പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിക്കിടെ നാല് റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തിന് നഷ്ടമായിരുന്നെന്ന വാദം പലപ്പോഴായി പാകിസ്താൻ ഉന്നയിച്ചിരുന്നു. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വ്യോമസേനാ അധികൃതർ തെളിവ് സഹിതം സ്ഥാപിച്ചിട്ടുണ്ട്.
എന്നിട്ടും സമാന ആരോപണവുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ് പാക് പ്രൊപ്പഗന്റ ഹാൻഡിലുകൾ. “ഇന്ത്യൻ വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ ബ്രീഫിങ്ങിനിടെ റഫാലുകളുടെ എണ്ണം അബദ്ധത്തിൽ പുറത്തുപറയുകയും, പിന്നീട് 36 റഫാൽ യുദ്ധവിമാനങ്ങളെന്ന് തിരുത്തുകയും ചെയ്തു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ” എന്ന കുറിപ്പോടെ ഒരു വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ മെയ് 7ന് ഓപ്പറേഷൻ സിന്ദൂറിന്‍റെ ആദ്യ വാർഷികത്തോട് അനുബന്ധിച്ചും സമാനതരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഇന്ത്യയ്ക്ക് 4 റഫാലുകൾ നഷ്ടമായെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ തുറന്ന് പറഞ്ഞതായിട്ടായിരുന്നു അന്ന് നടന്ന വ്യാജ പ്രചാരണം. ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കി മാതൃഭൂമി ഫാക്ട് ചെക്ക് പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനാ റിപ്പോർട്ട് വായിക്കാം
ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) യൂണിഫോം ധരിച്ചൊരു വ്യക്തി റഫാലിന് മുന്നിൽ നിന്നുകൊണ്ട് സംസാരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ. ഇന്ത്യയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം മുപ്പത്തിരണ്ടെന്ന് ആദ്യം പറയുകയും പിന്നീട് മുപ്പത്തിയാറെന്ന് ഇദ്ദേഹം തിരുത്തി പറയുന്നുണ്ട്. ഇതാണ് ഇന്ത്യയ്ക്ക് റഫാലുകൾ നഷ്ടമായെന്നതിന് തെളിവെന്ന വാദത്തോടെ പാക് പ്രൊപ്പഗന്‍റെ ഹാൻറിലുകൾ പ്രചരിപ്പിക്കുന്നത്.
വൈറൽ വീഡിയോയുടെ വലത് വശത്ത് മുകളിലായി എയർ ഫോഴ്സിന്‍റെ ലോഗോ കാണാം. എന്നാൽ ഇതിന് വീഡിയോയുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടും തന്നെ ക്ലാരിറ്റിയില്ല. ഔദ്യോഗികമായി പുറത്തിറക്കുന്ന വീഡിയോയിൽ ഇങ്ങനെ സംഭവിക്കില്ല. മാത്രമല്ല ഈ വീഡിയോ ഐഎഎഫിന്‍റെ സമൂമാധ്യമ പേജുകളിലൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പിച്ചു.
വീഡിയോയിൽ കാണുന്ന വ്യക്തി ആരാണെന്ന് പ്രചരിക്കുന്ന പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല, ഇദ്ദേഹത്തിന്‍റെ യൂണിഫോമിന്‍റെ തോൾ ഭാഗത്തെ എപ്പൊലറ്റുകളിൽ (റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജുകൾ) ഒന്നിലധികം കറുത്ത വരകൾ കാണാം, എയർമാർഷൽ റാങ്കിലുള്ളവരാണ് ഇത് ധരിക്കാറ്. നിലവിൽ എയർമാർഷൽ റാങ്കിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തിയുമായി താരതമ്യം ചെയ്ത് ആരുമായും സാമ്യതയില്ലെന്ന് ഉറപ്പിച്ചു. വീഡിയോ വ്യാജമാണെന്നതിലേക്കാണ് ഈ തെളിവുകളെല്ലാം വിരൽചൂണ്ടുന്നത്.
വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചതിൽ നിന്നും ഇതിലെ ഓഡിയോ 99 ശതമാനവും നിർമ്മത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. തുടർന്ന് ഇതിന്‍റെ ദൃശ്യങ്ങളും പരിശോധിച്ചു, ഒന്നിലധികം ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജെമിനി ടൂൾ ഈ വീഡിയോ ഗൂഗിൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ഫലം തന്നു. പരിശോധനാ ഫലങ്ങൾ ചുവടെ നൽകുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് തുടക്കം മുതലുള്ള ഇന്ത്യയുടെ നിലപാട്. ഇതിനുള്ള ഏറ്റവും പുതിയ തെളിവാണ് റഫാൽ വിമാനങ്ങൾക്ക് സപ്പോർട്ട് പാക്കേജ് തേടിയുള്ള വ്യോമസേനയുടെ ടെൻഡർ. ഐഎഎഫിന്‍റെ പക്കലുള്ള 36 റഫാൽ യുദ്ധവിമാനങ്ങൾക്കും സപ്പോർട്ട് പാക്കേജ് ലഭ്യമാക്കുന്നതിനായാണ് സേന പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ നാല് റഫാലുകൾ തകർന്നെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഈ പ്രചാരണം വ്യാജമാണെന്ന് ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
Content Highlights: Debunking the claim that India lost four Rafale jets during Operation Sindoor., Viral video identified as AI-generated using Google Gemini and Hive Moderation tools., Official IAF tender for 36 Rafale support packages proves the fleet remains intact., PIB Fact Check has officially labeled the viral social media campaign as false.
Published: 27 Jun 2026, 09:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented