വ്യോമസേനയുടെ പോരാട്ടശേഷി നിലനിർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക എന്ന ലക്ഷ്യമിട്ടാണ് 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി -എംആർഎഫ്എ (MRFA) ഇന്ത്യ തയ്യാക്കിയത്. ഇതിനായി ഫ്രാൻസിന്റെ റഫാൽ വിമാനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ ഇപ്പോഴും സങ്കീർണമായി തുടരുകയാണ്. ചർച്ചകൾ വലിയൊരു പ്രതിസന്ധിഘട്ടത്തിലാണ്. ആഭ്യന്തര ഉത്പാദനം, സാങ്കേതികവിദ്യാ കൈമാറ്റം, സാമ്പത്തിക പ്രതിബദ്ധതകൾ എന്നിവയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഇത് നീണ്ടുപോകുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വെല്ലുവിളിയായി മാറുകയാണ്. ചൈനയിൽനിന്നും പാകിസ്താനിൽനിന്നുമുള്ള ഭൗമരാഷ്ട്രീയ ഭീഷണികൾ ഒരേസമയം നേരിടാൻ ആവശ്യമായ 42.5 സ്‌ക്വാഡ്രണുകൾ എന്ന ലക്ഷ്യത്തിന് വിരുദ്ധമായി, നിലവിൽ വ്യോമസേനയുടെ ശേഷി 29 മുതൽ 31 വരെ സ്‌ക്വാഡ്രണുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-21 യുദ്ധവിമാനങ്ങളുടെ വിരമിക്കലും നവീകരണ പദ്ധതികളിലെ കാലതാമസവുമാണ് ഈ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതിന് പരിഹാരമായാണ് വിദേശ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി തുടങ്ങിയത്.

To advertise here,

വ്യോമസേനയുടെ ആധുനികീകരണത്തിന് തുടക്കം കുറിച്ച മീഡിയം മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് (MMRCA) പദ്ധതിയുടെ പരാജയത്തിൽനിന്നാണ് നിലവിലെ എംആർഎഫ്എ (MRFA) പ്രോഗ്രാമിന്റെ ഉത്ഭവം. മുൻപ് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (UPA) സർക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങൾക്കായി ആരംഭിച്ച ടെൻഡർ പ്രക്രിയയിൽ ദസ്സോയുടെ റഫാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന വിമാനങ്ങളുടെ ഗ്യാരണ്ടി ഏറ്റെടുക്കാൻ ദസ്സോ വിസമ്മതിച്ചതും സാങ്കേതിക കൈമാറ്റത്തിലെ അസ്വാരസ്യങ്ങളും കരാർ തടസ്സപ്പെടുത്തി. അങ്ങനെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഭരണപരമായ ഈ പ്രതിസന്ധി മറികടക്കാൻ പിന്നീട് അധികാരത്തിലെത്തിയ ദേശീയ ജനാധിപത്യ സഖ്യം (NDA) സർക്കാർ 2016-ൽ നേരിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള അടിയന്തിര കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ, ഈ കരാറിനെച്ചൊല്ലി ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും ക്ലാസിഫൈഡ് രേഖകൾ പുറത്തായതും കാരണം, വരുംകാല ഇടപാടുകളിൽ വമ്പിച്ച സുതാര്യതയും കണിശമായ ഓഡിറ്റിംഗും ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം നിർബന്ധിതരായി.

നിലവിലെ പ്രതിരോധ നയമനുസരിച്ച്, വിദേശത്തുനിന്ന് നേരിട്ട് വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പകരം തദ്ദേശീയ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്കാണ് മുൻഗണന നൽകുന്നത്. ഇതിൻപ്രകാരം, നിർദ്ദിഷ്ട 114 വിമാനങ്ങളിൽ ഏകദേശം 90 മുതൽ 94 എണ്ണം വരെ ഇന്ത്യയിൽ ഒരു പ്രാദേശിക വ്യവസായ പങ്കാളിയുമായി ചേർന്ന് നിർമ്മിക്കണമെന്നും അതിൽ കുറഞ്ഞത് 50 ശതമാനം തദ്ദേശീയ വിഭവങ്ങൾ അടങ്ങിയിരിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർബന്ധം പിടിക്കുന്നു. ഈ നയം ദസ്സോ ഏവിയേഷനും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ റഫാൽ വിമാനങ്ങൾക്ക് ലഭിച്ച വൻ ഓർഡറുകൾ കാരണം ഫ്രാൻസിലെ നിർമ്മാണശാലകളിൽ നിലവിലുള്ള ശേഷിയുടെ പരിമിതികളും വിതരണത്തിൽ കാലതാമസമുണ്ടാക്കുന്നുണ്ട്.

