സാവോ പൗലോ: ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ ബ്രസീൽ പ്രസിഡന്റായി നാലാമതും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥി ഫ്‌ളാവിയോ ബോൾസൊനാരോയ്ക്കെതിരെയാണ് അട്ടിമറിജയം നേടിയത്.

To advertise here,

ആദ്യഘട്ട വോട്ടെടുപ്പിൽ പിന്നിലായിരുന്ന ലുല, രണ്ടാംഘട്ടത്തിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. ബ്രസീൽ തിരഞ്ഞെടുപ്പ് അതോറിറ്റിയായ സുപ്രീം ഇലക്ടറൽ കോടതി പുറത്തുവിട്ട കണക്കുകൾപ്രകാരം ലുലയ്ക്ക് 51.76% വോട്ടും ബോൾസൊനാരോക്ക് 48.24% വോട്ടുമാണ് ലഭിച്ചത്.

എൺപതുകാരനായ ലുലയുടെ വിജയം ലാറ്റിനമേരിക്കയിൽ ശക്തിപ്പെട്ടുവരുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിനും ഈ ഫലം തിരിച്ചടിയാവും. 2027മുതൽ 2030വരെയാണ് ലുലയുടെ പുതിയ ഭരണകാലം. 1988-ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാംഘട്ട വോട്ടെടുപ്പിൽ വിജയിക്കുന്ന ആദ്യ സ്ഥാനാർഥിയാണ് ലുല.

ഒക്ടോബർ നാലിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ബോൾസൊനാരോ ലുലയെ മറികടന്നിരുന്നു. അതേസമയം വോട്ടെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോൾസൊനാരോയുടെ പ്രചാരണ സംഘം ഫലം പ്രഖ്യാപിക്കുന്നതിന് മുൻപേ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

2003 ജനുവരിമുതൽ 2010 ഡിസംബർവരെ തുടർച്ചയായി രണ്ടുതവണ ബ്രസീൽ പ്രസിഡന്റായിരുന്ന ലുല, 2023 ജനുവരിയിലാണ് വീണ്ടും അധികാരത്തിലെത്തിയത്. 2017-ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ, 2021-ൽ ആ ശിക്ഷകൾ റദ്ദാക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുങ്ങി. 2022-ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ലുല ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ഫ്‌ളാവിയോ ബോൾസൊനാരോയെയും തോൽപ്പിച്ചിരിക്കുകയാണ്.