ലോകത്തെ മുൻനിര ടെക് കമ്പനികൾ നിർമിതബുദ്ധി (എഐ)യിൽ ഭീമമായ നിക്ഷേപം നടത്തുന്നതിനെ ന്യായീകരിച്ച് പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്. മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ, ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികൾ ഈ വർഷം ഏകദേശം 700 ബില്യൺ (70,000 കോടി) ഡോളർ എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.

To advertise here,

മെറ്റ മാത്രം 135 ബില്യൺ (13500 കോടി) ഡോളർ വരെ ചെലവഴിക്കാൻ പദ്ധതിയിടുന്നുണ്ട്. അതേസമയം ഗൂഗിൾ സമാന പദ്ധതികൾക്കുള്ള ബജറ്റ് 185 ബില്യൺ (18500 കോടി)ഡോളറായി വർദ്ധിപ്പിച്ചിട്ടുണ്ട്.

എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വൻകിട ടെക് കമ്പനികൾ ഭീമമായ തുക ചെലവഴിക്കുന്നത് കുമിളപോലെ പൊട്ടി നഷ്ടപ്പെടില്ല. മറിച്ച് കമ്പ്യൂട്ടിങ്ങിന്റെ പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ജെൻസൺ ഹുവാങ് പറഞ്ഞു. കമ്പനിയുടെ ഞെട്ടിക്കുന്ന നാലാം പാദ വരുമാനത്തെക്കുറിച്ച് സംസാരിക്കവേയാണ് നിക്ഷേപകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പുതിയ കമ്പ്യൂട്ടിങ് രീതിയിൽനിന്ന് ഇനി ഒരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയധികം ഭീമമായ നിക്ഷേപങ്ങൾ നടത്തുന്നത് ഭയപ്പെടുത്തുന്നതാണെന്ന ആശങ്ക അദ്ദേഹം തള്ളി. ലോകം ക്ലാസിക്കൽ കമ്പ്യൂട്ടിങ്ങിനായി പ്രതിവർഷം 300 മുതൽ 400 ബില്യൺ ഡോളർ വരെ നിക്ഷേപിച്ചു. ഇനി എഐ യുടെ കാലമാണ്. ആവശ്യമായ കമ്പ്യൂട്ടേഷന്റെ ശേഷി 1,000 മടങ്ങ് വർധിച്ചിരിക്കുന്നു. ലോകം ആ സാഹചര്യം മുന്നിൽകണ്ട് നിക്ഷേപം നടത്തും. ലോകത്തിന് ആവശ്യമുള്ള നിക്ഷേപം 700 ബില്യൺ ഡോളറിനേക്കാൾ വളരെ കൂടുതലാണ്. എഐയിലെ ഭീമമായ നിക്ഷേപങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എഐ മോഡലുകൾ റോബോട്ടിക്‌സിലും നിർമ്മാണ ഉപകരണങ്ങളിലും സംയോജിപ്പിക്കപ്പെടുന്നതിനാൽ അടുത്ത ഘട്ടം ഫിസിക്കൽ എഐയുടേത് ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എഐയിൽനിന്ന് ഇനി ഒരു തിരിച്ചുപോക്കില്ല. ഇനിയും മെച്ചപ്പെടുക മാത്രമേയുള്ളൂവെന്നും ഹുവാങ് പറഞ്ഞു. ലോകത്തെ പ്രമുഖ നിർമിതബുദ്ധി കമ്പനികൾക്കെല്ലാം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഉയർന്ന നിലവാരമുള്ള ചിപ്പുകൾ നൽകുന്നത് എൻവിഡിയ ആണ്. എഐയുടെ പ്രാധാന്യം വർധിച്ചതോടെ കമ്പനിയുടെ വരുമാനം കുതിച്ചുയരുകയാണ്.