
വാഷിങ്ടൺ: അമേരിക്കൻ ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുത്ത ബന്ധമുള്ള പ്രമുഖ ചൈനീസ് ബിസിനസ് വനിത ചൈനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഗാസ്പീഡ് എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായ അലിസ് ഹുവാങ് (ഹുവാങ് ലെ) ആണ് ഈ വിവരച്ചോർച്ചയ്ക്ക് പിന്നിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അത്യാധുനിക എൻവിഡിയ എ.ഐ ചിപ്പുകൾ നിയമവിരുദ്ധമായി ചൈനയിലേക്ക് തിരിച്ചുവിട്ടെന്ന ആരോപണത്തിൽ മേഗാസ്പീഡ് നിലവിൽ അമേരിക്കയുടെ നിരീക്ഷണത്തിലാണ്. അമേരിക്കൻ പൗരനുമായി അലിസ് ഹുവാങ് ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ നടത്തിയ ആശയവിനിമയം നിരീക്ഷിച്ചപ്പോഴാണ് എൻവിഡിയ മേധാവിയായ ജെൻസൻ ഹുവാങ്ങിലേക്ക് അന്വേഷണ ഏജൻസികളെത്തിയത്. അൺമാസ്കിങ് പ്രക്രിയയിലൂടെയാണ് ഈ വ്യക്തി ജെൻസൻ ഹുവാങ് ആണെന്ന് തിരിച്ചറിഞ്ഞത്.
തുടക്കത്തിൽ അലിസ് ഹുവാങ്ങിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജെൻസൻ ഹുവാങ്ങിന് അറിവുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ കരുതിയെങ്കിലും ചില മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇതിൽ സംശയമുണ്ട്. 2024 ജൂണിനും 2026 ഫെബ്രുവരിയ്ക്കും ഇടയിൽ മേഗാസ്പീഡിന്റെ മലേഷ്യൻ സഹോദര സ്ഥാപനം എൻവിഡിയ ചിപ്പുകളുള്ള 4.8 ബില്യൺ ഡോളറിന്റെ അത്യാധുനിക എ.ഐ സാങ്കേതികവിദ്യകൾ വാങ്ങിയിട്ടുണ്ട്. ഇവർ തെക്കുകിഴക്കൻ ഏഷ്യയിൽ ഡാറ്റാ സെന്ററുകൾ നിർമ്മിച്ച് കമ്പ്യൂട്ടിങ് ശേഷി, അലിബാബ ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികൾക്ക് വാടകയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. ഇതിൽ ചില ചിപ്പുകൾ നിയമവിരുദ്ധമായി ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന് അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
അലിസ് ഹുവാങ്ങുമായുള്ള മീറ്റിങുകൾ ബിസിനസ്സ് കാര്യങ്ങൾ മാത്രമാണെന്നും, ആയിരക്കണക്കിന് ഉപഭോക്താക്കളുമായി ജെൻസൻ ഹുവാങ് സംസാരിക്കാറുണ്ടെന്നും എൻവിഡിയ വ്യക്തമാക്കി. മേഗാസ്പീഡിന് ലഭിക്കുന്നത് സാധാരണ ബിസിനസ് വിവരങ്ങൾ മാത്രമാണെന്നും വാണിജ്യ രഹസ്യങ്ങളോ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെന്നും കമ്പനി അറിയിച്ചു.
മലേഷ്യയിലെ ഡാറ്റാ സെന്റർ സന്ദർശിച്ച ഉദ്യോഗസ്ഥർ എൻവിഡിയ ഉപകരണങ്ങൾ പെട്ടികളിൽ തുറക്കാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് 2024 അവസാനത്തോടെ അമേരിക്കൻ വാണിജ്യ വകുപ്പ് ആരംഭിച്ച അന്വേഷണം പിന്നീട് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് കൈമാറി. അതേസമയം, അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെ അടിസ്ഥാനരഹിതമായ അപവാദപ്രചരണം എന്ന് വിശേഷിപ്പിച്ച് ചൈന തള്ളിക്കളഞ്ഞു. അടുത്ത മാസം ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
Published: 30 Oct 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented