയച്ചത്. ഈ ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ എണ്ണയും ഗ്യാസും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങൾക്കുമേൽ 100 ശതമാനംവരെ തീരുവ ചുമത്താൻ ഈ ബില്ലിലൂടെ ട്രംപിന് അധികാരം ലഭിക്കും.

എന്നാൽ, ഈ തീരുവ വ്യവസ്ഥകൾ ഡെമോക്രാറ്റുകൾക്കിടയിൽ വലിയ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്. ജനപ്രതിനിധി സഭയിലെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗമായ ഗ്രിഗറി മീക്സ് ഈ ബില്ലിനെ എതിർത്തു. യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും സമാധാന നീക്കങ്ങളൊന്നും കാണാത്ത സാഹചര്യത്തിൽ റഷ്യയ്ക്കുമേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം അത്യാവശ്യമാണെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം.

റഷ്യയ്ക്ക് പ്രതിമാസം 30,000 സൈനികരെ നഷ്ടപ്പെടുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ പുതിൻ തയ്യാറാകുന്നില്ലെന്നും അതിനാൽ ഉപരോധ പാക്കേജ് പാസാക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അമേരിക്കൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച തെക്കൻ യുക്രെയ്നിൽ സാധാരണക്കാർക്കുനേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, വോട്ടെടുപ്പ് അനുകൂലമായതിനെ യുക്രെയ്ൻ അനുകൂല പ്രവർത്തകർ സ്വാഗതം ചെയ്തു. വൈകുന്ന ഓരോ ദിവസവും തങ്ങൾക്ക് കൂടുതൽ ആളുകളെ അടക്കം ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് യുക്രെയ്നിയൻ സംഘടനയായ 'റാസോം വീ സ്റ്റാൻഡിന്റെ' എക്സിക്യൂട്ടീവ് ഡയറക്ടർ സ്വെറ്റ്‌ലാന റൊമാങ്കോ പ്രതികരിച്ചത്.