
ആലപ്പുഴ, കോട്ടയം മണ്ഡലങ്ങള്‍ കൂടി തിരിച്ചുപിടിച്ചതോടെ മധ്യകേരളം യു.ഡി.എഫ് കോട്ടയെന്ന് ഉറപ്പിച്ചു. എറണാകുളം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിപ്പോന്നപ്പോള്‍ത്തന്നെ കൈവിട്ടുപോയിരുന്ന ആലപ്പുഴയും കോട്ടയവും മികച്ച പ്രകടനത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചു. എന്നാല്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിക്ക് നാണക്കേടായി. പത്തു വര്‍ഷമായി കൈവിട്ടുപോയിരുന്ന ലക്ഷദ്വീപ് തിരിച്ചുപിടിക്കാനായതും കോണ്‍ഗ്രസിന് വലിയ നേട്ടമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള അതിശക്തമായ വികാരമാണ് മധ്യകേരളത്തില്‍ കണ്ടത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൂടിയുണ്ടായപ്പോള്‍ അത് യു.ഡി.എഫിന് ബംബര്‍ സമ്മാനമായി മാറി. എറണാകുളം, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളില്‍ മിന്നുന്ന പ്രകടനമാണ് യു.ഡി.എഫ് കാഴ്ച്ചവെച്ചത്.
കെ.സി വന്നു, വോട്ട് കൂടെപ്പോന്നു
കോണ്‍ഗ്രസിന്റെ ദേശീയ നേതാവെന്ന നിലയില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിനായി രാജ്യം മുഴുവന്‍ കളംനിറഞ്ഞ് കളിക്കേണ്ടി വന്ന കെ.സി വേണുഗോപാലിന് ആലപ്പുഴ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
സ്ഥാനാര്‍ഥിയുടെ അഭാവത്തിലും യു.ഡി.എഫ് സംവിധാനം ആലപ്പുഴയില്‍ അതിശക്തമായി പ്രവര്‍ത്തിച്ചു. 63513 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് കെ.സി വിജയിച്ചത്. ആലപ്പുഴയിലെ സിപിഎമ്മിലെ പടലപ്പിണക്കങ്ങള്‍ ഇടതു സ്ഥാനാര്‍ഥി എ.എം ആരിഫിന് വിനയായി. പാര്‍ട്ടിയെ എക്കാലത്തും പിന്തുണച്ചിരുന്ന ഈഴവ സമുദായ വോട്ടുകളില്‍ നല്ലൊരു ശതമാനം വഴിമാറിപ്പോയതും ഇടതുപരാജയത്തിന്റെ ആഘാതം കൂട്ടി.
എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഇളക്കിമറിച്ചപ്പോള്‍ വീട്ടമ്മമാരുടെ വോട്ടുകള്‍ കൂടെപ്പോന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,86,278 വോട്ടായിരുന്നു എന്‍.ഡി.എയ്ക്ക് കിട്ടിയത്. ഇക്കുറിയത് 2,99,648 വോട്ടായി. ഇതോടെ അര ലക്ഷത്തിനുമേല്‍ വോട്ടുചോര്‍ച്ച ഉണ്ടായത് പാര്‍ട്ടി കമ്മിഷന്‍ വെച്ച് പഠിക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് സി.പി.എം.
കോട്ടയത്ത് അഭിമാനപ്പോരാട്ടം
കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള അഭിമാന പോരാട്ടമായിരുന്നു കോട്ടയത്ത്. യുഡിഎഫ് വോട്ടുകൊണ്ട് ഇടതുപാളയത്തിലേക്ക് ചേക്കേറിയ തോമസ് ചാഴിക്കാടനില്‍ നിന്ന് സീറ്റ് തിരിച്ചുപിടിക്കേണ്ടത് ജോസഫ് ഗ്രൂപ്പിന്റെ ബാധ്യതയായിരുന്നു. ഭരണ വിരുദ്ധ തരംഗത്തില്‍ ജനം പ്രതിഷേധ സന്നദ്ധരായപ്പോള്‍ യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിന് 87,266 വോട്ടിന്റെ ഭൂരിപക്ഷം.
തിളക്കം കുറയാതെ ഡീന്‍
ഇടുക്കിയില്‍ 1,33,727 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഡ്വ ഡീന്‍ കുര്യാക്കോസ് ജയിച്ചുകയറിയത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡീന്‍ നേടിയ 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ല. ഹൈറേഞ്ച് മേഖലയില്‍ നിന്ന് ഇക്കുറി വോട്ട് കുറഞ്ഞു.
സ്വന്തം റെക്കോഡ് തിരുത്തി ഹൈബി
പത്തു ശതമാനത്തോളം പോളിങ് കുറഞ്ഞിട്ടുകൂടി ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിലേക്ക് ഹൈബി കുതിച്ചു. എറണാകുളത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി നേടിയ 169053 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും വലിയ വിജയം. ഇടതുമുന്നണിക്ക് കിട്ടിയ ആകെ വോട്ടിനേക്കാള്‍ കൂടുതല്‍ നേടി 250383 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഹൈബി ഇക്കുറി സ്വന്തം റെക്കോഡ് തിരുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 137531 ലക്ഷം വോട്ടുണ്ടായിരുന്ന എന്‍ഡിഎ കെ.എസ് രാധാകൃഷ്ണനെ രംഗത്തിറക്കി 144500 ആയി വോട്ടുയര്‍ത്തി. അതോടെ യുഡിഎഫിലേക്ക് ഒലിച്ചുപോയ വോട്ടിന്റെ ഉത്തരവാദിത്വം ഇടതുമുന്നണിക്ക് മാത്രമായി.
വിട്ടുകൊടുക്കാതെ ബെന്നി
ചാലക്കുടിയില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയാണ് സിപിഎം കളത്തിലിറങ്ങിയത്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ നിന്ന് ചാലക്കുടിയെ അടര്‍ത്തിയെടുക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിന് സാധിച്ചില്ല. അതേസമയം മികച്ച വിജയത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 132274 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബെന്നി ബഹനാന് സാധിച്ചില്ല. പത്തു ശതമാനത്തോളം പോളിങ് കുറഞ്ഞതിനാല്‍ ഭൂരിപക്ഷം 63754 വോട്ടായി ചുരുങ്ങി. ചാലക്കുടിയില്‍ ട്വന്റി 20 നടത്തിയ മുന്നേറ്റവും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ചു. 1,05,642 വോട്ടാണ് ട്വന്റി 20 പിടിച്ചത്.
Content Highlights: udf advances in central kerala in lok sabha election 2024
Published: 05 Jun 2024, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented