തിംഫു: ഭൂട്ടാനിലെ ഹിമാലയൻ മേഖലയിൽ ഹിമതടാകം തകർന്നതിനെ തുടർന്ന് തുടർന്ന് (ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്) അസമിലെയും പശ്ചിമ ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. അതിർത്തി കടന്നൊഴുകുന്ന നദികളിൽ വൻതോതിൽ ജലനിരപ്പുയരാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇരുസംസ്ഥാനങ്ങളിലെയും അധികൃതർ അടിയന്തര നിരീക്ഷണ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

To advertise here,

വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗസ (Gasa) ജില്ലയിലുള്ള ഷിൻ്റഫു തടാകമാണ് തകർന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മോ ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ചൂടുനീരുറവയായ ഗസ ഷാച്ചുവിലെ സംവിധാനങ്ങൾ പൂർണ്ണമായും ഒലിച്ചുപോയതായാണ് റിപ്പോർട്ടുകൾ. പ്രദേശം മുൻകൂട്ടി ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മോ ചു നദിയുടെ ഉത്ഭവസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഷിൻ്റഫു തടാകം, ഭൂട്ടാനിലെ അപകടസാധ്യതയുള്ള 17 ഹിമതടാകങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2021 ഓഗസ്റ്റിൽ പ്രദേശത്ത് ഇതിനുമുമ്പ് വലിയൊരു മിന്നൽ പ്രളയമുണ്ടായിരുന്നു. അന്ന് കരകവിഞ്ഞൊഴുകിയ മോ ചു നദി ചൂടുനീരുറവയ്ക്ക് സമീപത്തേക്ക് ഗതിമാറി ഒഴുകുകയായിരുന്നു.

ഷിൻ്റഫു തടാകം തകർന്നതിനെ തുടർന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഭൂട്ടാൻ പശ്ചിമ ബംഗാൾ, അസം സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മലനിരകൾ, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകൾ എന്നിവ അപകടസാധ്യതയുള്ളവയിൽ ഉൾപ്പെടുന്നു.