ഈ കരാർ വൈകുന്നതിലെ മറ്റൊരു പ്രധാന തടസ്സം ഇന്ത്യൻ വ്യോമസേന ഉന്നയിക്കുന്ന കർശനമായ സാങ്കേതിക ആവശ്യങ്ങളാണ്. വിമാനത്തിന്റെ പൂർണ്ണമായ സോഴ്‌സ് കോഡ് തങ്ങൾക്ക് ലഭ്യമാക്കണമെന്ന് സേന ആവശ്യപ്പെടുന്നു. സോഴ്‌സ് കോഡ് ലഭിച്ചാൽ മാത്രമേ വിദേശ നിർമ്മാതാവിന്റെ അനുമതിയില്ലാതെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര, ബ്രഹ്‌മോസ് തുടങ്ങിയ വിപുലമായ ആയുധങ്ങൾ വിമാനത്തിൽ സംയോജിപ്പിക്കാൻ ഇന്ത്യൻ എഞ്ചിനീയർമാർക്ക് സാധിക്കുകയുള്ളൂ. പ്രതിരോധ രംഗത്തെ തന്ത്രപരമായ സ്വയംഭരണത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നതിനാൽ അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ തയ്യാറുമല്ല.

ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണങ്ങളിൽ റഫാൽ വിമാനങ്ങൾക്ക് തദ്ദേശീയ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയില്ലാത്തത് പോരായ്മയായി വിലയിരുത്തപ്പെട്ടിരുന്നു. സോഴ്‌സ് കോഡ് കൈമാറ്റത്തിൽ ദസ്സോ പുലർത്തുന്ന വിമുഖതയും ഇന്ത്യയുടെ കണിശമായ ആവശ്യങ്ങളും തമ്മിലുള്ള വടംവലിയാണ് കരാർ ഇത്രത്തോളം നീണ്ടുപോകാൻ ഇടയാക്കുന്നത്. ഇത് നീണ്ടുപോയാൽ ഒരുപക്ഷെ റഫാൽ ഇടപാട് തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് പോകാം. അങ്ങനെ വന്നാൽ ഇന്ത്യയ്ക്ക് മുന്നിൽ പ്ലാൻ ബി ഉണ്ടോ, എന്തൊക്കെയാകും ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യതകൾ? 

റഫാൽ ഇടപാട് പരാജയപ്പെട്ടാൽ

റഫാലുമായുള്ള വൻകിട എംആർഎഫ്എ കരാർ സാമ്പത്തികമോ തന്ത്രപരമോ ആയ കാരണങ്ങളാൽ പരാജയപ്പെട്ടാൽ, വ്യോമസേനയുടെ ശേഷിക്ക് നഷ്ടം വരാതിരിക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ സമാന്തരമായ പല ബദൽ സാധ്യതകളുമുണ്ട്. ഇതിൽ ഏറ്റവും പ്രായോഗികമായത് ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് (Su-30MKI) വിമാനങ്ങളെ വിപുലമായി നവീകരിക്കുക എന്നതാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും ഡിആർഡിഒയും സംയുക്തമായി നയിക്കുന്ന 'സൂപ്പർ സുഖോയ്' നവീകരണ പദ്ധതിയിലൂടെ 258 വിമാനങ്ങൾ അത്യാധുനിക സംവിധാനങ്ങളുൾപ്പെടുത്തി യുദ്ധസജ്ജമാക്കാൻ ലക്ഷ്യമിടുന്നു.

ഈ നവീകരണത്തിന്റെ പ്രധാന ആകർഷണം തദ്ദേശീയമായി വികസിപ്പിച്ച ഗാലിയം നൈട്രൈഡ് അധിഷ്ഠിത വീരൂപാക്ഷ എഇഎസ്എ (Virupaksha AESA) റഡാർ സംവിധാനമാണ്. സുഖോയിയുടെ നിരീക്ഷണ പരിധി ഒന്നര ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഈ റഡാറിന് സാധിക്കും. തദ്ദേശീയ നവീകരണ പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാൻ, റഷ്യൻ സാങ്കേതിക സഹായത്തോടെ ഒരു സമാന്തര നവീകരണ പാതയും വ്യോമസേന പരിഗണിക്കുന്നുണ്ട്. ഇതിലൂടെ കൂടുതൽ കരുത്തുറ്റ എഎൽ-41എഫ്-1എസ് (AL-41F-1S) എഞ്ചിനുകളും ആർ-77എം (R-77M) പോലുള്ള ദീർഘദൂര മിസൈലുകളും സുഖോയ് വിമാനങ്ങളിൽ വേഗത്തിൽ സംയോജിപ്പിക്കാൻ സാധിക്കും. റഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കിക്കൊണ്ട് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ്-57 (Su-57E Felon) ഇന്ത്യയിൽ ലൈസൻസോടെ നിർമ്മിക്കാനുള്ള വാഗ്ദാനം പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

ചൈനയിൽനിന്ന് അഞ്ചാം തലമുറ ജെ-35 (J-35) സ്റ്റെൽത്ത് വിമാനങ്ങൾ പാകിസ്താൻ സ്വന്തമാക്കാൻ പോകുന്ന പശ്ചാത്തലത്തിൽ, തദ്ദേശീയ എഎംസിഎ (AMCA) വികസിക്കുന്നതുവരെ തന്ത്രപരമായ വിടവ് നികത്താൻ എസ്.യു-57 സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യ ഇതിനായി വിമാനത്തിന്റെ സോഴ്‌സ് കോഡ് പൂർണ്ണമായും കൈമാറാൻ തയ്യാറാണെന്നുള്ളത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. സ്റ്റെൽത്ത് സവിശേഷതയുള്ള അഞ്ചാം തലമുറ യുദ്ധവിമാനത്തിന് പകരം മറ്റ് സാധ്യതകളും ഇന്ത്യയുടെ മുന്നിലുണ്ട്. എന്നാൽ, ഇതിന് ഇന്ത്യയ്ക്ക് വലിയ വിലകൊടുക്കേണ്ടി വന്നേക്കാം. പ്രധാനമായും അമേരിക്കയിൽനിന്നുള്ള ഉപരോധ ഭീഷണിയാകും ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. അതിനെ മറികടക്കാൻ സാധിച്ചാലും പദ്ധതിക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് എഎംസിഎ പദ്ധതിക്ക് ഭീഷണിയാകും. യുക്രൈൻ യുദ്ധം കാരണം റഷ്യൻ പ്രതിരോധ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണ്. ഇന്ത്യയുടെ കൈവശമുള്ള സുഖോയ്-30 വിമാനങ്ങളുടെ സ്‌പെയർ പാർട്‌സ് കൃത്യസമയത്ത് നൽകാൻ പോലും റഷ്യ നിലവിൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയൊരു സങ്കീർണ്ണ വിമാനം വാങ്ങുന്നത് റിസ്‌ക് വർദ്ധിപ്പിക്കും.

പാശ്ചാത്യ വിമാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് മറ്റൊരു സാധ്യത. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്യുന്ന എഫ്-21 (F21), ബോയിങ്ങിന്റെ എഫ്-15ഇഎക്‌സ് (F-15EX) എന്നിവ ഇതിൽ മുൻപന്തിയിലുണ്ട്. ഇന്ത്യയ്ക്കായി പ്രത്യേകം കോൺഫിഗർ ചെയ്ത എഫ്-21 വിമാനങ്ങൾ ടാറ്റ ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കാമെന്നാണ് അമേരിക്കൻ കമ്പനിയുടെ വാഗ്ദാനം. എങ്കിലും, പാശ്ചാത്യ വിമാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കർശനമായ നിരീക്ഷണ വ്യവസ്ഥകളും (End-User Monitoring), യുദ്ധസമയത്ത് ഉണ്ടായേക്കാവുന്ന ഉപരോധ സാധ്യതകളും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ബാധിച്ചേക്കാം. മറ്റൊരു സാധ്യത യൂറോഫൈറ്റർ ടൈഫൂൺ ആണ്. റഫാലിനൊപ്പം മത്സരിച്ച് നിന്ന യുദ്ധവിമാനമാണിത്.

ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, സ്‌പെയിൻ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് (Eurofighter GmbH) ഈ വിമാനം വികസിപ്പിച്ചെടുത്തത്. റഫാലിലുള്ളത് പോലെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബി.വി.ആർ (Beyond Visual Range) മിസൈലായ മെറ്റിയോർ (Meteor), പ്രിസിഷൻ ഗൈഡഡ് ബോംബുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ടൈഫൂണിന് വഹിക്കാൻ സാധിക്കും. എൻജിന്റെ കരുത്തിലും റഫാലിനൊപ്പം നിൽക്കുന്നതാണ് യൂറോഫൈറ്റർ ടൈഫൂൺ. റഫാലിനേപ്പോലെ ഇരട്ട എൻജിനാണ് ഇതിനും. അസാധ്യമായ വേഗതയും കരുത്തും, ആയുധശേഷി, ആധുനിക റഡാർ സാങ്കേതികവിദ്യ എന്നിവയിൽ റഫാലിനോട് കിടപിടിക്കുന്ന യുദ്ധവിമാനമാണ് ഇത്.

എന്നാൽ, ഇത് വാങ്ങുന്നതിനും ചില പ്രതിസന്ധികളുണ്ട്. റഫാൽ ഇടപാടിന് ഫ്രാൻസുമായി മാത്രമാണ് സംസാരിക്കേണ്ടതെങ്കിൽ യൂറോഫൈറ്റർ ടൈഫൂൺ വാങ്ങണമെങ്കിൽ ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, സ്‌പെയിൻ എന്നീ നാല് രാജ്യങ്ങളുടെ അനുമതി ആവശ്യമായി വരും. ഇത് കിട്ടിയാലും സോഴ്‌സ് കോഡ് ഉൾപ്പെടെയുള്ളവയിൽ റഫാൽ ഇടപാടിന് നേരിടുന്ന പ്രതിസന്ധിയുണ്ടായേക്കാം.

ഇന്ത്യയുടെ പുതിയ 114 യുദ്ധവിമാനങ്ങൾക്കായുള്ള (MRFA) മത്സരത്തിൽ ടൈഫൂൺ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ഇന്ത്യയിൽവച്ച് വിമാനങ്ങൾ നിർമ്മിക്കാമെന്നും പൂർണ്ണമായ സാങ്കേതികവിദ്യാ കൈമാറ്റം (Technology Transfer) നൽകാമെന്നും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് റഫാലിന് പകരമായി പരിഗണിക്കാൻ പറ്റിയ ഏറ്റവും കരുത്തുറ്റ ഓപ്ഷനുകളിൽ ഒന്നാണിത് എന്നതിൽ തർക്കമില്ല.

ഇതിന്റെ സോഫ്റ്റ്വെയർ കോഡ് പൂർണ്ണമായി ഇന്ത്യയ്ക്ക് നൽകണമെങ്കിൽ ഈ നാല് രാജ്യങ്ങളുടെയും പാർലമെന്റുകളുടെയും പ്രതിരോധ മന്ത്രാലയങ്ങളുടെയും അനുമതി വേണം. ആയുധ കയറ്റുമതിയിൽ കടുത്ത നിയന്ത്രണങ്ങളുള്ള ജർമ്മനി പോലുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ രഹസ്യങ്ങളുടെ സോഴ്‌സ് കോഡ് മറ്റൊരു രാജ്യത്തിന് നൽകാൻ സാധാരണയായി അനുമതി നൽകാറില്ല. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ കോർ സോഫ്റ്റ്‌വെയർ മറ്റൊരു രാജ്യത്തിനും പൂർണ്ണമായി വിട്ടുകൊടുക്കാറുമില്ല. ഉദാഹരം ദസ്സോയുടെ റഫാൽ തന്നെ. റഡാറുകളുടെയും ഇലക്ട്രോണിക് വാർഫെയർ സിസ്റ്റത്തിന്റെയും സോഴ്‌സ് കോഡ് കൈമാറുന്നത് സാങ്കേതികവിദ്യ ചോരുന്നതിനും സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്നാണ് ഈ രാജ്യങ്ങളുടെ ആശങ്ക.

