റിയാദ്: ശാശ്വതപരിഹാരമുണ്ടാക്കാനാകാതെ ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ, പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി സൗദി അറേബ്യയും യെമെനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ആളുന്നു. യെമെന്റെ ചെങ്കടൽതീരത്തെ തന്ത്രപ്രധാന തുറമുഖമായ ഹൊദൈദ ഒഴിയാൻ സൗദി നേതൃത്വത്തിലുള്ള സഖ്യസേന മുന്നറിയിപ്പുനൽകി. ഇതോടെ മേഖലയിൽ പുതിയ സൈനിക നീക്കമുണ്ടാകുമെന്ന ആശങ്കയേറി.

To advertise here,

ആക്രമണത്തിന്റെ സമയമോ ലക്ഷ്യമിടുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങളോ സൗദി പുറത്തുവിട്ടിട്ടില്ല. യെമെനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ഭക്ഷണവും മാനുഷികസഹായവും എത്തിക്കുന്ന പ്രധാന കവാടമാണ് ഹൊദൈദ. തുറമുഖം ആക്രമിച്ചാൽ ജിദ്ദയുൾപ്പെടെ ചെങ്കടൽതീരത്തെ സൗദിയുടെ എല്ലാ തുറമുഖങ്ങളും ലക്ഷ്യമിടുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. റിയാദിലെ സാമ്പത്തിക മേഖലയും ജിസാനിലെ വൈദ്യുത നിലയവും ആക്രമിക്കുമെന്നും ഭീഷണിമുഴക്കി. സൗദിയുടെ വ്യോമാതിർത്തി സുരക്ഷിതമല്ലെന്നും വരും മണിക്കൂറുകളിൽ ആക്രമണം നടത്തുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു. മുന്നറിയിപ്പിൽനിന്ന് മക്ക, മദീന നഗരങ്ങളെ ഒഴിവാക്കി. സൗദിക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്കും മുന്നറിയിപ്പുനൽകി. വെള്ളിയാഴ്ച സൗദിയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും പ്രതിരോധസേന തകർത്തതായി സൗദി അറിയിച്ചു.

ഇതിനിടെ, യെമെനിലെ മോഖ തുറമുഖത്തുള്ള വൈദ്യുതനിലയത്തിനുനേരേ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു. സനായിലും തായിസിലും ആക്രമണമുണ്ടായി. വെള്ളിയാഴ്ച സിവിലിയൻ ബോട്ടിനുനേരേയുണ്ടായ സൗദി വ്യോമാക്രമണത്തിൽ എട്ടു കുട്ടികളുൾപ്പെടെ 19 പേർ കൊല്ലപ്പെട്ടെന്ന് ഹൂതി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിമാനസർവീസുകൾ നിർത്തിവെച്ചത് നീട്ടി

സംഘർഷസാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി. ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയും നിർത്തിെവച്ചു. ബാധിക്കപ്പെട്ട യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് പുനഃക്രമീകരിക്കാനോ മുഴുവൻ തുകയും തിരികെ വാങ്ങാനോ സൗകര്യമുണ്ടാകും.