ടെൽ അവീവ്: പൊതുതിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് അവസാന നിമിഷം ഇറാന് നേരെ വ്യോമാക്രമണം നടത്താനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ സൈനിക നേതൃത്വവും ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. അഭിപ്രായ സർവേകൾ പ്രകാരം ഒക്ടോബർ 27-ന് നടക്കുന്ന നെസ്സറ്റ് (പാർലമെന്റ്) തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ തീവ്ര യാഥാസ്ഥിതിക സഖ്യവും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിജയസാധ്യത മെച്ചപ്പെടുത്താനായിരുന്നു ഈ അടിയന്തര ആക്രമണ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഒക്ടോബർ 10-ഓടെ ആക്രമണം നടത്താനുള്ള നെതന്യാഹുവിന്റെ നീക്കത്തോട് ട്രംപ് ഭരണകൂടവും ഇസ്രയേൽ പ്രതിരോധ സേനയും (ഐ.ഡി.എഫ്.) വിയോജിക്കുകയായിരുന്നുവെന്ന് ഫിനാൻഷ്യൽ ടൈംസ് വെളിപ്പെടുത്തി.
പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ മാസം തന്നെ ഇറാനെതിരെ വലിയൊരു സൈനികനീക്കം നടത്താനാണ് നെതന്യാഹു തിടുക്കം കാട്ടിയത്. എന്നാൽ, നവംബർ മൂന്നിന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമേഷ്യയിൽ മറ്റൊരു വലിയ യുദ്ധത്തിലേക്ക് എടുത്തുചാടാൻ ട്രംപ് തയാറായില്ല. ഇതോടെ നെതന്യാഹുവിന്റെ പദ്ധതിക്ക് തടയിടുകയായിരുന്നു.
ആക്രമണത്തിന്റെ സമയം, ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ സ്വഭാവം, യു.എസിന്റെ നിലപാട് എന്നീ മൂന്ന് കാര്യങ്ങളിൽ നെതന്യാഹുവും ഇസ്രയേൽ സൈനിക നേതൃത്വവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഒക്ടോബർ ആദ്യവാരംതന്നെ ആക്രമണത്തിനുള്ള സന്നാഹം കൂട്ടാൻ നെതന്യാഹു ശ്രമിച്ചെങ്കിലും, ആക്രമണത്തിന് ട്രംപ് പൂർണസമ്മതം മൂളിയിട്ടില്ലെന്ന് സൈന്യത്തിന് വ്യക്തമായിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന വ്യോമാക്രമണം വോട്ടെടുപ്പിനെ അട്ടിമറിക്കുമെന്നും തിരഞ്ഞെടുപ്പ് തന്നെ മാറ്റിവെക്കുന്നതിലേക്ക് നയിക്കുമെന്നും ഐ.ഡി.എഫ്. മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാൽ സമീറും യു.എസ്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും തമ്മിൽ നടന്ന ആശയവിനിമയമാണ് നെതന്യാഹുവിന്റെ പെട്ടെന്നുള്ള യുദ്ധനീക്കത്തിന്റെ അപകടം ട്രംപ് ഭരണകൂടത്തിന് മുന്നിലെത്തിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനിൽനിന്നോ അവരുടെ സഖ്യകക്ഷികളിൽനിന്നോ ഉടനടി വലിയ ഭീഷണിയുണ്ടെന്ന തരത്തിൽ രഹസ്യാന്വേഷണ വിവരങ്ങളെ നെതന്യാഹു രാഷ്ട്രീയനേട്ടത്തിനായി പെരുപ്പിച്ചു കാട്ടുകയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിൽനിന്ന് നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ മുന്നണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അഭിപ്രായ സർവേകൾ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് നെതന്യാഹുവിന്റെ മുന്നണിയേക്കാൾ നേരിയ മുൻതൂക്കമുണ്ട്.
ആകെ 120 സീറ്റുകളുള്ള പാർലമെന്റിൽ ഒരു പക്ഷത്തിനും തനിച്ച് കേവലഭൂരിപക്ഷം ഉറപ്പില്ല. പ്രധാനപ്പെട്ട ജൂത പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം തികയ്ക്കണമെങ്കിൽ അറബ് പാർട്ടികളുടെ പിന്തുണ ആവശ്യമായി വരും. തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയാൽപ്പോലും, സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ ഒപ്പം ചേർത്ത് ഒരു ദേശീയ ഐക്യസർക്കാർ രൂപീകരിക്കാനും അതുവഴി അധികാരം നിലനിർത്താനുമാണ് നെതന്യാഹു ലക്ഷ്യമിടുന്നത്.
പ്രചാരണത്തിനായി സൈനിക താവളങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഐ.ഡി.എഫ്. ചീഫ് ഇയാൽ സമീർ കർശന നിലപാട് സ്വീകരിച്ചതോടെ സർക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഇറാനെതിരായ യുദ്ധത്തെ ആയുധമാക്കാനുള്ള നീക്കങ്ങളും പൊളിഞ്ഞത്.
Content Highlights: Benjamin Netanyahu planned an airstrike on Iran to boost his election prospects., US President Donald Trump and the IDF blocked the military action., Tensions exist between Netanyahu and military leadership over intelligence and timing., The Knesset election is fiercely contested between right-wing and opposition parties.
Published: 23 Oct 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented