ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായ എൻവിഡിയയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം തുടങ്ങി. എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡന്റായ കിംബർലി പവലുമായി ഹുവാങ്ങിനുള്ള ബന്ധത്തെക്കുറിച്ച് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഹോട്ടലിൽ ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

To advertise here,

ഇതേത്തുടർന്നാണ് അടിയന്തര യോഗം ചേരാൻ എൻവിഡിയ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. നിലവിൽ ഹുവാങ്ങിന്റെ പേരിലുള്ള മറ്റ് ആഭ്യന്തര അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ ബോർഡിന്റെ നീക്കം വിപണി ഉറ്റുനോക്കുകയാണ്.

ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലൂടെ ചൈനീസ് വനിതയുമായി ബന്ധമുണ്ടെന്ന് ഹുവാങ് നേരത്തേ സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് ബോർഡ് സ്വതന്ത്ര അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടാമത്തെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായാണ് ഹുവാങ്ങിന് ആദ്യ ബന്ധമുണ്ടായിരുന്നത്. ആലീസ് ചൈനീസ് ചാരവനിതയാണെന്നാണ് യു.എസ്. ഇന്റലിജൻസിന്റെ കണ്ടെത്തൽ. ആഗോളതലത്തിൽ മുൻപന്തിയിലുള്ള എൻവിഡിയയുടെ അത്യാധുനിക എ.ഐ. ചിപ്പ് ആർക്കിടെക്ചർ, വിപണിയിലെ തന്ത്രപ്രധാനമായ നിർണായക സാങ്കേതികവിദ്യകൾ, സപ്ലൈ ചെയിൻ വിവരങ്ങൾ എന്നിവ ചോർത്താൻ ഇതിലൂടെ സാധിച്ചിരിക്കാം എന്ന് യു.എസ്. സംശയിക്കുന്നു. അതുകൊണ്ടുതന്നെ കോർപ്പറേറ്റ് ചട്ടലംഘനം എന്നതിലുപരി ഗുരുതരമായ സുരക്ഷാഭീഷണിയായാണ് ഇതിനെ യു.എസ്. രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.

മാറ്റം തിരിച്ചടിയായേക്കാം

കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമായി നിലനിൽക്കുന്ന സ്ഥാപകനെ പെട്ടെന്നു മാറ്റുന്നത് എൻവിഡിയയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

ഹുവാങ്ങിനു പകരം സി.ഇ.ഒ. സ്ഥാനത്തേക്ക് യോജിച്ചവരെ കണ്ടെത്താൻ തിരക്കിട്ട അന്വേഷണത്തിലാണ് ബോർഡ് എന്ന് 'ബ്ലൂംബർഗ്' റിപ്പോർട്ട് ചെയ്യുന്നു. സ്ഥിരം സി.ഇ.ഒ.യെ കണ്ടെത്തുന്നതുവരെ താത്കാലിക സി.ഇ.ഒ.യെ നിയമിക്കുന്ന കാര്യവും ഡയറക്ടർ ബോർഡിന്റെ പരിഗണനയിലുണ്ട്.

  • 1993-ൽ എൻവിഡിയ സ്ഥാപിച്ചതു മുതൽ കമ്പനിയുടെ ഏക സി.ഇ.ഒ. ആയി തുടരുന്നത് ജൻസൻ ഹുവാങ് ആണ്.
  • ഹുവാങ്ങിന് എൻവിഡിയയിൽ 3.6 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
  • ഉന്നത ഉദ്യോഗസ്ഥരിൽ ഏറെയും ഹുവാങ്ങിന് നേരിട്ടു റിപ്പോർട്ട് ചെയ്യുന്നു; പകരം ഒരു പിൻഗാമി നിലവിലില്ല.
  • ഹുവാങ്ങിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഓഹരി മൂല്യം ഏഴു ലക്ഷം ശതമാനത്തിലധികം (700,000%) വർധനവാണ് രേഖപ്പെടുത്തിയത്.

കമ്പനിക്ക് അഭൂതപൂർവമായ കുതിപ്പും സാമ്പത്തിക നേട്ടവും നൽകിയ സി.ഇ.ഒ.യെ കോർപ്പറേറ്റ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കുമ്പോൾ ഉണ്ടാകുന്ന വൻ സാമ്പത്തികനഷ്ടസാധ്യത ബോർഡിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ബോർഡ് റൂം കടന്ന് പ്രതിസന്ധി നിയമപോരാട്ടങ്ങളിലേക്ക് വഴിമാറുകയാണ്.

ചാരക്കേസ് വെളിപ്പെടുത്തലുകളും കോർപ്പറേറ്റ് ചട്ടലംഘനവും ഓഹരി വിപണിയിൽ ആശങ്ക പടർത്തിയതോടെ, ഹുവാങ്ങിനും എൻവിഡിയയ്ക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിക്ഷേപകർ കൂട്ടഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ നിയമനടപടികൾക്കു പുറമേ, ആരോപണങ്ങളെക്കുറിച്ച് അടച്ചിട്ട മുറിയിൽ വിശദീകരണം നൽകാനുള്ള യു.എസ്. ഭരണകൂടത്തിന്റെ അഭ്യർഥനയോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ ഹുവാങ്ങിന് കോൺഗ്രഷണൽ സമൻസ് നേരിടേണ്ടി വരും. ആഗോള ടെക് ലോകത്തിനു മുന്നിൽ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് ഇത് എത്തിച്ചേക്കാം.