ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിലെ നാടകീയസംഭവങ്ങൾക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

To advertise here,

വിമാനം തകർക്കാനും പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിക്കാനും ഒമാനി പൈലറ്റിനെ അയച്ചത് ആരാണെങ്കിലും അവർ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ ആയിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

സംഭവത്തെക്കുറിച്ച് കൃത്യമായ ചിത്രം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അക്രമിയെ ആരെങ്കിലും അയച്ചതാണോയെന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

‘ഒമാനി പൈലറ്റിന് ഇസ്ലാമിക തീവ്രവാദ ആശയപ്രചോദനം ലഭിച്ചിരുന്നു. യാത്രക്കാരെ സഹിതം വിമാനം തകർക്കാനായിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത്. അയാളെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അയാളെ അയച്ചത് ആരാണെങ്കിലും അവർ വലിയ വിലകൊടുക്കേണ്ടിവരും.’- നെതന്യാഹു പറഞ്ഞു.

ബുധനാഴ്ച 174 യാത്രക്കാരുമായി ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായിയുടെ എഫ്ഇസഡ് 1073-ന്റെ കോക്പിറ്റിലാണ് സംഘർഷമുണ്ടായത്. ഒമാനി പൈലറ്റ്, സഹപൈലറ്റും ഇന്ത്യക്കാരനുമായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിമാനം നിമിഷങ്ങൾക്കുള്ളിൽ 14,000 അടി താഴേക്ക് പതിച്ചു. എന്നാൽ, സ്മിത്, കോക്ക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ ഒമാനി പൈലറ്റിനെ കീഴ്പ്പെടുത്തി. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ചേർന്നാണ് വിമാനം പിന്നീട് സൗദി അറേബ്യയിലെ താബുക്കിൽ ഇറക്കിയത്.