വാഷിങ്ടൺ: ദുബായ്-ടെൽ അവീവ് ഫ്ളൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരുന്നു. തീവ്ര നിലപാടുകളുടെ പേരിൽ ഇയാളെ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

To advertise here,

ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണ് ആക്രമണം നടത്തിയ പൈലറ്റെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. യുഎഇയിലാണ് ഇയാൾ ജനിച്ചതെന്നുമാണ് വിവരം.

ഹമാം അൽ-ഹമ്മാമി എന്ന പേരിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം അദ്ദേഹം ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്യുകയും 2025 ഫെബ്രുവരിയിൽ അവിടെനിന്നുംവിട്ട് 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേരുകയും ചെയ്തു. 2026 ജനുവരിയിൽ അവിടെനിന്നും പിരിഞ്ഞതായിട്ടാണ് കാണുന്നത്. എന്നാൽ ഈ പേജിൽ ഫ്‌ളൈദുബായ് കന്പനിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഫ്‌ളൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ട പൈലറ്റിന്റേത് തന്നെയാണ് ഈ പ്രൊഫൈലെന്ന് വിവിധ വൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചതായും സിഎൻഎൻ പറയുന്നു. ഈ പ്രൊഫൈൽ പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തീവ്ര നിലപാടുകളിലുള്ള ആശങ്കകൾ കാരണം ഹമാം അൽ ഹമ്മാമിയെ ഫ്ളൈറ്റ് ട്രെയിനിംഗിൽ നിന്ന് ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നു എന്നുമാണ് യുഎസ് മാധ്യമങ്ങൾ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നത്. ഇയാളുടെ പക്കൽനിന്ന് തീവ്രവാദ സ്വഭാവമുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നതായും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ ഫ്ളൈദുബായ് പ്രതികരണം നടത്തിയിട്ടില്ല.

ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിലുണ്ടായത് ഗുരുതരമായ ഭീകരപ്രവർത്തനമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ ഗർഗാഷ് പ്രശംസിച്ചു.