ശബരിമല: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് അപ്പവും അരവണയും ലഭിക്കാൻ ഭക്തർ കാത്തുനിന്ന് വലഞ്ഞു. മണിക്കൂറുകളോളം വരിനിന്നാണ് പലർക്കും പ്രസാദം വാങ്ങാനായത്. ശനിയാഴ്ച രാവിലെയോടെ അപ്പത്തിന്റെ സ്റ്റോക്ക് തീരുകയുംചെയ്തു.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന ദേവസ്വംബോർഡിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഒരുദിവസം മാത്രം നട തുറന്നപ്പോൾപ്പോലും ആവശ്യത്തിന് ക്രമീകരണങ്ങൾ ചെയ്യാനായില്ല.
കൗണ്ടറുകളിലെ കടുത്ത മെല്ലെപ്പോക്കും പ്രതിസന്ധിക്ക് കാരണമായി. വെള്ളിയാഴ്ച വൈകീട്ട് നട തുറന്നതുമുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓൺലൈൻ ബുക്കിങ് കൗണ്ടറുകൾ ഉൾപ്പെടെ ആറെണ്ണമാണ് സജ്ജീകരിച്ചിരുന്നത്. എല്ലാ കൗണ്ടറിലും വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും കൂടുതൽ കൗണ്ടറുകൾ തുറക്കാനോ, അധിക ജീവനക്കാരെ നിയോഗിക്കാനോ ദേവസ്വംബോർഡ് നിർദേശം നൽകിയില്ല.
മൂന്നുവർഷമായി ആട്ടവിശേഷത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ, പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരിൽ വലിയ വർധനവുണ്ട്. ഇത് മുൻകൂട്ടികണ്ട് മതിയായ അളവിൽ അപ്പം തയ്യാറാക്കി സൂക്ഷിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
പ്ലാന്റ് അറ്റകുറ്റപ്പണികൾ നടന്നതിനെത്തുടർന്ന് കഴിഞ്ഞ മാസപൂജ സമയത്ത് അരവണവിതരണം തടസ്സപ്പെട്ടിരുന്നു. പ്ലാന്റ് പൂർണസജ്ജമായത് മുതൽ പ്രതിദിനം മൂന്നരലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാനാവുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്തെ പ്രസാദവിതരണം കാര്യക്ഷമമായി നടന്നില്ല. വെള്ളിയാഴ്ച വൈകീട്ടുമുതലുള്ള തിരക്ക് മനസ്സിലാക്കി അതിന് അനുസരിച്ച് പ്രവർത്തിക്കാൻ ബോർഡിന് കഴിഞ്ഞില്ല. ഇതിൽ ഭക്തർക്കിടയിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മണ്ഡലകാലത്തിനായി 16ന് വീണ്ടും നടതുറക്കാനിരിക്കെ ഒരുക്കം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നാണ് തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ തിരക്കുകാണിക്കുന്നത്.
Content Highlights: Severe shortage of Appam and Aravana prasadam during Chithira Attavishesham at Sabarimala., Appam stock completely ran out by Saturday morning., Devaswom Board failed to make adequate arrangements despite rising pilgrim numbers., Slow counter operations and lack of additional staff worsened the situation., Need for better management before Mandalakalam opens on the 16th.
Published: 08 Nov 2026, 07:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented