മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകൻ ഗൗതം ഗംഭീർ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. ഇന്ത്യൻ ടീം മോശം പ്രകടനം നടത്തുമ്പോഴെല്ലാം ഗംഭീറിന് നേരെ ചോദ്യങ്ങളുണ്ടാകാറുണ്ട്. ഗംഭീറിന് പകരക്കാരനായി പല പേരുകളും പറഞ്ഞുകേൾക്കാറുമുണ്ട്. ആ പേരുകളിൽ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ മുൻ താരങ്ങളായ വി.വി.എസ് ലക്ഷ്മണും ആശിഷ് നെഹ്‌റയും. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് നെഹ്‌റ. അടുത്തിടെ ഇന്ത്യയുടെ പരിശീലകനാകാനുള്ള സാധ്യതയെ കുറിച്ച് സംസാരിച്ച നെഹ്‌റ തനിക്ക് പ്രത്യേക ലക്ഷ്യങ്ങൡല്ലെന്നും അത്തരം കാര്യങ്ങൾ സംഭവിക്കുമെങ്കിൽ അനുഗ്രഹമായി കരുതുമെന്നും വ്യക്തമാക്കി.

To advertise here,

'മോഹം എന്ന വാക്ക് ഞാൻ ഉപയോഗിക്കാറേയില്ല. ഒന്നും നേരത്തെ ആസൂത്രണം ചെയ്യാറില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്ഡ അത് വലിയ ബഹുമതിയും അനുഗ്രഹവുമായി കരുതും. അങ്ങനെ ഒരു ലക്ഷ്യം എനിക്കില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ഞാൻ ഇപ്പോൾ എവിടെയാണോ അവിടെ വളരെ സന്തുഷ്ടനാണ്.'-നെഹ്‌റ വ്യക്തമാക്കി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗുജറാത്തിന്റെ കാര്യമെടുത്താൽ നിങ്ങൾ നന്നായി ചെയ്തു എന്ന് എല്ലാവരും പറയുന്നു. എന്നാൽ അത് എന്റെ മാത്രം മികവല്ല. ടീമിന്റെ ഒത്തൊരുമയാണ്. ക്യാപ്റ്റനും പരിശീലകനും എപ്പോഴും മുന്നിൽ നിൽക്കുമ്പോൾ കാര്യങ്ങൾ അങ്ങനെ സംഭവിക്കും.'-നെഹ്‌റ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ക്ഷണം ലഭിച്ചാൽ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടി വരുമെന്നും നെഹ്‌റ കൂട്ടിച്ചേർത്തു. 'ഇപ്പോൾ ഇതിന് മറുപടി നൽകുക വളരെ ബുദ്ധിമുട്ടാണ്. ഒന്നാമതായി, ഞാൻ ഹൈക്കമ്മിഷനോട് അതായത് എന്റെ ഭാര്യയോട് ചോദിക്കണം. അല്ലെങ്കിൽ എനിക്ക് വിവാഹമോചനം നേരിടേണ്ടി വരും. ഇത് എട്ടോ ഒൻപതോ മാസം യാത്ര ചെയ്യേണ്ട ജോലിയാണ്. അത് അത്ര എളുപ്പമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്ഡ ആരും മൂന്നോ നാലോ വർഷത്തിൽ കൂടുതൽ ആരും ഈ പദവിയിൽ തുടരില്ല. കാരണം അത്രത്തോളം സമ്മർദ്ദം അനുഭവിക്കേണ്ടി വരും. ഒപ്പം നിരന്തരമായി യാത്രയും ചെയ്യേണ്ടി വരും. '- അദ്ദേഹം വ്യക്തമാക്കി.

2022-ലാണ് നെഹ്‌റ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനാകുന്നത്. ആ സീസണിൽ ഗുജറാത്ത് കിരീടം നേടുകയും ചെയ്തു. 2023-ലും 2026-ലും ഗുജറാത്ത് ഫൈനലിലെത്തുകയും ചെയ്തു.