ഇസ്ലാമാബാദ്: ഗാസ സമാധാനകരാറിനെതിരേ തെഹ്‌രീകെ ലബ്ബൈക് പാകിസ്താന്‍(ടിഎല്‍പി) പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ കലാപം. കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ പഞ്ചാബ് പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ടിഎല്‍പി നേതാവ് സാദ് റിസ്‌വി പറഞ്ഞു. ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റതായും സര്‍ക്കാര്‍ ഇവര്‍ക്ക് വൈദ്യസഹായം നിഷേധിച്ചായും ടിഎല്‍പി നേതാവ് ആരോപിച്ചു.

To advertise here,

അമേരിക്കയുടെ ഗാസ സമാധാന കരാറിനെതിരേയാണ് ടിഎല്‍പി കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. അമേരിക്കയുടെ സമാധാനപദ്ധതി ഗാസയെ വഞ്ചിക്കുന്നതാണെന്നാണ് ഇവരുടെ ആരോപണം. ഇതിനെതിരേ വെള്ളിയാഴ്ച ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് മാര്‍ച്ച് നടത്താനും ടിഎല്‍പി നേതൃത്വം ആഹ്വാനംചെയ്തു. എന്നാല്‍, ടിഎല്‍പി നേതാവായ നയീം ഛാത്തയെ ഇസ്ലാമാബാദില്‍ പോലീസ് അറസ്റ്റ്‌ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. ലാഹോറിലും ഒട്ടേറെ നേതാക്കള്‍ അറസ്റ്റിലായി. തുടര്‍ന്നാണ് ആയിരക്കണക്കിന് ടിഎല്‍പി പ്രവര്‍ത്തകര്‍ ലാഹോറില്‍ സംഘടിച്ച് പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ പോലീസ് ഇവര്‍ക്കുനേരേ വെടിവെപ്പ് നടത്തുകയായിരുന്നു.

ടിഎല്‍പി പ്രതിഷേധത്തെത്തുടര്‍ന്ന് മേഖലയിലെ ഗതാഗതം സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലാഹോര്‍-ഇസ്ലാമാബാദ്-പെഷാവാര്‍ ഹൈവേ അടച്ചിട്ടിരിക്കുകയാണ്. ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.

അതേസമയം, പോലീസ് നടപടിക്കെതിരേ ടിഎല്‍പി നേതാവ് സാദ് റിസ്‌വി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് റിസ്‌വി ചോദിച്ചു. അതിനിടെ, സംഘര്‍ഷത്തിന് പിന്നാലെ ടിഎല്‍പി നേതാവ് സാദ് റിസ്‌വിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും റിസ്‌വിയുടെ ഭാര്യയെയും കുട്ടികളെയും മാതാവിനെയും കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.