ന്യൂയോർക്ക്: ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബൈനാൻസിൽ (Binance) നടന്ന ഹാക്കിങ്ങിന് കാരണം സ്ഥാപനത്തിലെ എൻജീനിയറുടെ സുരക്ഷിതമല്ലാത്ത ലാപ്‌ടോപ്പാണെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിന്റെയും ഐടി ഓപറേഷന്റെയും ചുമതലകളുള്ള ( ഡെവോപ്‌സ്- DevOps) എൻജിനീയറുടെ ഹാക്ക് ചെയ്യപ്പെട്ട ലാപ്‌ടോപ്പിലൂടെയാണ് ബൈനാൻസിന് നേരെ സൈബറാക്രമണം നടന്നത്. ഹാക്കിങ്ങിലൂടെ സ്ഥാപനത്തിനുണ്ടായ നഷ്ടം 630 കോടി ഡോളറോളം വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

To advertise here,

ഹാക്ക് ചെയ്യപ്പെട്ട ലാപ്ടോപ്പ് വഴി അക്രമികൾക്ക് കമ്പനിയുടെ സർവീസ് കണ്ടെയ്നറിലേക്ക് പ്രവേശനം ലഭിക്കുകയും, അത് ഉപയോഗിച്ച് അനുമതി ഇല്ലാതെ പണം പിൻവലിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ. ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബർ മോഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2025 ഫെബ്രുവരിയിൽ 'ബൈബിറ്റ്' (Bybit) എക്‌സ്‌ചേഞ്ചിൽ നിന്ന് 150 കോടി ഡോളർ കവർന്നതും സമാനമായ രീതിയിലായിരുന്നു.

നഷ്ടപ്പെട്ട 630 കോടി ഡോളറിൽ 300 കോടി ഡോളറിന്റെ ക്രിപ്‌റ്റോ ആസ്തികൾ മരവിപ്പിച്ചതായി ബൈനാൻസ് വ്യക്തമാക്കുന്നു. ബാക്കി 330 കോടി ഡോളറോളമാണ് നിലവിൽ തിരികെ പിടിക്കാനുള്ളത്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബൈനാൻസ് താൽക്കാലികമായി നിക്ഷേപങ്ങളും പിൻവലിക്കലുകളും നിർത്തിവെച്ചിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായും ബ്ലോക്ക്ചെയിൻ ഇന്റലിജൻസ് പങ്കാളികളുമായും കമ്പനി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് ബൈനാൻസ് വ്യക്തമാക്കി. ഹാക്കിങ്ങിനെ തുടർന്ന് വാലറ്റുകളുടെ പ്രൈവറ്റ് കീ ചോർന്നതായി തെളിവുകളൊന്നുമില്ലെന്നും ബൈനാൻസ് വ്യക്തമാക്കി. നഷ്ടം നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.