സനാ: യമനിലെ തെക്കൻ ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ, ലെസ്സർ ഹനീഷ് ദ്വീപുകൾ പിടിച്ചെടുത്ത് ഹൂതി വിമതർ. ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപമെത്തിയ ഹൂതികളെ പ്രതിരോധിക്കാൻ സൗദി പിന്തുണയുള്ള സർക്കാർ സൈന്യം പുനഃസംഘടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹൂതികൾ ദ്വീപുകൾ പിടിച്ചെടുത്തത്. തന്ത്രപ്രധാന തുറമുഖ നഗരമായ മോഖയും ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന മയ്യുൻ ദ്വീപും പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹനീഷ് ദ്വീപുകളും ഹൂതികൾ അധീനതയിലാക്കിയത്.

To advertise here,

നൂറുകണക്കിന് സർക്കാർ അനുകൂല സൈനികർ പിൻവാങ്ങിയതിനെ തുടർന്നാണ് ഹൂതി വിമതർ ഹനീഷ് ദ്വീപുകളിലേക്ക് കടന്നുകയറിയത്. ബാബ് അൽ-മന്ദേബിൽനിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപുകളുടെ നിയന്ത്രണം ഹൂതികൾക്ക് ലഭിച്ചത് തെക്കൻ ചെങ്കടലിൽ അവരുടെ സാന്നിധ്യം കൂടുതൽ വിപുലമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഉള്ള സാധ്യതയും തള്ളികളയനാവില്ല. മുൻപ് ഹൂതി വിമതർ അധീനതയിലാക്കിയ മയ്യുൻ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യംകൂടി കണക്കിലെടുക്കുമ്പോൾ, ചെങ്കടലിലൂടെയുള്ള വാണിജ്യക്കപ്പൽ ഗതാഗതത്തിന് ഈനീക്കം വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

ഹൂതി വിമതരുടെ പുതിയ മുന്നേറ്റങ്ങൾ ചെങ്കടലിന്റെ ആഫ്രിക്കൻ തീരത്തുള്ള തന്ത്രപ്രധാന മേഖലകളിലും ഭീഷണി ഉയർത്തുന്നുണ്ട്. ബാബ് അൽ-മന്ദേബിന് അപ്പുറം ജിബൂട്ടിയിലുള്ള യുഎസ് സൈനികത്താവളത്തിൽനിന്ന് ഏകദേശം 32 കിലോമീറ്റർമാത്രം അകലത്തിലാണ് ഇപ്പോൾ ഹൂതി കേന്ദ്രങ്ങളുള്ളത്. തുടക്കത്തിൽ വലിയ പ്രതിരോധമില്ലാതെ മുന്നേറാൻ ഹൂതികൾക്ക് സാധിച്ചെങ്കിലും  നിലവിൽ യമൻ സൈന്യം കടലിടുക്കിന് വടക്കുള്ള തന്ത്രപ്രധാന നഗരമായ ധുബാബിലേക്ക് മുന്നേറ്റം ആരംഭിച്ചിട്ടുണ്ട്.

ഹൂതികളുടെ പെട്ടെന്നുള്ള ഈ മുന്നേറ്റങ്ങൾ യമനിൽ വീണ്ടും ആഭ്യന്തരയുദ്ധത്തിന് വഴിതുറക്കുമെന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്. സൗദി സഖ്യസേന പിന്തുണയ്ക്കുന്ന സർക്കാരും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിനുശേഷം കഴിഞ്ഞ മൂന്ന് വർഷമായി രാജ്യം സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ, നിലവിലെ പോരാട്ടം ചെങ്കടലിലെ സുരക്ഷാപ്രശ്നം എന്നതിലുപരി യമനുള്ളിലെ വലിയൊരു സൈനിക ഏറ്റുമുട്ടലായി മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.