ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിൽ മേയ് മാസത്തിൽ നടന്ന സൈനിക സംഘർഷത്തിനിടെ പാകിസ്താന് ദൈവിക സഹായം ലഭിച്ചതായി പാക് പ്രതിരോധമേധാവി അസിം മുനീർ. ഇന്ത്യയുമായി നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘർഷത്തിനിടെ ഇന്ത്യയ്ക്കെതിരെയുള്ള തിരിച്ചടിയിൽ ‘ദൈവിക ഇടപെടൽ’ അനുഭവിച്ചതായി അസിം മുനീർ അവകാശപ്പെട്ടു. ഡിസംബർ ആദ്യം ഇസ്ലാമാബാദിൽ നടന്ന മതസമ്മേളനത്തിലാണ് മുനീർ ഈ പരാമർശങ്ങൾ നടത്തിയത്.

To advertise here,

ഏകദേശം 1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മേഖലയിൽ (ഇന്നത്തെ സൗദി അറേബ്യ) സൃഷ്ടിക്കപ്പെട്ടുവെന്ന് സങ്കൽപിക്കപ്പെടുന്ന രാജ്യവുമായി പാകിസ്താനെ അസിം മുനീർ താരതമ്യം ചെയ്തു. ലോകത്ത് 57 മുസ്ലിം രാജ്യങ്ങളുണ്ടെന്നും അവയിൽ പുണ്യനഗരങ്ങളായ മക്കയും മദീനയും സംരക്ഷിക്കുന്നതിന്റെ ബഹുമാനം ദൈവം നൽകിയെന്നും അസിം മുനീർ പറഞ്ഞു.

തെഹ് രീകെ പാകിസ്താൻ (TTP) പാകിസ്താനിൽ നടത്തുന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ് നടത്തുന്നതെന്നും അസിം മുനീർ ആരോപിച്ചു. അതിർത്തി കടന്നുവരുന്ന ഭീകരവാദത്തിൽ ഭൂരിഭാഗവും അഫ്ഗാനിസ്ഥാൻ പൗരന്മാരാണെന്നും മുനീർ കൂട്ടിച്ചേർത്തു. ഒരു ഇസ്ലാമിക രാജ്യത്ത് ഭരണകൂടത്തിന് മാത്രമേ ജിഹാദിന് ഉത്തരവിടാൻ കഴിയൂ എന്നും മുനീർ സമ്മേളനത്തിൽ പറഞ്ഞു.

26 നിരപരാധികളെ കൊന്നൊടുക്കിയ പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മേയ് 7നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഭീകരവാദകേന്ദ്രങ്ങളും വ്യോമതാവളങ്ങളും ഇന്ത്യയുടെ ആക്രമണങ്ങളിൽ തകർന്നു തരിപ്പണമായിരുന്നു. മേയ് 10ന് സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തു.