
ഡൊണാള്‍ഡ് ട്രംപ്, സൊഹ്‌റാന്‍ മംദാനിയും ഭാര്യ റമ ദുവാജിയും | Photo: AFP
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നതും യുഎസിലെ ഷട്ഡൗണുമാണ് പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
''ട്രംപ് ബാലറ്റില്‍ ഇല്ലായിരുന്നു, പിന്നെ ഷട്ഡൗണും. ഇതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ രണ്ടുകാരണങ്ങളായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം രാജ്യത്ത് നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ന്യൂയോര്‍ക്ക്, വിര്‍ജിനിയ, ന്യൂജേഴ്‌സ് എന്നീ മൂന്ന് പ്രധാനനഗരങ്ങളിലും ഡെമക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. അടുത്തവര്‍ഷം യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമക്രാറ്റിക് പാര്‍ട്ടിക്ക് ഇത് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.
ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായാണ് ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്. 34-കാരനായ അദ്ദേഹം ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍, ഇന്ത്യന്‍ വംശജനായ മേയറുമാണ്.
മംദാനിയെ ശക്തമായി എതിര്‍ത്തയാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ സാമ്പത്തികമായും സാമൂഹികമായും ന്യൂയോര്‍ക്ക് സമ്പൂര്‍ണ ദുരന്തത്തിലാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'കമ്യൂണിസ്റ്റ്' മംദാനി ജയിച്ചാല്‍ നാമമാത്രമായ ഫെഡറല്‍ സഹായധനമേ ന്യൂയോര്‍ക്കിന് നല്‍കൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുംചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെ ജയിപ്പിക്കണമെന്നും ട്രംപ് ജനങ്ങളോട് ആഹ്വാനംചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്‌ലീവയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു മംദാനിയുടെ വിജയം.
ന്യൂയോര്‍ക്കിന് പുറമേ വിര്‍ജിനിയയിലും ന്യൂജേഴ്‌സിയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിന്‍സം ഏര്‍ലി സിയേഴ്‌സിനെയാണ് അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. ന്യൂജേഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്ക് സിയാറ്ററെല്ലിയെ പരാജയപ്പെടുത്തി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി മിക്കി ഷെറിലും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: US President Donald Trump reacts to Republican Party`s major defeats in New York & other elections, citing his absence from the ballot and the government shutdown as key factors. Read details.
Published: 05 Nov 2025, 10:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented