
മാഡ്രിഡ്: വ്യോമാഭ്യാസത്തിനിടെ നിയന്ത്രണംവിട്ട് തകര്‍ന്നുവീണു വീണില്ല എന്ന ഘട്ടത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പറന്നുയരുന്ന ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ജിജോണിലെ ജനത്തിരക്കേറിയ ബീച്ചില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ സ്പാനിഷ് വ്യോമസേനയുടെ EF-18 ഹോര്‍നെറ്റ് എന്ന യുദ്ധവിമാനമാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി ഈ രക്ഷപ്പെട്ടത്. വടക്കന്‍ സ്‌പെയിനിലെ അസ്റ്റൂറിയസിലുള്ള സാന്‍ ലോറെന്‍സോ ബേയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
വാരാന്ത്യമായതുകൊണ്ടുതന്നെ നിരവധി പേരാണ് വ്യോമാഭ്യാസം കാണാന്‍ കടല്‍ത്തീരത്ത് എത്തിയിരുന്നത്. ജനങ്ങള്‍ നിറഞ്ഞ ബീച്ചിന് നേരെ ഹോര്‍നെറ്റ് വളരെ താഴ്ന്നു പറന്നുവരവെ, പെട്ടെന്ന് വലതുവശത്തേക്ക് ശക്തിയായി വെട്ടിത്തിരിയുന്നത് വീഡിയോകളില്‍ കാണാം. ഈ പെട്ടെന്നുള്ള നീക്കം ജെറ്റിനെ സാധാരണയിലും താഴ്ന്നു പറക്കാന്‍ നിര്‍ബന്ധിതമാക്കി. ഇത് വിമാനത്തിന് ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നിപ്പിച്ചു.
എന്നാല്‍, വിമാനം ഉടന്‍ തന്നെ സ്ഥിരത വീണ്ടെടുക്കുകയും മുകളിലേക്ക് പറന്നുയരുകയും ചെയ്തു. വിമാനത്തിന്റെ പറക്കലില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, വിമാനത്തിന്റെ സഞ്ചാരപാതയില്‍ ഒരു കൂട്ടം പക്ഷികളെ കണ്ടതിനെ തുടര്‍ന്ന് അവയെ ഇടിക്കുന്നത് ഒഴിവാക്കാനാണ് പൈലറ്റ് ഇങ്ങനെ ചെയ്തതെന്നാണ് സ്പാനിഷ് വ്യോമസേനയുടെ വിശദീകരണം.
ജനക്കൂട്ടത്തിന് നേരെ ഇത്രയും താഴ്ന്നു പറക്കുന്നതിനിടെ പക്ഷികളെ ഇടിക്കേണ്ട സാഹചര്യം വന്നാല്‍ അത് വിമാനം തകര്‍ന്നുവീഴുന്നതിനും വലിയ ദുരന്തത്തിനും കാരണമായേനെ എന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്പാനിഷ് വ്യോമസേന വ്യക്തമാക്കി. പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയതെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ നിരവധി ജീവനുകള്‍ രക്ഷിച്ചുവെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
'ജിജോണ്‍ എയര്‍ ഫെസ്റ്റിവലില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങളില്‍ പലരും ഞങ്ങളോട് ചോദിച്ചു. ഉത്തരം ഇതാണ്, നിങ്ങള്‍ കണ്ടതുപോലെ, ഞങ്ങളുടെ എഫ്-18 യുദ്ധവിമാനങ്ങളിലൊന്ന് അതിന്റെ പാതയില്‍ ഒരു കൂട്ടം പക്ഷികളെ കണ്ടതിനെ തുടര്‍ന്ന് അവയെ ഒഴിവാക്കാനുള്ള ഒരു നീക്കം നടത്തി. പൈലറ്റിന്റെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ആ നീക്കം,' സ്പാനിഷ് വ്യോമസേന പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
'അപ്രതീക്ഷിതമായ ഏത് സാഹചര്യത്തിലും മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രതികരിക്കാന്‍ ഞങ്ങളുടെ വൈമാനികര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പൈലറ്റ് മാതൃകാപരമായ വേഗതയോടും വൈദഗ്ധ്യത്തോടും കൂടി പ്രവര്‍ത്തിക്കുകയും, പരിപാടിക്ക് തടസ്സം വരാത്ത രീതിയില്‍ ഒരു വലിയ അപകടം ഒഴിവാക്കുകയും ചെയ്തു. എല്ലാ എയര്‍ഷോകളിലും സുരക്ഷയാണ് ഞങ്ങളുടെ പ്രധാന പരിഗണന, അത് തുടര്‍ന്നും അങ്ങനെയായിരിക്കും. നിങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. നമുക്ക് ഒരുമിച്ച് പറക്കുന്നത് തുടരാം,' അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം സമാനമായ ഒരു സംഭവത്തില്‍, എയര്‍ഷോ പ്രകടനത്തിനിടെ പക്ഷിയിടിച്ച് ഒരു സ്പാനിഷ് EF2000 വിമാനത്തിന്റെ കോക്പിറ്റിന് മുകളിലുള്ള കനോപി തകര്‍ന്നിരുന്നു.
Content Highlights: spanish air force ef 18 hornet jet nearly crashed into crowd at san lorenzo bay madrid viral video
Published: 29 Jul 2025, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented