ഫൈസാബാദ് : അഞ്ച് വിധാന്‍ സഭകളുടെ സമ്മേളനമായ ഫൈസാബാദ്  ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ടതോടുകൂടി ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ നിലപാടുകള്‍ കൂടുതല്‍ വ്യക്തതയിലേക്ക് വന്നിരിക്കുകയാണ്. ദാരിയാബാദ്, റുദൗലി, മില്‍കിപൂര്‍, ബികാപൂര്‍, പിന്നെ അയോധ്യയുമടങ്ങുന്ന ഫൈസാബാദ് മണ്ഡലം ഇക്കുറി നിലയുറപ്പിച്ചത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അവദേശ് പ്രസാദിനൊപ്പമാണ്.

To advertise here,

ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും അയോധ്യയിലെ രാം ലല്ല ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യസംഘാടകനുമായ ലല്ലു സിങ്ങിനെ ഇക്കുറി ഫൈസാബാദ് നിലംതൊടുവിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മില്‍ക്കിപൂര്‍ ഒഴികെ ബാക്കിയെല്ലാം എക്കാലവും നിലയുറപ്പിച്ചത് ബി.ജെ.പിക്കൊപ്പമായിരുന്നു എന്നതാണ് രസകരം.

 കൈവിടുമ്പോള്‍ കൂട്ടത്തോടെ കൈയൊഴിയുക എന്ന നയമാണ് ഫൈസാബാദ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. രാം ലല്ലയുടെ അനുഗ്രഹം സ്ഥാനാര്‍ഥി ലല്ലുസിങ്ങിനെ തൊട്ടുതെറിപ്പിച്ചില്ല എന്നുവേണം പറയാന്‍. 54,352 വോട്ടിന്റെ ലീഡില്‍ ലല്ലു സിങ്ങിനെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകാംഗം കൂടിയായ അവദേശ് പ്രസാദ് മറികടക്കുമ്പോള്‍ ഫൈസാബാദും പറയുകയാണ്, മതം മാത്രമല്ല രാഷ്ട്രീയം.