തിരുവനന്തപുരം: എൻ.ടി.പി.സി.യുടെ കായംകുളം താപനിലയവുമായുള്ള കരാർ 2028 വരെ നീട്ടും. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം ഉടനുണ്ടാകും. താപനിലയം നിലനിർത്താൻ വർഷം 100 കോടി നൽകാൻ തയ്യാറാണെന്ന് സർക്കാർ കമ്മിഷനെ അറിയിച്ചു. നാഫ്ത ഇന്ധനമായിരുന്ന നിലയത്തിൽനിന്നുള്ള വൈദ്യുതി വിലകൂടിയതിനാൽ 2015 മുതൽ കെ.എസ്.ഇ.ബി. സ്വീകരിക്കുന്നില്ല. എങ്കിലും അന്നു മുതൽ ഫിക്‌സഡ് കോസ്റ്റ് നൽകുന്നുണ്ട്. വൈദ്യുതി വാങ്ങാതെത്തന്നെ ഇതിനകം 1500 കോടിയോളം രൂപ നൽകിക്കഴിഞ്ഞു.
താപനിലയവുമായുള്ള കരാർ 2025 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഇത് നീട്ടിയില്ലെങ്കിൽ എൻ.ടി.പി.സി.യുടെ താൽച്ചർ നിലയത്തിൽ നിന്ന് കേരളത്തിന് വിലകുറഞ്ഞ 180 മെഗാവാട്ട് വൈദ്യുതി നൽകുന്നത് നിർത്തുമെന്ന് എൻ.ടി.പി.സി. അറിയിച്ചിരുന്നു. ഇതോടെയാണ് നിബന്ധനകളോടെ മൂന്നുവർഷത്തേക്ക് കരാർ പുതുക്കാൻ തത്ത്വത്തിൽ സമ്മതിച്ചത്.
വർഷം നൂറുകോടി നൽകുന്നതിനെ റെഗുലേറ്ററി കമ്മിഷൻ ചോദ്യംചെയ്തിരുന്നു. നിലയത്തിന്റെ വാർഷികച്ചെലവ് പരിശോധിച്ചപ്പോൾ 70 കോടിയാണെന്ന് കണ്ടത്തിയിരുന്നു.
ഇവിടെ ബാറ്ററി സ്റ്റോറേജ് നിലയം (ബെസ്) സ്ഥാപിക്കണമെന്നും ചകിരിച്ചോർ അഴുകുമ്പോഴുണ്ടാകുന്ന വാതകം (പീറ്റ് ഗ്യാസ്) ഉപയോഗിച്ച് വൈദ്യുതിനിർമിക്കുന്നത് പരിശോധിക്കണമെന്നും ഫ്ളോട്ടിങ് സോളാർ നിലയം സ്ഥാപിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇവിടെ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി നിർമിക്കാനുള്ള പരീക്ഷണം നടത്തിയിരുന്നു.
അടുത്തിടെ നടന്ന ചർച്ചകളിൽ സിന്നാർ നിലയത്തിൽനിന്ന് ജനുവരിയിലും മാർച്ചിലുമായി 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്നും എൻ.ടി.പി.സി. അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രയോജനപ്പെടുന്നവിധം നിലയം വികസിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ അധ്യക്ഷനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കുന്നതുൾപ്പടെയുള്ള നടപടികൾ കേരളം സ്വീകരിക്കണമെന്നാണ് കമ്മിറ്റിയുടെ നിർദേശം.
Content Highlights: NTPC Kayamkulam power plant agreement extended until 2028., Government agreed to pay 100 crore rupees annually to maintain the plant., Failure to extend the agreement threatened the supply of 180 MW cheap power from Talcher plant., Proposals include setting up a battery storage plant, floating solar plant, and exploring peat gas and methanol power generation.
Published: 08 Nov 2026, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented