ലണ്ടൻ: ഡയാന രാജകുമാരിയുടെ മരണത്തിൽ ചാൾസ് രാജാവ് (അന്ന് വെയിൽസ് രാജകുമാരൻ) അമിതാഹ്ലാദത്തിലായിരുന്നെന്ന ഗുരുതര ആരോപണവുമായി ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ. ഡയാനയെക്കുറിച്ചുള്ള ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ എന്ന ഒാർമ്മപ്പുസ്തകത്തിലാണ് ചാൾസ് മൂന്നാമൻ രാജാവുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. ഒാർമ്മക്കുറിപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും.

To advertise here,

1997-ൽ പാരീസിലുണ്ടായ വാഹനാപകടത്തിൽ ഡയാന മരിച്ച രാത്രി, ചാൾസ് തന്നോട് ഫോണിൽ സംസാരിച്ചപ്പോൾ “ലോട്ടറി അടിച്ചയാളെപ്പോലെ അത്യധികം ആഹ്ലാദത്തിലായിരുന്നു” എന്ന് സ്പെൻസർ പുസ്തകത്തിൽ പറയുന്നു. പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ഡെയ്‍ലി മെയിൽ പ്രസിദ്ധീകരിച്ചു.

ഡയാന മരിച്ചതോടെ, താൻ സ്നേഹിച്ചിരുന്ന കാമില പാർക്കർ ബൗൾസിനെ വിവാഹം ചെയ്യാമല്ലോയെന്ന ചിന്തയായിരുന്നിരിക്കാം ചാൾസിന്റെ ആ പ്രതികരണത്തിനു പിന്നിലെന്ന് സ്പെൻസർ വിലയിരുത്തുന്നു.

ഡയാനയുടെ സംസ്കാരച്ചടങ്ങിൽ മക്കളായ വില്യമും ഹാരിയും ശവമഞ്ചത്തിനുപിന്നിൽ നടക്കുന്നതിനെ സ്പെൻസർ എതിർത്തതിനെത്തുടർന്നുണ്ടായ ഫോൺ സംഭാഷണത്തെക്കുറിച്ചും പറയുന്നു.

അന്ന് 15-ഉം 12-ഉം വയസ്സുള്ള മക്കൾക്ക് അത് വലിയ മാനസിക ആഘാതമാകുമെന്ന് സ്പെൻസർ വാദിച്ചപ്പോൾ ചാൾസ് കോപാകുലനായെന്നും “നമ്മൾ അവളെ വൈകാതെ മറന്നുകൊള്ളും” എന്നു പറഞ്ഞതായും അദ്ദേഹം അവകാശപ്പെടുന്നു.

രാജകുടുംബാംഗങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ച് സാധാരണയായി പ്രതികരിക്കാറില്ലെന്ന് ബക്കിങാം കൊട്ടാരം പ്രതികരിച്ചു. സഹോദരങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഃഖവും വേദനയും വർഷങ്ങൾക്കുശേഷവും ഒരാളുടെ ഒാർമ്മയെയും യുക്തിയെയും വിധിനിർണയത്തെയും സ്വാധീനിക്കാമെന്നും പറഞ്ഞു.

1981-ലാണ് ചാൾസും ഡയാനയും വിവാഹിതരായത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ വർഷങ്ങളോളം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 1996-ൽ വിവാഹമോചനം നേടി. 1997 ഓഗസ്റ്റ് 31-ന് പാരീസിൽ ഡയാന സഞ്ചരിച്ചിരുന്ന കാർ പാപ്പരാസി ഫോട്ടോഗ്രാഫർമാരിൽനിന്ന് രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.