പശ്ചിമേഷ്യ അക്ഷരാർഥത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. ഗാസയിൽ ഒരുവർഷംമുൻപ്‌ ആരംഭിച്ച യുദ്ധം വിവിധരാജ്യങ്ങളിലേക്ക് പടർന്നുകയറുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോഴതു ഗാസയിലും തെക്കൻ ലെബനനിലും കേന്ദ്രീകരിച്ചിരിക്കുന്നെങ്കിലും ഇറാനിലേക്കും യെമെനിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്രയേലിന് ഇത് സൈനികസാഹസത്തിന്റെ ശാക്തികപര്യടനകാലമാണ്. പലസ്തീൻ സംഘടയായ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവ് ഇസ്മയിൽ ഹനിയയെയും ലെബനീസ് സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെയും വധിച്ചതോടെ ഇസ്രയേലിന്റെ ആത്മവീര്യംകൂടി. ഭരണകൂടങ്ങളുടെ സൈനിക ആത്മവീര്യം കൂടുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിച്ച ഒരുകാലംകൂടിയാണിത്.

നിഷ്‌ക്രിയം ലോകം    

ഇത്രയും വലിയനാശം സംഭവിച്ചിട്ടും ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്രസമൂഹം ശക്തമായ നടപടികളെടുക്കാൻ തയ്യാറാകാതെ നിഷ്‌ക്രിയമായി നിൽക്കുന്നു. ഇസ്രയേലിസൈന്യം നടത്തിയ കുറ്റകൃത്യങ്ങളുടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗാസയിൽ വംശഹത്യ നടക്കുന്നതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഈ വർഷമാദ്യം വിധിച്ചത്. വിധികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. പാശ്ചാത്യരാജ്യങ്ങളുടെ നിഷ്‌ക്രിയത്വം അന്താരാഷ്ട്ര തത്ത്വങ്ങളുടെ ലംഘനം മാത്രമല്ല, വംശഹത്യയുടെ പങ്കാളിത്തവുംകൂടിയാണ്. 

ദ്വിരാഷ്ട്ര പരിഹാരം

സമാധാനത്തിലേക്കുള്ള ഏക മാർഗമായി അന്താരാഷ്ട്രസമൂഹം ദീർഘകാലമായി ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ, പലസ്തീൻ ഭൂമിയിൽ ഇസ്രയേലിന്റെ തുടർച്ചയായ കോളനിവത്കരണം ആ നിർദേശത്തെ അപ്രസക്തമാക്കി. പലസ്തീൻരാഷ്ട്രമെന്ന ആശയംതന്നെ ഇസ്രയേൽ നേതൃത്വം ഇപ്പോൾ നിരാകരിക്കുന്നു. 2024 ജൂലായിൽ, ഇസ്രയേൽ പാർലമെന്റ് പലസ്തീന്‍റെ പരമാധികാരത്തിനെതിരേ വോട്ടുചെയ്തു. പലസ്തീൻരാഷ്ട്രമെന്നത് കേവലം ഒരു രാഷ്ട്രീയസംവാദവിഷയമല്ല. ഇസ്രയേൽ സർക്കാരുകൾ പലസ്തീൻജനതയുടെ അസ്തിത്വംതന്നെ നിഷേധിക്കുന്നു. അതും ജൂതകുടിയേറ്റങ്ങളുടെ വ്യാപനവും വർണവിവേചനനയങ്ങളും, ദ്വിരാഷ്ട്ര പരിഹാരം അത്ര എളുപ്പമല്ലെന്ന് കാണിക്കുന്നു. കഴിഞ്ഞ ഒരുവർഷമായി അമേരിക്കയിലും യൂറോപ്പിലും വലിയ പ്രകടനങ്ങളിലൂടെ ജനങ്ങൾ പലസ്തീനിയൻ വംശഹത്യയ്ക്കെതിരായ എതിർപ്പുയർത്തുന്നുണ്ട്. വിഭജനം മതങ്ങൾ തമ്മിലല്ല, വംശഹത്യയെ എതിർക്കുന്നവരും അനുവദിക്കുന്നവരും തമ്മിലാണ് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.

ഉത്തരവാദി ആര്?

ഇസ്രയേലിനൊപ്പം ഒരു പലസ്തീൻരാഷ്ട്രം എന്നത് ഐക്യരാഷ്ട്രസഭ അംഗീകരിച്ച കാര്യമാണെന്നത് ശീതയുദ്ധകാലത്തുതന്നെ പലരും മറന്നു. 1948-ൽ പലസ്തീൻ വിഭജിക്കുമ്പോൾ അവിടെ നിലനിന്ന രാഷ്ട്രത്തെ ഇല്ലായ്മ ചെയ്തുകൊണ്ടായിരുന്നല്ല ഇസ്രയേൽ സ്ഥാപിച്ചത്. കാലാന്തരത്തിൽ പലസ്തീനെ ഇല്ലായ്മചെയ്തവരും അതിനു കൂട്ടുനിന്നവരും ഇതിനുത്തരം പറയേണ്ടതല്ലേ? വിഭജനാനന്തരം ചിന്നിച്ചിതറിയ പലസ്തീൻ അഭയാർഥികളുടെ ഭാവിയെ സംബന്ധിച്ചു അറബ് രാജ്യങ്ങൾക്കുപോലും ഏകകണ്ഠമായ നിലപാടില്ലായിരുന്നു. അവരെല്ലാം സ്വന്തംകാര്യങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയായിരുന്നു. ജന്മദേശത്തേക്ക്‌ മടങ്ങാനുള്ള പലസ്തീൻകാരുടെ അവകാശത്തെ ഇവരെല്ലാംകൂടി തുരങ്കം വെക്കുകയായിരുന്നു. 

To advertise here,

വെസ്റ്റ്ബാങ്കിലെ നിർബന്ധിത ജൂതകുടിയേറ്റം അന്താരാഷ്ട്ര നിയമമനുസരിച്ചു ക്രിമിനൽക്കുറ്റമാണ്. അതുപോലെ ജറുസലേമിന്റെ കാര്യത്തിൽ അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും യു.എൻ. പ്രമേയങ്ങളെ അട്ടിമറിച്ചിരിക്കുകയാണ്. യു.എൻ. വിഭജനപദ്ധതിപ്രകാരംതന്നെ അതൊരു സാർവദേശീയ പുണ്യസ്ഥലമായി പ്രഖ്യാപിക്കേണ്ടതായിരുന്നു.  വർഷങ്ങൾ നീണ്ട ഇസ്രയേൽ-പലസ്തീൻ സമാധാനചർച്ചകൾ എങ്ങുമെത്താതെ നീങ്ങിയതിന്റെ ഉത്തരവാദിത്വം ഇവർക്കെല്ലാമുണ്ട്. 1993-ൽ ആരംഭിച്ച ഒസ്‌ലോ സമാധാനപ്രക്രിയപ്രകാരം പലസ്തീൻകാർ ഇസ്രയേൽ രാഷ്ട്രത്തെ അംഗീകരിച്ചത് മാറ്റങ്ങൾക്കു തുടക്കംകുറിച്ചിരുന്നു. ഇസ്രയേൽ പി.എൽ.ഒ.യെയും പലസ്തീൻ ജനതയുടെ ഏകപ്രതിനിധിയായി അംഗീകരിച്ചു. തുടർന്നാണ് സ്വയംഭരണാധികാരമുള്ള പലസ്തീൻ അതോറിറ്റി രൂപവത്കരിച്ചത്.

ഒസ്‌ലോ ഉടമ്പടികൾ ഇസ്രയേലിനു തീരാഭീഷണിയാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ സമാധാനത്തിനുള്ള സാധ്യതകൾ വീണ്ടും അടഞ്ഞു. 1996-ൽ അദ്ദേഹം പ്രധാനമന്ത്രിയായതോടെ ഈ നിലപാട് സാധൂകരിക്കാൻ നടപടികൾ തുടങ്ങി. അധിനിവേശപലസ്തീൻ  പ്രദേശങ്ങളിൽ ജൂതന്മാരെ കുടിയിരുത്താനുള്ള പുതിയ പദ്ധതികൾക്ക് ഇസ്രയേൽ ഭരണകൂടം അനുമതിനൽകി. ഇതിനെത്തുടർന്ന് ഹമാസും കൂടുതൽ ആക്രമണങ്ങളിലേക്കു തിരിഞ്ഞു. 

ദ്വിരാഷ്ട്ര പരിഹാരം എന്ന ആത്യന്തിക ലക്ഷ്യത്തോടെ സമാധാനപ്രക്രിയ മുന്നോട്ടുപോയെങ്കിലും അതെങ്ങുമെത്തിയില്ല. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ അമേരിക്ക തയ്യാറാക്കിയ സമാധാനപദ്ധതിയെ നെതന്യാഹു ‘നൂറ്റാണ്ടിന്റെ കരാർ’ എന്നുവിളിച്ചിരുന്നു, പക്ഷേ, പലസ്തീൻകാർ ഇതിനെ  നിരാകരിച്ചു. ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അവർ നടത്തിയ വ്യോമാക്രമണവും കൂട്ടശിക്ഷയായാണ് ഗാസയിലെ ജനങ്ങൾക്കു അനുഭവപ്പെട്ടത്. നീണ്ടുനിന്ന ഇസ്രയേലി ആക്രമണങ്ങൾ പ്രതിരോധിച്ചുനിന്നെങ്കിലും ഹമാസ് പലഘട്ടത്തിലും തിരിച്ചുള്ള  ആക്രമണങ്ങൾക്കും തുടക്കമിട്ടു. അതാണ് ഇപ്പോൾ നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള സംഘർഷത്തിലേക്കും യുദ്ധത്തിലേക്കും നയിച്ചത്. 

ആയുധക്കൂട്ടുകെട്ട്  

ഇസ്രയേലിലേക്കും മേഖലയിലെ സായുധശക്തികളിലേക്കും ആയുധങ്ങൾ എത്തുന്നിടത്തോളം കാലം യുദ്ധം തുടരുമെന്നും ജനങ്ങൾ ദുരിതം തുടർന്നും അനുഭവിച്ചുകൊണ്ടിരിക്കുമെന്നും ലോകം തിരിച്ചറിയുന്നുണ്ട്. ഈ ആയുധങ്ങൾ (അമേരിക്കയും ജർമനിയും ഇന്ത്യയും ഉൾപ്പടെ) വിതരണം ചെയ്യുന്നവർ പലസ്തീൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം പങ്കിടുന്നു എന്ന കാര്യത്തിൽ സംശയമില്ല. പാശ്ചാത്യ സൈനിക-വ്യവസായക്കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ആയുധവിപണിയാണ് പശ്ചിമേഷ്യ. എണ്ണ വ്യാപാരത്തെക്കാൾ സാമ്ര്യാജ്യത്വരാജ്യങ്ങൾക്കു കൂടുതൽ താത്പര്യവും അതുതന്നെയാണ്. അതുകൊണ്ടു യുദ്ധവും സമാധാനമില്ലായ്മയും പശ്ചിമേഷ്യക്കു പുതിയകാര്യമല്ല. പക്ഷേ, ഇതനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അതിജീവനം കേവലം അന്താരാഷ്ട്രപ്രമേയങ്ങളിൽമാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് വലിയ ദുരന്തം. 

ആക്രമണസന്ദർഭം

ഹമാസ് ആക്രമണത്തിനു തിരഞ്ഞെടുത്ത സന്ദർഭം നോക്കുക. ഇസ്രയേലിന്റെ പലസ്തീൻമേഖലകളിലെ അധിനിവേശപ്രവർത്തനങ്ങൾ അഭൂതപൂർവമായി കൂടിവന്ന കാലമായിരുന്നു ഇത്. അതേസമയം, ചരിത്രപരമായി പലസ്തീൻകാരെ  പിന്തുണച്ചവർപോലും അവരുടെ ബദ്ധശത്രുക്കളായ ഇസ്രേലികളുമായി സന്ധിചെയ്തതു ഹമാസിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിത്താണ വെസ്റ്റ് ബാങ്കിലെ മുഹമ്മദ് അബ്ബാസിന്റെ സർക്കാർ ഇതിനോടകം ഹമാസുമായി കൊമ്പുകോർത്തു. 

ഏറ്റവുമൊടുവിൽ അബ്രഹാം ഉടമ്പടികളിലൂടെ  ഇസ്രയേലുമായി സന്ധിചെയ്ത പശ്ചിമേഷ്യൻ ഭരണകൂടങ്ങളുടെ നിലപാടിൽ ഹമാസ് അസ്വസ്ഥമായിരുന്നു. യു. എ.ഇ., ബഹ്റൈൻ, സുഡാൻ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഈ പിന്നാമ്പുറ സത്കാരങ്ങളെ തകർക്കാൻ ഹമാസ് കണ്ടവഴി മറ്റൊന്നുമല്ല. 
മാത്രമല്ല, സൗദി അറേബ്യയും ഒമാനും ഇൻഡൊനീഷ്യയും അബ്രഹാം ഉടമ്പടികളിലേക്ക്‌ നീങ്ങുന്നുവെന്ന വാർത്തകൾ ഹമാസിനെ വല്ലാതെ ക്ഷോഭിപ്പിച്ചിരുന്നു. 

പലകാലത്തും ഇറാനുമായി ബന്ധങ്ങൾ നിലനിർത്തിയിരുന്ന ഇസ്രയേലിനു മറ്റൊരു തിരിച്ചടിയുണ്ടായി. ഇറാൻ നേരിട്ട് സൈനിക, സാമ്പത്തിക സഹായങ്ങൾ നൽകിവന്നിരുന്ന ഹിസ്ബുള്ള, ഹൂതി തുടങ്ങിയ തീവ്രവാദസംഘടനകൾ ഹമാസുമായി കൂടുതൽ അടുക്കുകയും സംഘർഷങ്ങൾക്ക് മൂർച്ചകൂട്ടുകയും ചെയ്തു. ഷിയാ-സുന്നി സംഘർഷങ്ങൾ ഏറ്റവും കുറഞ്ഞത് പലസ്തീൻ പ്രശ്നത്തിലെങ്കിലും മുതലാക്കാമെന്ന ഇസ്രയേൽ തന്ത്രം പാളിയ കാലമായിരുന്നു ഇത്.  ഇസ്രയേലിനകത്തെ ആഭ്യന്തരകലഹങ്ങളും മുതലെടുക്കാൻപറ്റിയ സന്ദർഭമായി ഹമാസ് കരുതി. നെതന്യാഹുവിനെതിരേയുള്ള അഴിമതിയാരോപണങ്ങൾ ഏറ്റവും രൂക്ഷമായ സമയമായിരുന്നു അത്. ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്ത 2006 മുതൽ രൂപപ്പെട്ട സംഘർഷങ്ങൾ പ്രശ്നങ്ങളെ വഷളാക്കിയിരുന്നു.

ഇരട്ടത്താപ്പുകൾ

ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയും ഹമാസും ഹൂതികളും മേഖലയിലെ നിർണായക ശക്തികളാണെന്ന് ഇസ്രയേലിനറിയാം. അവരെ തകർത്താൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്ന് നെതന്യാഹു വിശ്വസിക്കുന്നു. ക്രമേണ അറബ് ഭരണകൂടങ്ങളും ഇതാഗ്രഹിക്കുന്നതായി അദ്ദേഹം കരുതുന്നുണ്ട്. അബ്രഹാം ഉടമ്പടികളോടുള്ള അറബ് രാജ്യങ്ങളുടെ താത്പര്യം സാമ്പത്തികലക്ഷ്യങ്ങൾ മാത്രമാണെന്നതാണു കാരണം. കൂടാതെ, ഒരു ജനകീയസർക്കാർ പലസ്തീനിൽ അധികാരത്തിൽവരുന്നത് ആത്യന്തികമായി അറബ് ഭരണകൂടങ്ങൾക്ക് വെല്ലുവിളിയാണ്. ‘അറബ് വസന്തം’ അടിച്ചൊതുക്കുന്നതിൽ ഇവരെല്ലാം ഒത്തൊരുമിക്കുന്നത് ലോകം കണ്ടു. പലസ്തീൻപ്രശ്നത്തിൽ അറബ് രാജ്യങ്ങൾ കാണിക്കുന്ന ‘ഒരുമ’യുടെ രഹസ്യം കഴിഞ്ഞനൂറ്റാണ്ടിൽത്തന്നെ വെളിവായതാണ്. പറയുന്നതിൽ ആത്മാർഥതയുണ്ടായിരുന്നെങ്കിൽ അറബ് ലീഗിനോ അല്ലെങ്കിൽ അവരിലെ ഏതെങ്കിലും പ്രമുഖ രാജ്യങ്ങൾക്കോ പലസ്തീൻകാരുടെ കിടപ്പാടം എന്നേ അവർക്കു തിരിച്ചുകൊടുപ്പിക്കാമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അടുത്ത് വന്നുനിൽക്കുന്ന അവസരത്തിൽ അമേരിക്കയ്ക്ക് മറ്റൊന്നും ചെയ്യാനില്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല. ഇസ്രയേലിനെ നിയന്ത്രിക്കുന്നത് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ കക്ഷികൾക്ക് കാലിനടിയിലെ മണ്ണിളക്കിക്കളയുന്നതിനു തുല്യമാണ്.

(എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ് ലേഖകൻ)