സോഴ്‌സ് കോഡിനായുള്ള ഇന്ത്യയുടെ കടുത്ത നിബന്ധനകൾ കണക്കിലെടുത്ത് കരാർ ലഭിക്കുകയാണെങ്കിൽ വിമാനത്തിന്റെ പൂർണ്ണമായ സാങ്കേതികവിദ്യാ കൈമാറ്റത്തോടൊപ്പം സോഴ്‌സ് കോഡും സാങ്കേതിക രേഖകളും ഇന്ത്യയ്ക്ക് നൽകാമെന്ന് സ്വീഡന്റെ സാബ് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ ഗ്രിപ്പൻ എന്ന യുദ്ധവിമാനം പക്ഷെ ഒറ്റ എൻജിൻ ആണെന്നതാണ് പ്രധാന പോരായ്മ. എംആർഎഫ്എ പ്രോഗ്രാമിൽ നിന്ന് ഗ്രിപ്പനെ പരിഗണിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇന്ത്യ നിലവിൽ സ്വന്തമായി വികസിപ്പിക്കുന്ന തേജസ് മാർക്ക് 2 (Tejas Mk2) വിമാനവും ഇതേ ഭാരത്തിലും ശേഷിയിലുമുള്ള ഒറ്റ എഞ്ചിൻ വിമാനമാണ്. വിദേശത്തുനിന്ന് ഗ്രിപ്പൻ വാങ്ങുന്നത് ഇന്ത്യയുടെ സ്വന്തം തേജസ് പദ്ധതിയുടെ പ്രാധാന്യം കുറയ്ക്കുകയും ആഭ്യന്തര പ്രതിരോധ ഉത്പാദന മേഖലയ്ക്ക് തിരിച്ചടിയാവുകയും ചെയ്യും. മാത്രമല്ല ഇതിന്റെ എൻജിൻ എന്നത് നിലവിൽ തേജസ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന അമേരിക്കൻ ജനറൽ ഇലക്ട്രിക് കമ്പനിയുടെ എഫ് 414 ആണ്. ഈ എൻജിൻ വിതരണത്തിലുണ്ടാകുന്ന കാലതാമസം തേജസ് പദ്ധതിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഈ വിമാനം ഒരു ഓപ്‌ഷേനയല്ല.

 

കൊറിയൻ കെഎഫ്-21 ബോറാമേ വാങ്ങിയാൽ കൈപൊള്ളും

ദക്ഷിണ കൊറിയ തദ്ദേശീയമായി വികസിപ്പിച്ച് ഉത്പാദനം ആരംഭിച്ച ഇരട്ട എഞ്ചിൻ 4.5 തലമുറ യുദ്ധവിമാനമാണ് കെഎഫ്-21 ബോറാമേ (KF-21 Boramae). കുറഞ്ഞ റഡാർ ക്രോസ് സെക്ഷനും ഹൻവ എഇഎസ്എ റഡാറും മിറ്റിയോർ മിസൈൽ വഹിക്കാനുള്ള ശേഷിയുമുള്ള കെഎഫ്-21 വ്യോമ രംഗത്ത് ശ്രദ്ധേയമായ ഒന്നാണ്. എങ്കിലും, ഈ വിമാനം വാങ്ങുന്നതിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം എൻജിൻ തന്നെയാണ്.

കെഎഫ്-21 വിമാനങ്ങൾ ഉപയോഗിക്കുന്നത് അമേരിക്കൻ ജനറൽ ഇലക്ട്രിക് കമ്പനിയുടെ എഫ്414 എഞ്ചിനുകളാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന തേജസ് എംകെ2 (Tejas Mk2), അഞ്ചാം തലമുറ എഎംസിഎ എംകെ 1 (AMCA MK-1) എന്നിവയിലും ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശീയ വികസനത്തിനായി ഇതേ എഞ്ചിനുകൾ വൻതോതിൽ വാങ്ങാനിരിക്കെ, അതേ എഞ്ചിൻ ഉപയോഗിക്കുന്ന മറ്റൊരു വിദേശ പ്ലാറ്റ്ഫോം കൂടി വാങ്ങുന്നത് ഇന്ത്യയുടെ എഞ്ചിൻ വൈവിധ്യവൽക്കരണ നയത്തിന് വിരുദ്ധമാണ്.

മാത്രമല്ല, കെഎഫ്-21 വിമാനത്തിൽ യുഎസ് സാങ്കേതിക വിദ്യകളുടെ വലിയ തോതിലുള്ള സ്വാധീനമുണ്ട്. അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം സാങ്കേതികവിദ്യാ കൈമാറ്റത്തിലും ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ ഇതിൽ സ്വതന്ത്രമായി സംയോജിപ്പിക്കുന്നതിലും കടുത്ത തടസ്സങ്ങൾ നേരിടേണ്ടി വരും. ഇത് മാത്രമല്ല, കെഎഫ്-21 വിമാനത്തിന്റെ ഒരു യൂണിറ്റ് ചെലവ് ഏകദേശം 87 മില്യൺ മുതൽ 110 മില്യൺ ഡോളർ വരെയാണ്. ഇത് ഫ്രഞ്ച് റഫാലുമായി താരതമ്യം ചെയ്യുമ്പോൾ വലിയ സാമ്പത്തിക ലാഭം നൽകുന്ന ഒന്നല്ല.

കെഎഫ്-21 വികസനത്തിൽ ദക്ഷിണ കൊറിയയുടെ പ്രധാന പങ്കാളിയായിരുന്ന ഇന്തോനേഷ്യ സാമ്പത്തിക പ്രതിസന്ധികളും സാങ്കേതികവിദ്യാ തർക്കങ്ങളും കാരണം സംയുക്ത ഉത്പാദനത്തിൽനിന്നു പിന്മാറി നേരിട്ട് വിമാനം വാങ്ങുന്നതിലേക്ക് ചുരുങ്ങി. കൊറിയൻ എഞ്ചിനീയർമാർ സാങ്കേതികവിദ്യ ചോർത്താൻ ശ്രമിച്ചതായുള്ള ആരോപണങ്ങളും ഈ പദ്ധതിയുടെ സുരക്ഷാ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. ഈ ഭൗമരാഷ്ട്രീയവും സാങ്കേതികവുമായ കാരണങ്ങളാൽ കെഎഫ്-21 ഇന്ത്യയ്ക്ക് ഒട്ടും അനുയോജ്യമായ ഒരു ബദലല്ലെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

സ്‌ക്വാഡ്രൺ ശേഷി നിലനിർത്തുന്നതിനുള്ള അടിയന്തിര തന്ത്രങ്ങൾ

പഴയ വിമാനങ്ങളുടെ വിരമിക്കലും പുതിയ വിമാനങ്ങളുടെ വരവിലുണ്ടാകുന്ന താമസം കാരണവും ഇന്ത്യൻ വ്യോമസേന നേരിടുന്ന സ്‌ക്വാഡ്രൺ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാൻ വൈവിധ്യമാർന്ന തന്ത്രങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് (PLAAF) പ്രതിവർഷം 220 മുതൽ 290 വരെ അത്യാധുനിക യുദ്ധവിമാനങ്ങൾ നിർമ്മിച്ച് തങ്ങളുടെ വ്യൂഹം ശക്തമാക്കുമ്പോൾ, ഇന്ത്യയുടെ ആഭ്യന്തര നിർമ്മാണ ശേഷി ഇപ്പോഴും പരിമിതമാണ്. ഡബ്ല്യുഡിഎംഎംഎ (WDMMA) അന്താരാഷ്ട്ര റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തുന്നുണ്ടെങ്കിലും ഇത് ബാലൻസ്ഡ് ആയ ഹെലികോപ്റ്റർ, ട്രാൻസ്‌പോർട്ട് വിമാനങ്ങളുടെ എണ്ണം കൊണ്ടാണ്.

യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. വ്യോമസേനയുടെ പോരാട്ട ശേഷി നിലനിർത്താൻ തദ്ദേശീയ വിമാന നിർമ്മാണ ശൃംഖലയെ ഉടച്ചുവാർക്കേണ്ടതുണ്ട്. എച്ച്എഎൽ നിർമ്മിക്കുന്ന തേജസ് എംകെ1എ (Tejas Mk1A) വിമാനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് പ്രധാന വഴി. ആകെ 180 വിമാനങ്ങൾക്ക് ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ടെങ്കിലും യുഎസ് എഞ്ചിൻ വിതരണത്തിലുണ്ടായ വലിയ താമസം കാരണം എച്ച്എഎല്ലിന്റെ ഉത്പാദന ഷെഡ്യൂൾ താളം തെറ്റിയിരുന്നു. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് എഫ്404 (GE F404) എഞ്ചിനുകൾ കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ട് നിർമ്മിച്ചു കഴിഞ്ഞ നിരവധി വിമാനങ്ങൾ എഞ്ചിൻ ഇല്ലാതെ സൂക്ഷിക്കേണ്ടി വന്നു. നിലവിൽ എഞ്ചിൻ വിതരണം പുനരാരംഭിച്ചതോടെ ഉത്പാദനം പ്രതിവർഷം 16 മുതൽ 24 വിമാനങ്ങളിലേക്ക് ഉയർത്താൻ എച്ച്എഎൽ നാസിക്കിലും ബെംഗളൂരുവിലും പുതിയ അസംബ്ലി ലൈനുകൾ തുറന്നിട്ടുണ്ട്.

കൂടാതെ എഎംസിഎ (AMCA) പ്രോട്ടോടൈപ്പ് എഞ്ചിനുകൾക്കായി ജിഇ മൂന്നിരട്ടി വില ആവശ്യപ്പെട്ടത് ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.

ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി (Safran) ചേർന്ന് തദ്ദേശീയ എഞ്ചിൻ വികസിപ്പിക്കാനുള്ള നീക്കം ഭാവിയിൽ ഇത്തരം വിദേശ ബ്ലാക്ക്‌മെയിലിങ്ങുകളിൽനിന്ന് ഇന്ത്യയ്ക്ക് മോചനം നൽകും. എന്നാൽ, അടിയന്തര ലഭ്യതയ്ക്കായി വിമാനങ്ങൾ താൽക്കാലികമായി ലീസിന് എടുക്കുന്ന രീതിയും വ്യോമസേന സജീവമായി പരിഗണിക്കുന്നു. നിലവിൽ മിഡ്-എയർ റീഫ്യൂവലിംഗ് വിമാനങ്ങൾ (FRA), അത്യാധുനിക ട്രെയിനറുകൾ എന്നിവ ഫ്രാൻസ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽനിന്നും സ്വകാര്യ ഏജൻസികളിൽനിന്നും ലീസിനെടുത്ത് വ്യോമസേന തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. ഈ സംവിധാനം യുദ്ധവിമാനങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. എന്നാൽ, സൈനിക സംഘർഷങ്ങളിൽ ഇത്തരം വിമാനങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല എന്നതാണ് വലിയൊരു പോരായ്മ.

മറ്റൊരു ദീർഘകാല പരിഹാരം ആളില്ലാ യുദ്ധവിമാനങ്ങളുടെയും യുസിഎവികളുടെയും (UCAV) നിർമ്മാണമാണ്. വ്യോമസേന പുറത്തിറക്കിയ 'അൺമാൻഡ് ഫോഴ്‌സ് പ്ലാൻ' അനുസരിച്ച് വരും വർഷങ്ങളിൽ കടുത്ത പോരാട്ട ദൗത്യങ്ങൾക്കായി തദ്ദേശീയമായി വികസിപ്പിക്കുന്ന ഘാതക് (DRDO Ghatak), ആൽഫ-എസ് (ALFA-S) സ്വാം ഡ്രോണുകൾ എന്നിവ വൻതോതിൽ വിന്യസിക്കും. ഇത് യുദ്ധവിമാനങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധി കുറയ്ക്കാൻ സഹായിക്കും. ഇന്ത്യൻ വ്യോമസേന നേരിടുന്ന സ്‌ക്വാഡ്രൺ പ്രതിസന്ധി അങ്ങേയറ്റം ഗൗരവമുള്ളതാണ്.

എങ്കിലും, ഒരു വിദേശ വിമാന കരാറിനായി അനന്തമായി കാത്തിരിക്കുന്നത് ഇന്ത്യയുടെ വ്യോമസുരക്ഷയെ പ്രതികൂലമായി ബാധിക്കും. അതിനാൽ, റഫാൽ കരാർ പരാജയപ്പെടുകയോ വൈകുകയോ ചെയ്താൽ, സുഖോയ് വിമാനങ്ങളുടെ അത്യാധുനിക നവീകരണവും തേജസ് എംകെ1എ, എംകെ2 പദ്ധതികളുടെ അതിവേഗ ഉത്പാദനവും, തദ്ദേശീയ യുസിഎവികളുടെ വിന്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഹൈബ്രിഡ് തന്ത്രം സ്വീകരിക്കുന്നതാണ് ഇന്ത്യൻ വ്യോമ പ്രതിരോധ സുരക്ഷിതത്വത്തിന് ഏറ്റവും അനുയോജ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ചൈനയുടെ സ്‌റ്റെൽത്ത് ഭീഷണി

ഇനി റഫാൽ വിമാനങ്ങൾ വാങ്ങുന്ന പദ്ധതി വിജയിച്ചാലും അതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. ചൈനയുടെ വേഗത്തിൽ വളരുന്ന അഞ്ചാംതലമുറ യുദ്ധവിമാന ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയുടെ പക്കലുള്ള 4.5 തലമുറ യുദ്ധവിമാനമായ റഫാലിന്റെ എണ്ണം കൂട്ടുന്നത് തന്ത്രപരമായ വലിയൊരു നേട്ടമാണെങ്കിലും, അതുകൊണ്ട് മാത്രം ചൈനയുടെ വെല്ലുവിളികളെ പൂർണ്ണമായി മറികടക്കാൻ കഴിയില്ല. അഞ്ചാംതലമുറ വിമാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാനുള്ള അവയുടെ 'സ്റ്റെൽത്ത്' ശേഷിയാണ്. റഫാലിന് ഭാഗികമായ സ്റ്റെൽത്ത് ഡിസൈൻ ഉണ്ടെങ്കിലും ചൈനീസ് വിമാനങ്ങളെപ്പോലെ പൂർണ്ണമായ സ്റ്റെൽത്ത് ശേഷിയില്ല. ശത്രുവിമാനങ്ങൾ തങ്ങളെ കണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ സ്‌റ്റെൽത്ത് വിമാനങ്ങൾക്ക് എതിരാളികളെ കണ്ടെത്താനാകും. ഈ മുൻതൂക്കം ആക്രമണശേഷി വർധിപ്പിക്കുന്നുണ്ട്.

സാങ്കേതികവിദ്യയിൽ റഫാലിന് ചില വലിയ നേട്ടങ്ങളുണ്ട്. ഇതിലെ SPECTRA ഇലക്ട്രോണിക് വാർഫെയർ സംവിധാനത്തിന് ശത്രു റഡാറുകളെ ജാം ചെയ്യാനും വിമാനത്തിന്റെ സാന്നിധ്യം പരമാവധി മറയ്ക്കാനും സാധിക്കും. കൂടാതെ, ദീർഘദൂര ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള മെറ്റിയോർ (BVR) മിസൈലുകൾ, സ്‌കാൽപ്പ് ക്രൂയിസ് മിസൈലുകൾ എന്നിവ റഫാലിനെ മാരകമാക്കുന്നു. റഫാൽ ലോകമെമ്പാടുമുള്ള വിവിധ യഥാർത്ഥ യുദ്ധമുഖങ്ങളിൽ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുള്ളതാണ്. എചൈനയുടെ ജെ-20 വിമാനങ്ങൾക്ക് ഇതുവരെ ഒരു യഥാർത്ഥ വ്യോമയുദ്ധത്തിന്റെ പോലും നേരിട്ടുള്ള പരിചയസമ്പത്തില്ല. എന്നാൽ പോലും അവയെ അവഗണിക്കാനാകില്ല എന്നുള്ളത് ഓർക്കേണ്ടതുണ്ട്.

വെറുമൊരു 4.5 തലമുറ വിമാനമാണെങ്കിലും ശരിയായ തന്ത്രങ്ങളും മികച്ച പൈലറ്റിങ് നൈപുണ്യവും ഉണ്ടെങ്കിൽ റഫാലിന് ചൈനീസ് വിമാനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്താനാകും. എങ്കിലും, ചൈനയുടെ വലിയ അളവിലുള്ള അഞ്ചാംതലമുറ വിമാനശേഖരത്തെ കേവലം കൂടുതൽ റഫാലുകൾ വാങ്ങി നേരിടുക എന്നത് പ്രായോഗികമല്ല. 2026 ആവസാനിക്കുമ്പോഴേക്കും 500 ജെ-20 യുദ്ധവിമാനങ്ങൾ ചൈനീസ് വ്യോമസേനയുടെ ഭാഗമാകും. ഈ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാകില്ല.

ഇതിനെ മറികടക്കാൻ വ്യോമപ്രതിരോധ സംവിധാന പദ്ധതികൾ വേഗത്തിലാക്കുക എന്നത് സുപ്രധാനമാണ്. ഇവ ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ സഹായിക്കും. ഇതിനൊപ്പം കാറ്റ്‌സ് വാറിയർ പോലെയുള്ള ലോയൽ വിങ്മാൻ പദ്ധതികൾ വേഗത്തിലാക്കുകയും ഘാതക് പോലുള്ള അറ്റാക്ക് ഡ്രോണുകളുടെ പദ്ധതി പ്രാവർത്തികമാക്കുകയും വേണം. കൂടുതൽ റഫാലുകൾ വാങ്ങുന്നത് ഇന്ത്യയ്ക്ക് ഉടനടി ശക്തമായ ഒരു പ്രതിരോധം നൽകുമെങ്കിലും, ചൈനയുടെ വിമാനങ്ങളോട് ദീർഘകാലാടിസ്ഥാനത്തിൽ പൂർണ്ണമായി മത്സരിക്കണമെങ്കിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന അഞ്ചാംതലമുറ വിമാനങ്ങൾ എത്രയും വേഗം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്.