
നീസ് (ഫ്രാൻസ്): ഗ്ലോബൽ ഇന്നവേഷൻ രംഗത്ത് ഉയർന്നുവരുന്ന ശക്തിയായി മാറിയ ഇന്ത്യ, ലോകത്തിന് പരിഹാരങ്ങൾക്കായി ആശ്രയിക്കാവുന്ന പ്രധാന കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ വെറുമൊരു ഉപഭോക്താവായി തുടരുന്ന രീതിയിൽനിന്ന്, ആഗോള പ്രതിസന്ധികൾക്ക് പരിഹാരം നിർദേശിക്കുന്ന പങ്കാളിയായി രാജ്യം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ നീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം 'ഭാരത് ഇന്നവേറ്റ്സ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാണിജ്യ താത്പര്യങ്ങൾക്കപ്പുറം, മനുഷ്യരാശിയുടെ നന്മയ്ക്കായി പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഇന്ത്യയിലെ യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ യുവത്വത്തിന് പുതിയൊരു ചിന്താഗതിയുണ്ടെന്നും അവർ മുഴുവൻ മാനവരാശിയെയും കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ലോകത്തിന് വേണ്ടിയാണ് ഇന്ത്യ പുതിയ കണ്ടെത്തലുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യം പരാമർശിച്ചുകൊണ്ട്, പുതിയ ആശയങ്ങൾ, രീതികൾ, അല്ലെങ്കിൽ ഉത്പന്നങ്ങൾ എന്നിവ സൃഷ്ടിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നത് ഭാരതത്തിന്റെ ഡി.എൻ.എ.യിൽ ഉള്ളതാണെന്ന് മോദി പറഞ്ഞു. ആയുർവേദം, യോഗ, ഗണിതം, ശാസ്ത്രം എന്നിവയിലൂടെ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യ മനുഷ്യരാശിയുടെ പുരോഗതിക്ക് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്ത് ശക്തമായ ഇന്നവേഷൻ എക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ തന്റെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ‘അടൽ ടിങ്കറിങ് ലാബ്’ പദ്ധതി ഇതിന് മികച്ച ഉദാഹരണമാണ്. പേറ്റന്റ് അപേക്ഷാ നടപടികൾ ലളിതമാക്കിയത് മുതൽ ഇൻകുബേഷൻ ശൃംഖലകൾ, സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ, നയപരമായ പിന്തുണകൾ എന്നിവയിലൂടെ ഇത് രാജ്യത്തിന്റെ താഴേതട്ടിൽ എത്തിക്കാൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Prime Minister Narendra Modi declared India as a rising global innovation hub capable of providing sustainable solutions to world crises while addressing the 'Bharat Innovates' event alongside French President Emmanuel Macron in Nice.
Published: 14 Jun 2026, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented