റമള്ള: ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ പൗരർക്കെതിരേ ആക്രമണം. തോക്കുധാരികളായ രണ്ട് പലസ്തീൻകാർ ഫർഷ് അൽ ഹവ ചെക്പോയിന്റിൽ ഇസ്രയേൽ പൗരർക്കുനേരേ വെടിയുതിർത്തു. വെടിവെപ്പിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് ഇസ്രയേൽ പൗരർക്ക് പരിക്കേറ്റു. അക്രമികളെ സൈന്യം വെടിവെച്ചുകൊന്നു.
ആക്രമണത്തെത്തുടർന്ന് വെസ്റ്റ്ബാങ്ക് പൂർണമായും അടയ്ക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഇസ്രയേൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേയുണ്ടായ ആക്രമണം ‘ഭീകരവാദം’ ആണെന്ന് നെതന്യാഹു ആരോപിച്ചു.
വാഹനത്തിൽ വലിയ അളവിലുള്ള ആയുധങ്ങളുമായെത്തിയ അക്രമികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് ഹെബ്രോൺ നഗരത്തിൽ സുരക്ഷ ശക്തമാക്കി. വെസ്റ്റ്ബാങ്ക് വെള്ളിയാഴ്ചമുതൽ പൂർണമായും അടയ്ക്കുകയാണെന്ന് ഇസ്രയേൽ അറിയിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിൽ വലിയതോതിലുള്ള അറസ്റ്റുകൾ നടക്കുന്നെന്നും റിപ്പോർട്ടുണ്ട്. മേഖലയിൽ ‘ഭീകരവാദവിരുദ്ധപ്രവർത്തനങ്ങൾ’ നടത്തുകയാണെന്നും വീടുകളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
പലസ്തീൻ അതോറിറ്റിയെ പിരിച്ചുവിടണമെന്ന് ബെൻ ഗ്വിർ
ഹെബ്രോണിലുണ്ടായ ആക്രമണത്തെത്തുടർന്ന്, വെസ്റ്റ്ബാങ്കിലെ പലസ്തീൻ സർക്കാരായ പലസ്തീൻ അതോറിറ്റിയെ പിരിച്ചുവിടണമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആവശ്യപ്പെട്ടു.
പലസ്തീൻ അതോറിറ്റി ഭീകരവാദ സംഘടനയാണെന്നാരോപിച്ച ബെൻ ഗ്വിർ അതോറിറ്റിയെ പൂർണമായും ഇല്ലാതാക്കണമെന്നും നിരായുധീകരിക്കണമെന്നും പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ ആക്രമണവുമായി പലസ്തീൻ അതോറിറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിന് തെളിവു പുറത്തുവന്നിട്ടില്ല.
ആക്രമണത്തെ അഭിനന്ദിച്ച് ഹമാസ്
ഹെബ്രോണിലുണ്ടായ ആക്രമണം ‘ധീരമായ പ്രവൃത്തി’യെന്നു വിശേഷിപ്പിച്ച ഹമാസ് അക്രമികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ആക്രമണം വെസ്റ്റ്ബാങ്കിലെ പലസ്തീൻകാർക്കെതിരേയുള്ള ആക്രമണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമുള്ള സ്വാഭാവികവും നിയമാനുസൃതവുമായ പ്രതികരണമാണെന്ന് ഹമാസ് പറഞ്ഞു.
Content Highlights: Two Israeli soldiers killed and three citizens injured in a shooting at Farsh al-Hawa checkpoint in Hebron., Both Palestinian attackers were shot dead by the Israeli military., Israeli Prime Minister Benjamin Netanyahu ordered a complete shutdown of the West Bank following the attack., National Security Minister Itamar Ben-Gvir demanded the dismantling of the Palestinian Authority., Hamas praised the attack calling it a natural response, though they did not claim direct responsibility.
Published: 24 Oct 2026, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented