
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനേയിയുടെ ഇസ്രയേൽ- ഇറാൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാടുകടത്തപ്പെട്ട കിരീടാവകാശി ഷാ മുഹമ്മദ് റിസ പഹ്ലവി. ഈ കാലത്തെ ഏറ്റവും ഭയാനകനായ ഏകാധിപതിയും ഇറാനിലെ ധീരരായ പുത്രന്മാരെയും പുത്രിമാരെയും കൊന്നയാളുമാണ് ഖമേനേയിയെന്ന് പഹ്ലവി എക്‌സിൽ കുറിച്ചു. ഇറാന്റെ സ്ഥിരമായ സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന അവസരമാണിതെന്നും ജാഗ്രതയോടെ സജ്ജരായി ഇരിക്കണമെന്നും പഹ്ലവി ജനങ്ങളോട് ആവശ്യപ്പെട്ടു.
എന്റെ സഹ പൗരന്മാരെ,
രക്തദാഹിയായ സ്വേച്ഛാധിപതിയും ഇറാനിലെ ലക്ഷക്കണക്കിന് ധീരരായ പുത്രീപുത്രന്മാരെ കൊന്നൊടുക്കിയവനുമായ അലി
ഖമനേയി ചരിത്രത്തിന്റെ താളുകളിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ഈ മരണത്തോടെ, ഇസ്ലാമിക റിപ്പബ്ലിക്ക് അവസാനത്തിലെത്തിയിരിക്കുന്നു. വളരെ വേഗം ഇത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെടും.
ഖമനേയിയുടെ പിൻഗാമിയെ നിയമിക്കാനുള്ള ഭരണകൂടത്തിന്റെ ശേഷിപ്പുകളുടെ ഏത് ശ്രമവും തുടക്കം മുതലേ പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണ്. അവർ അദ്ദേഹത്തിന് പകരം ആരെ വെച്ചാലും അവർക്ക് നിയമസാധുതയോ ദീർഘായുസ്സോ ഉണ്ടാകില്ല. ഈ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളിൽ അവർ നിസ്സംശയമായും പങ്കാളികളായിരിക്കും. തകർന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തെ നിലനിർത്താനുള്ള ഏത് ശ്രമവും പരാജയപ്പെടും. ഇറാന്റെ സ്ഥിരമായ സ്വാതന്ത്ര്യത്തിലേക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയാകാനുമുള്ള അവസാന അവസരമാണിത്.
കുറ്റവാളിയായ ഖമനേയിയുടെ മരണം, ചൊരിഞ്ഞ രക്തത്തിന് പക വീട്ടുന്നില്ലെങ്കിലും, ഇറാനിലെ സിംഹത്തിന്റെയും സൂര്യന്റെയും ദേശീയ വിപ്ലവത്തിൽ ജീവൻ ബലി കഴിച്ചവരുടെ ദുഃഖിതരായ പിതാക്കന്മാർക്കും അമ്മമാർക്കും, ഭർത്താക്കന്മാർക്കും ഭാര്യമാർക്കും, പുത്രന്മാർക്കും പുത്രിമാർക്കും, കുടുംബങ്ങളുടെ മുറിവേറ്റ ഹൃദയങ്ങൾക്ക് ആശ്വാസം നൽകിയേക്കാം.
ഇറാനിലെ ബഹുമാനപ്പെട്ടതും ധീരരുമായ ജനങ്ങളെ, ഇത് നമ്മുടെ മഹത്തായ ആഘോഷങ്ങളുടെ തുടക്കമായിരിക്കാം, എന്നാൽ ഇതൊരിക്കലും അവസാനമല്ല. ജാഗ്രതയോടെ സജ്ജരായി ഇരിക്കുക. തെരുവുകളിൽ വ്യാപകവും നിർണായകവുമായ സാന്നിധ്യത്തിനായുള്ള സമയം വളരെ അടുത്താണ്. ഒരുമിച്ച്, ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രയത്‌നിച്ചാൽ അന്തിമ വിജയം നേടും.
അപ്രതീക്ഷിതമായ സൈനിക നടപടിയിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അമേരിക്കയും ഇസ്രയേലും ഇത് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനേയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ഇറാൻ വിപ്ലവത്തിന്റെ അമരക്കാരൻ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പാശ്ചാത്യരുടെ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയെന്നാണ് ഖമനേയിയെ ഇറാൻ വിശേഷിപ്പിക്കുന്നത്.
Content Highlights: Exiled Iranian prince Reza Pahlavi celebrates the death of Supreme Leader Ali Khamenei., Pahlavi declares Khamenei's death as the beginning of the end for the Islamic Republic.
Published: 01 Mar 2026, 11:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented