ടെൽ അവീവ്: രാജ്യത്തിന്റെ 78 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പൊതുതിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച ഇസ്രയേൽ സാക്ഷ്യംവഹിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനുംശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി കുറിക്കുന്ന ജനഹിതപരിശോധനകൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

To advertise here,

ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നാലും പുതിയ പ്രധാനമന്ത്രി ആരാകുമെന്നും പുതിയ സർക്കാർ എന്ന് നിലവിൽവരുമെന്നും അറിയാൻ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടിവരും. ഇസ്രയേലിലെ സങ്കീർണമായ പാർലമെന്ററി സംവിധാനവും മുന്നണി സംവിധാനവുമാണ് ഇതിനുകാരണം. അതേസമയം, തിരഞ്ഞെടുപ്പിന് മണിക്കൂറുകൾമാത്രം ശേഷിക്കേ സുരക്ഷാ പ്രതിച്ഛായ വർധിപ്പിക്കാൻ വെസ്റ്റ്ബാങ്കിൽ വൻ സൈനികനടപടികൾക്ക് ഉത്തരവിട്ടിരിക്കുകയാണ് നെതന്യാഹു.

നെതന്യാഹുവും ഐസൻകോട്ടും നേർക്കുനേർ

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള 'ലികുഡ്' പാർട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന 'യഷാർ' പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. മൂന്നുവർഷത്തെ യുദ്ധത്തിൽ തളർന്ന ഇസ്രയേൽ ജനതയ്ക്കിടയിൽ ഐസൻകോട്ടിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പുറത്തുവന്ന വിവിധ അഭിപ്രായ സർവേകൾ വ്യത്യസ്ത ഫലങ്ങളാണ് പ്രവചിക്കുന്നതെങ്കിലും നേരിയ മുൻതൂക്കം ഐസൻകോട്ടിനാണ്.

തിരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച ഇസ്രയേലിൽ പൊതു അവധിയാണ്. സ്കൂളുകളും സർക്കാർ ഓഫീസുകളും മിക്ക പൊതുസേവനങ്ങളും പ്രവർത്തിക്കില്ല. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രാദേശിക സമയം രാവിലെ ഏഴുമണിമുതൽ രാത്രി 10 മണിവരെയാണ് പോളിങ് നടക്കുക.

പതിനെട്ട് വയസ്സ് പൂർത്തിയായ, വോട്ടർപ്പട്ടികയിൽ പേരുള്ള എല്ലാ ഇസ്രയേൽ പൗരന്മാർക്കും പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ ഇസ്രയേൽ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തങ്ങളുടെ വീടിനടുത്തുള്ള പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താം. വിദേശത്തുള്ള ഭൂരിഭാഗം പൗരന്മാർക്കും അവിടെനിന്ന് വോട്ട് ചെയ്യാനുമാകില്ല. ഇസ്രയേൽ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണായകമാകും.
ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. നാലുവർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും രാഷ്ട്രീയ അസ്ഥിരത കാരണം പലപ്പോഴും കാലാവധി പൂർത്തിയാകുംമുമ്പ് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. 2022-ൽ മൂന്നുവർഷത്തിനിടെ അഞ്ചാം തവണയാണ് നെസ്സറ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യയിൽനിന്ന് വ്യത്യസ്തമായി വ്യക്തികൾക്കല്ല, മറിച്ച് രാഷ്ട്രീയ പാർട്ടികൾക്കോ സഖ്യങ്ങൾക്കോ ആണ് ഇസ്രയേലിൽ വോട്ടർമാർ വോട്ട് ചെയ്യുന്നത്. ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ മുൻഗണനാ പട്ടിക നേരത്തേ പ്രസിദ്ധീകരിക്കും. രാജ്യവ്യാപകമായി ലഭിക്കുന്ന വോട്ടിന്റെ ആനുപാതിക അടിസ്ഥാനത്തിലാണ് പാർട്ടികൾക്ക് സീറ്റുകൾ ലഭിക്കുക. എന്നാൽ, പാർലമെന്റിൽ പ്രവേശിക്കാൻ ഒരു പാർട്ടിക്ക് ആകെ സാധുവായ വോട്ടുകളുടെ കുറഞ്ഞത് 3.25 ശതമാനമെങ്കിലും ലഭിക്കണം. ഇത്തവണ പത്തോളം പാർട്ടികൾ ഈ തിരഞ്ഞെടുപ്പ് കടമ്പ കടക്കുമെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം നവംബർ നാലോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇസ്രയേൽ ചരിത്രത്തിൽ ഇന്നുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതിനാൽ 120 അംഗ നെസ്സറ്റിൽ ഭൂരിപക്ഷമായ 61 സീറ്റുകൾ ഉറപ്പാക്കാൻ വിവിധ കക്ഷികൾ ചേർന്ന് മുന്നണിയുണ്ടാക്കണം.
ഔദ്യോഗിക ഫലം പുറത്തുവന്ന് ഏഴുദിവസത്തിനുള്ളിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വിവിധ പാർട്ടി പ്രതിനിധികളുമായി ചർച്ചനടത്തും. തുടർന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ക്ഷണിക്കും. മറ്റു കക്ഷികളുമായി ചർച്ചനടത്തി ഭൂരിപക്ഷം തെളിയിക്കാൻ ഈ നേതാവിന് 28 ദിവസത്തെ സമയം ലഭിക്കും. ആവശ്യമെങ്കിൽ പ്രസിഡന്റിന് 14 ദിവസംകൂടി നീട്ടിനൽകാം.

ആദ്യ ശ്രമം പരാജയപ്പെട്ടാൽ മറ്റൊരു നേതാവിനെ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തും. ആ നേതാവിനും സഖ്യമുണ്ടാക്കാൻ 28 ദിവസം ലഭിക്കും. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടാൽ നെസ്സറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടെ ആവശ്യപ്രകാരം മൂന്നാമതൊരാൾക്ക് 14 ദിവസം നൽകാം. ഇതും വിജയിച്ചില്ലെങ്കിൽ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ചരിത്രപരമായി ഇസ്രയേലിൽ ഒരു സർക്കാർ രൂപവത്കരിക്കാൻ 20മുതൽ 100 ദിവസംവരെ എടുക്കാറുണ്ടെന്നും, തിരഞ്ഞെടുപ്പിനുശേഷം 50 ദിവസത്തിനുള്ളിൽ ഒരു സർക്കാരും അധികാരമേറ്റിട്ടില്ലെന്നും ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.