ഇസ്ലാമാബാദ്‌: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. 2024 ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍
സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. മണ്ഡലപുനര്‍നിര്‍ണയം ജനുവരി 29-ന് പൂര്‍ത്തിയാകുമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. 

To advertise here,

ദേശീയസഭയും പ്രവിശ്യാസഭകളും പിരിച്ചുവിട്ട് മൂന്ന് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ.), മുനീര്‍ അഹമ്മദ്, ഇബാദ്-ഉര്‍-റഹ്മാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. 

നവംബര്‍ ഏഴിനാണ് പാകിസ്താന്‍ ദേശീയസഭയുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി അവസാനിച്ചാല്‍ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാകിസ്താനിലെ നിയമം. അതേസമയം തിരഞ്ഞെടുപ്പ് നിയമപ്രകാരം സെന്‍സസിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മണ്ഡലപുനര്‍നിര്‍ണയം നിര്‍ബന്ധമായി നടത്തണം. 

2024 ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൃത്യമായ തീയതി പറഞ്ഞിരുന്നില്ല. 

2022 ഏപ്രിലില്‍ പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഷെഹബാസ് ഷെരിഫ് പാക് പ്രധാനമന്ത്രിയായി. കഴിഞ്ഞ ഓഗസ്റ്റില്‍ സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അന്‍വാര്‍ ഉള്‍ ഹഖ് കകര്‍ പ്രധാനമന്ത്രിയായ കാവല്‍ മന്ത്രിസഭയാണ് പാകിസ്താനില്‍ നിലവിലുള്ളത്.