ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ ഭീകരാക്രമണ ശ്രമം നടത്തിയ ഒമാൻ പൗരനും സഹപൈലറ്റുമായ ഹമാം അൽ-ഹമ്മാമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് വിമാനം പറത്തുന്നതിൽനിന്ന് ഇയാളെ മുൻപ് ഒമാൻ അധികൃതർ വിലക്കിയിരുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈ ദുബായിൽ ഫസ്റ്റ് ഓഫീസറായി ചേരുന്നതിന് മുൻപ് യു.എ.ഇ, ഒമാൻ, സിറിയ, മൊറോക്കോ എന്നിവിടങ്ങളിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.

To advertise here,

വിമാനം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇയാൾക്ക് തീവ്രവാദ ആശയങ്ങൾ ലഭിച്ചത് സിറിയയിൽ നിന്നാണെന്നുമാണ് കരുതുന്നത്. എന്നാൽ ഇയാളുടെ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കുറിച്ച് ഇനിയും വ്യക്തത വരാത്ത കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് സിറിയയിൽ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ചാണ് കൂടുതൽ അനിശ്ചിതത്വമുള്ളത്.

യു.എ.ഇയിൽ ജനിച്ച ഇയാളുടെ പിതാവ് ഒമാൻ പൗരനും മാതാവ് സിറിയൻ സ്വദേശിയുമാണ്. 1996-ലോ 1997-ലോ ആണ് ഇയാളുടെ ജനനമെന്നാണ് കരുതുന്നത്. 2011-നും 2017-നും ഇടയിലുള്ള കാലയളവിലാണ് ഇയാൾ സിറിയയിലുണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമല്ല. 2018 ഫെബ്രുവരിയിലാണ് ഇയാൾ ഒമാനി ഏവിയേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഏഴു വർഷത്തോളം അവിടെ ജോലി ചെയ്ത ഇയാൾ 2025 ഫെബ്രുവരിയിലാണ് അവിടെനിന്ന് മാറിയത്.

ഒമാനി ഏവിയേഷനിൽ ജോലി ചെയ്യുന്നതിനൊപ്പം യുകെയിലെ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽനിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ഇയാൾ പഠനം നടത്തിയിരുന്നു. ബ്രിട്ടനിൽ നേരിട്ട് താമസിക്കാതെയാണ് ഇയാൾ കോഴ്സ് പൂർത്തിയാക്കിയത്. 2023-ലായിരുന്നു ബിരുദദാനം. 2022 ജനുവരി മുതൽ ഒമാനി ഏവിയേഷനിൽ ബോയിങ് 737 വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായി ഇയാൾ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2024-ൽ തീവ്രവാദ ഉള്ളടക്കങ്ങൾ കണ്ടെത്തുകയും ചിന്താഗതികളിൽ സംശയം ഉയരുകയും ചെയ്തതോടെ ഇയാളെ വിമാനം പറപ്പിക്കുന്നതിന്റെ ചുമതലകളിൽനിന്ന് ഒഴിവാക്കി കമ്പനിയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് മാറ്റി. സിറിയയിലെ താമസത്തിനിടയിലാണ് ഇയാൾക്ക് തീവ്രവാദ ആശയങ്ങൾ ലഭിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. ഇയാൾക്ക് ഏതെങ്കിലും പ്രത്യേക സംഘടനയുമായി ബന്ധമുണ്ടോ എന്നതിൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

2025 ഫെബ്രുവരിയിൽ ഒമാനി ഏവിയേഷൻ വിട്ട ഇയാൾ നാല് മാസത്തിനുശേഷം റോയൽ എയർ മൊറോക്കോയിൽ ചേർന്നു. ഏഴ് മാസത്തോളം അവിടെ ജോലി ചെയ്തശേഷം 2026 ജനുവരിയിൽ ആ കമ്പനി വിട്ടു. തുടർന്ന് 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായിൽ ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ എട്ട് മാസത്തോളമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന യു.എ.ഇ. അധികൃതർ ഇതൊരു ഭീകരാക്രമണ ശ്രമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഹമാമിന്റെ പശ്ചാത്തലം, ഔദ്യോഗിക ജീവിതം, ഇലക്ട്രോണിക് ഇടപാടുകൾ, ഫോൺ സംഭാഷണങ്ങൾ, വിവിധ എയർലൈനുകൾ മാറിയതിന്റെ കാരണം എന്നിവ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.