സോൾ: 2021ൽ ദക്ഷിണ കൊറിയയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിക്കാൻ കാരണം കണ്ടെത്തിയിരിക്കുകയാണിപ്പോൾ അധികൃതർ. പൈലറ്റുമാർ ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനിടയിലാണ് വിമാനങ്ങൾ കൂട്ടിയിടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സോൾ ഓഡിറ്റ് ആൻഡ് ഇൻസ്‌പെക്ഷൻ ബോർഡാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

To advertise here,

ഒരു മിഷന്റെ ഭാഗമായി യുദ്ധ വിമാനങ്ങൾ പറത്തുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൈലറ്റുമാർക്ക് ജീവൻ നഷ്ടമായില്ലെങ്കിലും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു പൈലറ്റിന് 88 ദശലക്ഷം വോൺ പിഴ ചുമത്തിയിട്ടുണ്ട്.

വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന യുദ്ധവിമാന യാത്രയുടെ ചിത്രങ്ങളെടുക്കാൻ ഈ പൈലറ്റ് തുനിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. വിമാനങ്ങളിൽനിന്ന് ചിത്രങ്ങൾ എടുക്കുന്നത് 'അക്കാലത്ത് പൈലറ്റുമാർക്കിടയിൽ വ്യാപകമായ ഒരു രീതിയായിരുന്നു' എന്ന്് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

വിമാനം പറന്നുയരുന്നതിന് മുമ്പുള്ള ഒരു ബ്രീഫിംഗിൽ ഈ പൈലറ്റ് താൻ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്ന് പറഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്. മിഷനിനിടയിൽ പ്രധാന വിമാനത്തെ പിന്തുടരുകയായിരുന്നു ഇയാൾ പറത്തിയുരുന്ന യുദ്ധവിമാനം. വ്യോമത്താവളത്തിലേക്ക് തിരികെ പറക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വകാര്യ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത്.

ഇതുകണ്ടതും, മുന്നിൽ പറക്കുന്ന വിമാനത്തിന്റെ പൈലറ്റ് തന്റെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിനോട് തൊട്ടുപിന്നാലെ പറക്കുന്ന വിമാനത്തിന്റെ വീഡിയോ എടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ തൊട്ടുപിന്നാലെ പറക്കുന്ന വിമാനത്തിന്റെ പൈലറ്റ് തന്റെ വിമാനം പെട്ടെന്ന് ഉയരങ്ങളിലേക്ക് പറത്തി, ക്യാമറയിൽ നന്നായി പതിയാൻ വേണ്ടി കരണം മറിച്ചു. ഇതോടെ രണ്ട് വിമാനങ്ങളും വളരെ അടുത്തേക്ക് എത്തി. F-15K വിമാനങ്ങളായിരുന്നു രണ്ടും. കൂട്ടിയിടിക്കാതിരിക്കാൻ മുന്നിൽ പറക്കുന്ന വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കൂട്ടിയിടിച്ചു.

സംഭവം നടന്ന ഉടൻ ഒരു പൈലറ്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് അയാൾ സൈന്യത്തിൽ നിന്ന് രാജി വച്ച് ഒരു വാണിജ്യ വിമാന കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിമാനം നന്നാക്കുന്നതിനും മറ്റും ചെലവായ തുക ഇയാളിൽനിന്ന് ഈടാക്കാനും തീരുമാനിച്ചു. പൈലറ്റ് ഇതിനെ ചോദ്യം ചെയ്തതോടെയാണ് ഓഡിറ്റ്‌ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്.

പെട്ടെന്നുള്ള തന്റെ നീക്കമാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് പൈലറ്റ് സമ്മതിച്ചെങ്കിലും, വീഡിയോ ചിത്രീകരണം നടക്കുന്നുണ്ടെന്ന് മുന്നിൽ പറന്ന പൈലറ്റിന് അറിയാമായിരുന്നതുകൊണ്ട്, അദ്ദേഹം ആ നീക്കത്തിന് 'വാക്കാൽ സമ്മതിച്ചിരുന്നു' എന്നും വാദിച്ചു. വാദങ്ങൾക്കൊടുവിൽ നേരത്തെ വ്യോമസേന ആവശ്യപ്പെട്ട ചെലവിന്റെ പത്തിലൊന്ന് നൽകിയാൽ മതിയെന്ന് ഓഡിറ്റ് ബോർഡ് വിധി പ്രസ്താവിക്കുകയായിരുന്നു. സ്വകാര്യം ഫോൺ ക്യാമറയും മറ്റും ഉപയോഗിക്കുന്നതിന് പൈലറ്റുമാർക്ക് ശരിയായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിൽ വ്യോമസേനയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ബോർഡ് കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പൈലറ്റുമാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.