ഇസ്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഭീകരരുമായി താരതമ്യം ചെയ്ത് പാകിസ്താനിലെ ഗവർണർ. ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായതു മുതൽ ഇന്ത്യയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ അവസാനത്തേതാണിത്.

To advertise here,

പാകിസ്താനിലെ സിന്ധ് പ്രവിശ്യയുടെ ഗവർണറായ കമ്രാൻ ടെസ്സോറിയാണ് വീഡിയോയിൽ ഇന്ത്യൻ താരങ്ങളെ ഭീകരരുമായി താരതമ്യം ചെയ്തത്. ടീം ഇന്ത്യയെയും ബിസിസിഐയെയും കബളിപ്പിച്ചതിന് പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ എസിസി ചെയർമാൻ മുഹ്‌സിൻ നഖ്‌വിയെ അദ്ദേഹം പ്രശംസിക്കുക കൂടി ചെയ്യുന്നുണ്ട്.

നഖ്‌വി സമ്മാനദാന ചടങ്ങിൽനിന്ന് പോയതിന് ശേഷം മറ്റാരെങ്കിലും ട്രോഫി നൽകുമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നെങ്കിലും പാകിസ്താന്റെ ആഭ്യന്തര മന്ത്രി ഭീകരരോടെന്ന പോലെ അവരോട് പെരുമാറുകയും ട്രോഫി എടുത്തുകൊണ്ടുപോവുകയും ചെയ്തുവെന്നാണ് ടെസ്സോറി പറയുന്നത്.

'ഇന്ത്യൻ ടീം ട്രോഫി വാങ്ങാതിരിന്നപ്പോൾ അദ്ദേഹം ക്ഷമയോടെ അവിടെത്തന്നെ നിന്നു. നഖ്‌വി പോയിക്കഴിഞ്ഞാൽ മറ്റൊരാളിൽനിന്ന് ട്രോഫി വാങ്ങാമെന്ന് അവർ കരുതിയിരിക്കാം. പക്ഷേ, നമ്മുടെ ചെയർമാൻ പാകിസ്താന്റെആഭ്യന്തര മന്ത്രി കൂടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ചെയർമാൻ ടീം ഇന്ത്യയോട് ഭീകരരെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം ട്രോഫി കാറിൽ കൊണ്ടുപോയി. ഇപ്പോൾ ഇന്ത്യ മുഴുവൻ ആ ട്രോഫിക്ക് പിന്നാലെ ഓടുകയാണ്.' ടെസ്സോറി പരിഹസിച്ചു.

ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം നേടിയത്, എന്നാൽ പ്രതിഷേധ സൂചകമായി നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ ടീം വിസമ്മതിച്ചു. ഒരു മണിക്കൂറിനു ശേഷം നഖ്‌വി ട്രോഫിയും കൂടെ കൊണ്ടുപോയി. ദുബായിലെ എസിസി ഓഫീസിൽനിന്ന് ട്രോഫി അബുദാബിയിലേക്ക് നഖ്‌വി മാറ്റിയതായി റിപ്പോർട്ട് ഉണ്ട്.