വാഷിങ്ടൺ: മാഗ(മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തെ അനുകൂലിച്ചിരുന്ന തീപ്പൊരി നേതാവും യുഎസ് കോൺഗ്രസ് അംഗവുമായ മാർജറി ടെയ്‌ലർ ഗ്രീനിനെ തള്ളി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർജറിക്കുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. തീവ്ര വലതുപക്ഷ നിലപാടുള്ള മാർജറിയെ വെളിവില്ലാത്ത വിഡ്ഢിയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇതറിയിച്ചത്. ''കോൺഗ്രസ് വുമൺ മാർജറി ടെയ്‌ലർ ഗ്രീനിനുള്ള എന്റെ പിന്തുണയും അംഗീകാരവും ഞാൻ പിൻവലിക്കുകയാണ്. എല്ലാ കാര്യത്തിലും പരാതി മാത്രം പറയുന്ന സ്ത്രീയായാണ് മാർജറിയെ ഞാൻ കാണുന്നത്!' അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേയാണ് ട്രംപിന്റെ ഈ നടപടി. ജീവിതച്ചെലവ്, ജെഫ്രി എപ്‌സ്റ്റൈൻ വിവാദം എന്നിവയിൽ ട്രംപ് കടുത്ത വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപ് മാർജറിയെ തള്ളിപ്പറയുന്നത്.
മാർജറിയുടെ സംസ്ഥാനമായ ജോർജിയയിലെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ അവർക്കെതിരെ മത്സരിച്ചാൽ എതിരാളിയെ പിന്തുണയ്ക്കാൻ താൻ തയ്യാറാകുമെന്നും ട്രംപ് പറഞ്ഞു. അവിടുത്തെ ജനങ്ങൾക്ക് അവരെയും അവരുടെ കോപ്രായങ്ങളെയും മടുത്തുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. മാർജറി തീവ്ര ഇടതുപക്ഷത്തേക്ക് പോയിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താനിനി ട്രംപിനെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നല്ലെന്ന് പറഞ്ഞാണ് മാർജറി പ്രതികരിച്ചത്. എപ്‌സ്റ്റൈൻ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകകളും പുറത്തുവിടാൻ ആവശ്യപ്പെടണമെന്ന നീക്കത്തെ താൻ പിന്തുണയ്ക്കുന്നതു കൊണ്ടാണ് ട്രംപ് തന്നെ ആക്രമിക്കുന്നതെന്നും ഇത് പാർട്ടിക്കാർക്കുള്ള മുന്നറിയിപ്പാണെന്നും അവർ പറഞ്ഞു.
തീപ്പൊരി നേതാവായ 51-കാരിയായ മാർജറി അടുത്തിടെവരെ ട്രംപിന്റെ കടുത്ത ആരാധികയായിരുന്നു. മാർച്ചിൽ ട്രംപ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ 'ട്രംപ് പറയുന്നതെല്ലാം ശരി' എന്ന് എഴുതിയ തൊപ്പിവരെ അവർ ധരിച്ചിരുന്നു.
ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ചു മാർജറി രംഗത്തുവന്നതോടെയാണ് മാർജറി ട്രംപുമായി തെറ്റുന്നത്. ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിലും മാർജറി വിമർശനം ഉന്നയിച്ചിട്ടുണ്ട്. വിദേശനയങ്ങൾക്കും സമാധാന കരാറുകൾക്കും പകരം ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് ട്രംപിനോട് അവർ ആവശ്യപ്പെട്ടത്.
Content Highlights: Donald Trump rescinds his endorsement for Marjorie Taylor Greene, labeling her a `ranting lunatic` amid growing disagreements. Explore this major rift in the MAGA movement.
Published: 15 Nov 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented