ടെൽ അവീവ്: ഇസ്രയേലിൽ ചൊവ്വാഴ്ച പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അധിനിവേശ വെസ്റ്റ് ബാങ്കിൽ വ്യാപക സൈനികനടപടിയുമായി ഇസ്രയേൽ. വെള്ളിയാഴ്ച ഹെബ്രോണിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യം മേഖലയിൽ പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ചത്.

To advertise here,

നഗരത്തിലേക്കുള്ള മുഴുവൻ പാതകളും ഇസ്രയേൽ സൈന്യം അടച്ചുപൂട്ടി. ദേർ ബഹ, അൽ-ജൽദ എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് നടപടി. ദേർ ബഹയിലെ 500 ഫ്‌ലാറ്റുകളെങ്കിലും ഇസ്രയേൽ സൈന്യം ഒഴിപ്പിച്ചു. 300 കുട്ടികളടക്കം 2200-ലധികം പലസ്തീൻകാരാണ് പ്രദേശത്ത് തെരുവിലിറങ്ങേണ്ടിവന്നത്. പ്രദേശം പൂർണമായി ഉപരോധത്തിലായതോടെ കടകമ്പോളങ്ങളും മസ്ജിദുകളും അടഞ്ഞുകിടക്കുകയാണ്. അടിയന്തര വൈദ്യസഹായവും ഭക്ഷണവുംവരെ അപ്രാപ്യമാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 40-ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി അവകാശപ്പെട്ട ഇസ്രയേൽ സൈന്യം, ഹമാസ്, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 40 പലസ്തീൻകാരെ അറസ്റ്റുചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.

ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന്മേലും ഗാസാ, ഇറാൻ യുദ്ധ തീരുമാനത്തിന്മേലുമുള്ള ജനവിധിയായാണ് കണക്കാക്കപ്പെടുന്നത്.