ബെർലിൻ: ജർമ്മൻ ഗെയിം ഡെവലപ്പറും ഇൻഫ്‌ളുവൻസറുമായ മാനുവൽ ഓട്ടോ ലൈവ് സ്ട്രീമിങ്ങിനിടെ സ്വയം തീകൊളുത്തി ജീവനൊടുക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കളിച്ച പ്രശസ്തമായ 'സ്റ്റിക്ക് റൺ' (Stick Run) വെബ് ബ്രൗസർ ഗെയിമിന്റെ സ്രഷ്ടാവാണ് 30-കാരനായ ഓട്ടോ. ട്വിച്ച് (Twitch) ലൈവ്സ്ട്രീമിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന്, ഒട്ടോയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഗെയിമിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചു.

To advertise here,

ഓട്ടോ ലൈവ് സ്ട്രീം നടത്താൻ പോകുന്നതായി അറിവുണ്ടായിരുന്നുവെങ്കിലും ഇത്തരത്തിലൊരു അപകടത്തെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല എന്നും ട്വിച്ച് വ്യക്തമാക്കി. തെക്കുകിഴക്കൻ ജർമനിയിലെ ബാവറിയയിലുള്ള (Bavaria) ഓട്ടോയുടെ വസതിയിൽ തീപടരുന്നത് കണ്ട് അയൽവാസികൾ അണയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ചാനലും അപകടത്തിന്റെ ലൈവ് ദൃശ്യങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോം ഉടൻ തന്നെ നീക്കം ചെയ്തതായി ട്വിച്ച് അധികൃതർ അറിയിച്ചു. അതുകൂടാതെ, ഉപയോക്താക്കൾക്കായി മാനസികാരോഗ്യ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

'ഭാരിച്ച ഹൃദയത്തോടെയാണ് ഞങ്ങളുടെ സ്രഷ്ടാവും ഡെവലപ്പറും സഹ സ്റ്റിക്ക് റണ്ണറുമായ മാർക്ക് മാനുവൽ അലക്‌സാണ്ടർ ഒട്ടോയുടെ വിയോഗം ഞങ്ങൾ സ്ഥിരീകരിക്കുകയും അറിയിക്കുകയും ചെയ്യുന്നത്.' എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ ടീം കുറിച്ചത്.

'ഇന്ന് ഞങ്ങളുടെ സ്രഷ്ടാവിന്റെ വേർപാടിൽ മാത്രമല്ല, ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു സഹപ്രവർത്തകന്റെ വേർപാടിലും ഞങ്ങൾ ദുഃഖിക്കുന്നു. ഓരോ ഓർമകളിലൂടെയും, ഗെയിം റണ്ണുകളിലൂടെയും, സ്റ്റിക്ക് റൺ കളിച്ച് വളർന്ന ഓരോ കളിക്കാരനിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കും.' അവർ കുറിച്ചു.

'സംഭവിച്ചത് വളരെ ഭയാനകമായ ഒരു കാര്യമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ മാനസികാരോഗ്യവും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഞങ്ങളോട് സഹായം തേടാം.' പ്രാദേശിക മാനസികാരോഗ്യ സഹായകേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ ട്വിച്ചിൽ സൗകര്യങ്ങളുണ്ടെന്നും ട്വിച്ച് വക്താവ് കൂട്ടിച്ചേർത്തു.

1996-ൽ ജർമനിയിലാണ് മാനുവൽ ഒട്ടോ ജനിച്ചത്. 2010-ൽ ഫേസ്ബുക്കിൽ 'സ്റ്റിക്ക് റൺ' എന്ന സൗജന്യ ഗെയിം സൃഷ്ടിക്കുമ്പോൾ 14 വയസ്സ് മാത്രമായിരുന്നു ഓട്ടോയുടെ പ്രായം. ഒരു സ്റ്റിക്ക് ഫിഗർ കഥാപാത്രത്തെ നിയന്ത്രിച്ച് തടസ്സങ്ങൾ തരണം ചെയ്യുകയും കോയിനുകളും പോയിന്റുകളും ശേഖരിക്കുകയും ചെയ്യുന്ന മൾട്ടിപ്ലെയർ ഗെയിമാണ് സ്റ്റിക്ക് റൺ.

2013-ൽ നൽകിയ ഒരു അഭിമുഖത്തിൽ, തനിക്ക് ചെറുപ്പത്തിൽ ആനിമേഷൻ ചിത്രങ്ങൾ കാണുന്നതും കമ്പ്യൂട്ടറിൽ ചെറിയ സ്‌കെച്ചുകൾ തയ്യാറാക്കുന്നതും ഇഷ്ടമായിരുന്നുവെന്നും, പിന്നീട് വീഡിയോ ഗെയിം നിർമിക്കാൻ സ്വയം ശ്രമിക്കാമെന്ന് തിരിച്ചറിയുകയായിരുന്നു എന്നും ഒട്ടോ പറഞ്ഞിരുന്നു.

ആ സമയത്ത്, അന്നത്തെ പ്രശസ്തമായ ഫാംവിൽ (FarmVille) പോലുള്ള ഫേസ്ബുക്ക് ഗെയിമുകളോടായിരുന്നു സ്റ്റിക്ക് റൺ മത്സരിച്ചിരുന്നത്. കണക്കുകൾ പ്രകാരം, ഡെസ്‌ക്ടോപ്പുകളിലും മൊബൈൽ ഫോണുകളിലുമായി ലോകമെമ്പാടുമുള്ള 43 ദശലക്ഷത്തിലധികം (4.3 കോടി) ആളുകൾ സ്റ്റിക്ക് റൺ കളിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)