ടെക് ലോകത്തെ വൻകിട പിരിച്ചുവിടലുകളുടെയും തൊഴിലില്ലായ്മയുടെയും വാർത്തകൾക്കിടയിലാണ് കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഈ കഥ പുറത്തുവരുന്നത്. കമ്പനിയിലെ ഈ 80 ശതമാനത്തോളം ജീവനക്കാരും ഇന്ന് കോടീശ്വരന്മാരാണ് എന്നതാണ് റിപ്പോർട്ട്. ശമ്പളത്തിനൊപ്പം ജോലിഭാരവും ബാധ്യതയും കൂടുന്ന ടെക്കികളല്ല ഇവിടുത്തെ സാധാരണ എൻജിനീയർമാർ. എന്നാൽ ഇന്ന് അമേരിക്കയിലെ സിലിക്കൺ വാലിയിലുള്ള എൻവിഡിയ ആസ്ഥാനത്തെ പാർക്കിംഗ് ലോട്ടുകളിലൂടെ നടക്കുമ്പോൾ കാണുന്ന കാഴ്ച വേറിട്ടതാണ്. വിലകൂടിയ പോർഷെയും ഫെറാറിയും ഓടിക്കുന്നത് അവിടുത്തെ സാധാരണ എൻജീനീയർമാരാണ്

To advertise here,

എൻവിഡിയിൽ നടത്തിയ ഒരു സർവേയിലെ കണക്കുകൾ കണ്ട് സാമ്പത്തിക വിദഗ്ദ്ധർ പോലും ഞെട്ടി: സർവേയിൽ പങ്കെടുത്ത 76-78 ശതമാനം ജീവനക്കാരുടെയും ആസ്തി 1 ദശലക്ഷം ഡോളറിലും (ഏകദേശം 8.3 കോടി രൂപ) മുകളിലാണ്.കൂടാതെ 50ശതമാനത്തോളം ജീവനക്കാർക്ക് 25 ദശലക്ഷം ഡോളറിൽ (ഏകദേശം 200 കോടി രൂപ) അധികം ആസ്തിയുണ്ട്.

ഇന്ന് എൻവിഡിയയുടെ കഫറ്റീരിയയിൽ ഇരുന്ന് കാപ്പി കുടിക്കുമ്പോഴും ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോഴും ജീവനക്കാർ സംസാരിക്കുന്നത് സിനിമയെക്കുറിച്ചോ പുതിയ ഗാഡ്ജറ്റുകളെക്കുറിച്ചോ അല്ല; മറിച്ച് തങ്ങളുടെ റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ചും സ്വന്തമായി വാങ്ങാൻ പോകുന്ന പുതിയ ലക്ഷ്വറിവില്ലകളെക്കുറിച്ചുമൊക്കെയാണ്.

പത്ത് വർഷങ്ങൾക്ക് മുൻപ് കമ്പനിയിൽ സാധാരണ ഡെവലപ്പർമാരായി ചേർന്നവർക്ക് അന്ന് വലിയ ശമ്പളം ലഭിച്ചിരുന്നില്ല. എന്നാൽ ശമ്പളത്തിന്റെ ഒരു ഭാഗമായി ലഭിച്ച 'ഓഹരികൾ' കൈവശം വെച്ചവർ ഇന്ന് തങ്ങളുടെ 40-ാം വയസ്സിൽ പൂർണ്ണ സാമ്പത്തിക സ്വാതന്ത്ര്യം നേടി കഴിഞ്ഞു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനോ വീട് വാങ്ങാനോ വായ്പയെടുക്കാൻ ഭയന്നിരുന്ന പല മധ്യവർഗ്ഗ കുടുംബങ്ങൾക്കും ഈ ഓഹരി കുതിച്ചുചാട്ടം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി.

എൻവിഡിയയുടെ ഓഹരികൾ വാങ്ങാൻ ജീവനക്കാർക്ക് 15 ശതമാനം ഇളവ് നൽകുന്ന പദ്ധതി ഉണ്ടായിരുന്നു. 'എൻവിഡിയ എന്ന കമ്പനി ഭാവി ഭരിക്കും' എന്ന് വിശ്വസിച്ച് സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം മുടക്കി ഓഹരികൾ വാങ്ങിക്കൂട്ടിയ ജീവനക്കാരെ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉണ്ടായിരുന്ന 79%-ത്തിലധികം വരുന്ന ഓഹരി വളർച്ച അക്ഷരാർത്ഥത്തിൽ ശതകോടീശ്വരന്മാരാക്കുകയായിരുന്നു.

ജെൻസൺ ഹുവാങ് എന്ന വഴികാട്ടി

എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ് തന്റെ ട്രേഡ്മാർക്കായ കറുത്ത ലെതർ ജാക്കറ്റണിഞ്ഞ് വാർത്തകളിൽ നിറയുമ്പോൾ, അതിനു പിന്നിൽ സ്വന്തം ടീമിനെ കൂടെനിർത്തി വളർത്തിയ ഒരു നല്ല ലീഡറിന്റെ കഥയുണ്ട്.'കമ്പനി കെട്ടിപ്പടുക്കുന്നത് ഞാനല്ല, എന്റെ ജീവനക്കാരാണ്. ലോകത്തിൽ ഏറ്റവുമധികം ബില്യനയർമാരെ സൃഷ്ടിച്ച മാനേജ്മെന്റ് ടീം എന്റേതാണെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ടെന്നും ജെൻസൺ ഹുവാങ് ഒരിക്കൽ കുറിച്ചു.

മറ്റു പല കമ്പനികളും ലാഭം കൂട്ടുവാൻ ജീവനക്കാരെ പുറത്താക്കുമ്പോൾ, ഹുവാങ് ചെയ്തത് തങ്ങളുടെ വളർച്ചയുടെ ലാഭം മുഴുവൻ ഓഹരികളിലൂടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു. ഒരു രാത്രി കൊണ്ട് പണക്കാരായെങ്കിലും പലരും ജോലി ഉപേക്ഷിച്ചു പോകാൻ തയ്യാറല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നതിൽ തങ്ങളും പങ്കാളികളാണ് എന്ന അഭിമാനമാണ് അവർക്ക് ഓരോരുത്തർക്കും.

ഒരു കോർപ്പറേറ്റ് കമ്പനിക്ക് സ്വന്തം ജീവനക്കാരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി എൻവിഡിയയുടെ പാഠം ലോകത്തിന് മുന്നിലുണ്ട്.