മെൽബൺ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഐക്കോണിക് മാർവൽ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 'കൂടുതൽ വളരുക, കൂടുതൽ നേടുക' എന്ന പുതിയ ദേശീയ ആപ്തവാക്യമാണ് ഇന്ത്യയുടെ വികസന കുതിപ്പിന് അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ 'മേക്ക് ഇൻ ഇന്ത്യ' എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചുവെന്ന് മോദി പറഞ്ഞു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. കൂടാതെ ഓരോ മാസവും നാലായിരത്തിലധികം പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപുമാത്രം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകിയ ബഹിരാകാശ രംഗത്ത്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് സ്റ്റാർട്ടപ്പ് സ്വന്തം റോക്കറ്റിൽ ഉടൻതന്നെ ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡിജി ലോക്കർ, ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനി തുടങ്ങിയ സംവിധാനങ്ങൾ വഴി ഇന്ത്യ കഴിഞ്ഞ 12 വർഷത്തിനിടെ കൈവരിച്ച പുരോഗതിയെക്കുറിച്ചും അദ്ദേഹം പ്രവാസികളോട് വിവരിച്ചു.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രതിരോധ കരുത്തിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഭീകരകേന്ദ്രങ്ങളെ തകർത്തപ്പോൾ അതിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇത്തരമൊരു നിർണ്ണായകമായ ആക്രമണം നടത്തിയപ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നിയോ എന്ന് അദ്ദേഹം സദസ്സിനോട് ചോദിച്ചു. 26 സാധാരണക്കാരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ നിശ്ചയദാർഢ്യത്തോടെയുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ലഷ്കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ ഒൻപത് പ്രധാന ഭീകരകേന്ദ്രങ്ങൾ ഇന്ത്യ വിജയകരമായി തകർത്തു. ഈ നടപടിയിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായും ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസും പ്രവാസി സംഗമത്തിൽ പങ്കെടുത്തു. മെൽബണിലെ പ്രവാസി സമൂഹം നഗരത്തിന് സ്ഥിരമായ ഊഷ്മളതയും സാംസ്‌കാരിക വൈവിധ്യവും നൽകുന്നുണ്ടെന്ന് നരേന്ദ്രമോദി പ്രശംസിച്ചു. മെൽബണിലെ പ്രാദേശിക പ്രവാസി വാണിജ്യ കേന്ദ്രങ്ങളെക്കുറിച്ച് സംസാരിക്കവേ അവ, 'മിനി ഇന്ത്യ' എന്ന പേരിൽ അറിയപ്പെടുന്നത് അവിടുത്തെ സാംസ്‌കാരികമായ ഇന്ത്യൻ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. സാധനങ്ങൾ വാങ്ങാൻ ഉദ്ദേശമില്ലാത്തവർ പോലും അവിടുത്തെ വിൽപനയുടെ ആവേശം കണ്ടാൽ എന്തെങ്കിലും വാങ്ങിപ്പോകുമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചും പ്രധാനമന്ത്രി ഏടുത്തുപറഞ്ഞു. 28 വർഷത്തെ നീണ്ട നയതന്ത്ര ഇടവേളയ്ക്ക് ശേഷം 2014-ലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ഓസ്‌ട്രേലിയ സന്ദർശിച്ചത്. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ മൂന്ന് തവണ മോദി ഇവിടെ എത്തി. ഇതിനെ ഒരു 'സന്ദർശനങ്ങളുടെ ഹാട്രിക്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇനി ഒരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരില്ലെന്ന തന്റെ വാഗ്ദാനം താൻ പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: PM Modi addresses the Indian diaspora in Melbourne, highlighting India's rise to a top 3 global economy.
Published: 09 Jul 2026, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented