ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയാണെന്ന് പാകിസ്താന് അറിയില്ലെന്ന് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാകിസ്താന് സന്തോഷമേ ഉള്ളൂ എന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
ഹാഫിസ് സയീദ് സ്വതന്ത്രനാണ് എന്നത് വസ്തുതാപരമായി ശരിയല്ലെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. അയാൾ പാക് കസ്റ്റഡിയിലാണ്. മസൂദ് അസറിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ല. മസൂദ് അസറിന്റെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. അയാളുടെ ഭൂതകാല പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, അയാൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ തെളിവുകൾ ഇന്ത്യ പാകിസ്താനുമായി പങ്കുവെച്ചാൽ അയാളെ അറസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു സമീപനം ഉണ്ടായിട്ടില്ല- ബിലാവൽ ഭൂട്ടോ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അറസ്റ്റ് ചെയ്യാൻ, മസൂദ് അസറിന്റെ വിവരങ്ങൾ ഇന്ത്യ നൽകണമെന്നാണ് പാകിസ്താൻ പ്രതീക്ഷിക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന്, ഏതെങ്കിലും രാജ്യവുമായി ഭീകരവിരുദ്ധ സഹകരണം ഉണ്ടാകുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ആശങ്കകളും അവർ അവരുടെ ആശങ്കകളും പങ്കുവെക്കും. അങ്ങനെയാണ് ലണ്ടനിലെ ആക്രമണങ്ങൾ, ന്യൂയോർക്കിലെ ആക്രമണങ്ങൾ, പാകിസ്താനിലെ ആക്രമണങ്ങൾ എന്നിവ തടയാനായത്- ബിലാവൽ ഭൂട്ടോ പറഞ്ഞു.
അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന് വിളിച്ചിരുന്നവർക്ക് തന്നെ ഇപ്പോൾ അധികാരം കൈമാറി. നാറ്റോയ്ക്ക് അഫ്ഗാനിസ്ഥാനിൽ ചെയ്യാൻ കളിയാത്തത് പാകിസ്താന് അവിടെ ചെയ്യാനാകില്ല -പീപ്പിൾസ് പാർട്ടി അധ്യക്ഷൻ കൂടിയായ ബിലാവൽ ഭൂട്ടോ പറഞ്ഞു.
2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ഭീകരാക്രമണം തുടങ്ങി നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസറിന് പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. നേരത്തെ ഇന്ത്യയിൽ പിടിയിലായ അസറിനെ 1999-ലെ കാണ്ഡഹാർ വിമാനം റാഞ്ചലിനു പിന്നാലെയാണ് വിട്ടയച്ചത്. 2019-ലാണ് അസറിനെ യു.എൻ. ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
Content Highlights: Pakistan`s Bilawal Bhutto claims they don`t know Masood Azhar`s whereabouts
Published: 05 Jul 2025, 10:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented